ramesh-chennithala

തിരുവനന്തപുരം: സ്‌പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരി വിതരണം തടയണമെന്ന നിലപാടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് അരിവിതരണം ചെയ്യുന്നത് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. സ്‌പെഷ്യൽ അരി വിതരണം തുടരാമെന്ന് ഉത്തരവിട്ട കോടതി അരിവിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നിർദ്ദേശവും നൽകി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെയുള്ള സർക്കാർ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അരിവിതരണം തടഞ്ഞത്. വിഷു കിറ്റും ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ തുകയും ഏപ്രിൽ ആറിന് മുമ്പ് നൽകാനുള്ള തീരുമാനം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനെന്ന് കാട്ടി രമേശ് ചെന്നിത്തല പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ അന്നം മുടക്കാൻ യു.ഡി.എഫ് എന്നതരത്തിൽ സോഷ്യൽ മീഡിയയിൽ എൽ.ഡി.എഫ് വ്യാപക പ്രചാരണം നടത്തിയിരുന്നു.