mm-mani

തിരുവനന്തപുരം: അന്നം മുടക്കാൻ യു.ഡി.എഫ് എന്ന പേരിൽ വൈദ്യുത മന്ത്രി എം.എം. മണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കെതിരെ പ്രതിഷേധം. കേരളത്തിലെ ജനങ്ങളെ ഭിക്ഷക്കാരോടുപമിച്ചു എന്നാരോപിച്ചാണ് ഫേസ്ബുക്കിൽ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.

mm-mani

പ്രതിപക്ഷ നേതാവിന്റെ പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിന്റെ സ്‌പെഷ്യൽ അരിവിതരണം വിലക്കിയതിനുപിന്നാലെ എൽ.ഡി.എഫ് അന്നം മുടക്കാൻ യു.ഡി.എഫ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രി യു.ഡി.എഫിന്റെ നടപടിയെ ഭിക്ഷക്കാരന്റെ ചോറ്റിൽ മണ്ണുവാരിയിടുന്ന സിനിമയിലെ രംഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

pranchiyettan-the-saint

"#അന്നം_മുടക്കാൻ_UDF സിനിമയിൽ ചിരി പടർത്തിയ ഈ രംഗം UDF ജീവിതത്തിൽ പകർന്നാടിയപ്പോൾ ഒരുപാട് കുടുംബങ്ങളിൽ നിരാശ പടർത്തി" എന്ന തലക്കെട്ടോയെയാണ് മന്ത്രി പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് എന്ന ചിത്രത്തിലെ വീഡിയോ ഷെയർ ചെയ്തത്. പിന്നാലെ പോസ്റ്റിനെതിരെ പ്രതിഷേധവുമായി നിരവധിപ്പേർ കമന്റ് ബോക്സിൽ എത്തുകയായിരുന്നു.

mm-mani

അന്തസായി വിദേശത്തും അന്യസംസ്ഥാനത്തും പോയി പണിയെടുക്കുന്ന മലയാളിയെ പിച്ച ചട്ടി കൈയ്യിൽ കൊടുത്തു സ്ഥാനക്കയറ്റം നൽകിയത് ശരിയായില്ല, എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു ഭരണത്തിൽ കയറിയിട്ട് വോട്ട് തന്നവരെ ഭിക്ഷക്കാരൻ എന്ന് തന്നെ വിളിക്കണം തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ യു.ഡി.എഫ് അനുകൂല ഗ്രൂപ്പുകളിലും പേജുകളിലും വീഡിയോയുടെ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിക്കുകയാണ്.