
ദുബായ് : യു.എ.ഇയ്ക്ക് എതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ മറുപടിയില്ലാത്ത ആറുഗോളുകൾക്ക് തോറ്റ് ഇന്ത്യ. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങിയിരുന്ന ഇന്ത്യ രണ്ടാം പകുതിയിൽ നാലുഗോളുകളാണ് വാരിക്കൂട്ടിയത്.ഹാട്രിക്ക് നേടിയ അലി മബ്കൂത്തും ഓരോ ഗോൾ നേടിയ ഫാബിയോ ലിമയും ഖലീൽ ഇബ്രാഹിമും സെബാസ്റ്റ്യൻ തബ്‌ലിയാഗുവും ചേർന്നാണ് ഇന്ത്യയെ തകർത്തുകളഞ്ഞത്.
12,32,60 മിനിട്ടുകളിലാണ് അലി മബ്കൂത്ത് ഗോളുകൾ നേടിയത്.64-ാം മിനിട്ടിലായിരുന്നു ഖലീലിന്റെ ഗോൾ.ലിമ 71-ാം മിനിട്ടിലും തബ്‌ലിയാഗു 84-ാം മിനിട്ടിലുമാണ് സ്കോർ ചെയ്തത്.
കഴിഞ്ഞ ദിവസം ഒമാനുമായി സമനിലയിൽ പിരിഞ്ഞ മത്സരത്തിലെ സ്റ്റാർട്ടിംഗ് ഇലവനിൽ എട്ട് മാറ്റങ്ങൾ വരുത്തിയാണ് കോച്ച് ഇഗോർ സ്റ്റിമാച്ച് ഇന്നലെ ഇന്ത്യൻ ടീമിനെ കളത്തിലിറക്കിയത്. ലിസ്റ്റൻ കൊളാക്കോ നന്നലെ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചു.
12-ാം മിനിട്ടിൽ ഫാബിയോ ലിമയിൽ യിൽ നിന്നുള്ള ലോംഗ് പാസ് സ്വീകരിച്ചശേഷം ഇന്ത്യയുടെ ഓഫ്സൈഡ് കെണി സമർത്ഥമായി മറികടന്ന് അലി മബ്കൂത്താണ് യു.എ.ഇയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്.30-ാം മിനിട്ടിലെ ആദിൽ ഖാന്റെ ഹാൻഡ്ബാൾ ഫൗളിന് ലഭിച്ച പെനാൽറ്റിയാണ് ആതിഥേയരുടെ രണ്ടാം ഗോളായി മാറിയത്. മബ്കൂത്ത് തന്നെയാണ് പെനാൽറ്റി വലയിലാക്കിയത്. ഗുർപ്രീത് സിംഗാണ് ഇന്നലെ ഇന്ത്യൻ വലകാത്തത്.
മത്സരത്തിന്റെ തുടക്കം മുതൽ യു.എ.ഇ ആധിപത്യം പുലർത്തുകയായിരുന്നു. ഭാഗ്യത്തിനാണ് ആദ്യ പകുതിയിൽ കൂടുതൽ ഗോളുകൾ വഴങ്ങുന്നതിൽ നിന്ന് ഇന്ത്യ രക്ഷപെട്ടത്.എന്നാൽ രണ്ടാം പകുതിയിൽ ഇന്ത്യയെ രക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ല.