
കണ്ണുകൾ കഥ പറഞ്ഞു (കഥ)
''എന്റെ മുഖത്തെ മാസ്ക്ക് പോലും മാറ്റാതെ നിനക്ക് എങ്ങനെ ഇഷ്ടമായി എന്നു പറഞ്ഞു?""
ആദ്യരാത്രിയിൽ പുതു മണവാളൻ മണവാട്ടിയോട് ചോദിച്ചു.
അവൾ ചിരിച്ചു.
''ഉത്തരം പറയൂ.""
അവൾ പതിയെ മൊഴിഞ്ഞു
''നിങ്ങടെ കണ്ണുകൾ എന്നോട് കഥ പറഞ്ഞു.""
അവൾ ചിരിച്ചു.
പിന്നെ പറഞ്ഞു.
''ഞാൻ ഈ പറഞ്ഞത് കേട്ടിട്ട് ഒരു പൈങ്കിളി പെണ്ണ് അല്ലെങ്കിൽ ഒരു പൊട്ടി പെണ്ണ് പറഞ്ഞതായി നിങ്ങൾ ധരിക്കണ്ടാ...""
''ഏയ് ഞാൻ ഒരിക്കലും നിങ്ങളെ അങ്ങനെ കരുതില്ല.""
''വലിയ ബഹുമാനത്തിലൊന്നുമാകേണ്ട.""
''ശരി...""
പുറത്ത് വഴിവിളക്കിന്റെ വെളിച്ചത്തിൽ ധാരാളം ഈയാംപാറ്റങ്ങൾ സസന്തോഷം പറന്നു കളിച്ചു കൊണ്ടിരുന്നു. തങ്ങളുടെ സന്തോഷം ഇപ്പോൾ പറക്കാൻ ഉപകരിക്കുന്ന ചിറകുകൾ കൊഴിഞ്ഞാൽ കഴിഞ്ഞു എന്നത് അവർക്കറിയാമോ? പുതുമണവാളൻ അവിടേക്ക് നോക്കി കൊണ്ടിരുന്നു..
അയാൾ ഒന്ന് ദീർഘ നിശ്വസം വിട്ടു...
പെട്ടെന്ന് അവൾ പറഞ്ഞു
''ഇപ്പോൾ നിങ്ങളുടെ കണ്ണുകളിൽ ഒരു വികാരമുണ്ട്...""
''എന്ത്?""
''ദയയുടെ, കാരുണ്യത്തിന്റെ, വിഷാദത്തിന്റെ, പിന്നെ കരുതലിന്റെ...""
അയാൾ ചിരിച്ചു, അവൾ സഗൗരവം കടുപ്പിച്ച് പറഞ്ഞു.
''ഒത്തിരി പേർ എന്നെ പെണ്ണുകാണാൻ വന്നിട്ടുണ്ട്. വേറെ കുറെ പേർ ഇഷ്ടമാണെന്നും പ്രേമിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. എപ്പോഴെങ്കിലും അവരിൽ ഒരാൾ പോലും കണ്ണിൽ നോക്കി സംസാരിച്ചിട്ടില്ല. പലരുടെയും കണ്ണുകളിൽ പലതും ഒളിപ്പിച്ചിട്ടുള്ളതായി തോന്നി. പല കണ്ണുകളിലും അഹങ്കാരവും ആർത്തിയും വിദ്വേഷവും വെറുപ്പും വളരെ കടുത്ത കാമവും കണ്ടു...""
അവൾക്ക് ഇനിയും പലതും പറയണമെന്നുണ്ടായിരുനന്നു..
അയാൾ അപ്പോഴേക്കും അവളെ തന്നിലേക്ക് അടുപ്പിച്ച് കൊണ്ട് അവളുടെ കണ്ണുകളിൽ നോക്കി.
''എന്റെ കണ്ണുകൾക്ക് ഭംഗിയുണ്ടെന്ന് നീ ആണ് ആദ്യമായി പറഞ്ഞത്. നീ പറഞ്ഞില്ലെങ്കിലും നീന്നെ എന്റെ കണ്ണുകൾ പോലെ ഞാൻ നോക്കും.""
അവർ ഇരുവരും കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ് ആ രാത്രി ഉറങ്ങാതെ ഇരുന്നു..
മുകളിൽ ആകാശത്ത് പൂർണ്ണ ചന്ദ്രൻ ചിരി തൂകി നിന്നു.... കൂട്ടിന് ചില കുഞ്ഞുനക്ഷത്രങ്ങളും.