voters-list

കൊച്ചി: സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് തടയാൻ കർശന നടപടി വേണമെന്ന് ഹൈക്കോടതി. വോട്ടർ പട്ടികയിൽ ഗുരുതര പിശകുകൾ ഉണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഇരട്ട വോട്ട് തടയാൻ പോളിംഗ് സ്‌റ്റേഷനുകളിൽ ആവശ്യമെങ്കിൽ സംസ്ഥാന പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

ഉത്തരവ് നടപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണം. ഇത്രയധികം ഇരട്ടവോട്ടുകൾ കണ്ടെത്താൻ രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞുവെങ്കിൽ, എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സാധിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. വോട്ട് എങ്ങനെ നീക്കം ചെയ്യാനാകുമെന്ന് ചൊവ്വാഴ്ച അറിയിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും.

ഇരട്ടവോട്ടുകൾ ജനാധിപത്യത്തിൽ മായം ചേർക്കലാണെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ കർശന ഇടപെടലിന് പിന്നാലെ ഹൈക്കോടതി നിർദേശം കർശനമായി നടപ്പാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കറാം മീണ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ നാലു ലക്ഷത്തിലധികം ഇരട്ടവോട്ടുകളും വ്യാജ വോട്ടുകളുമുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഹർജി.