
പാലക്കാട്:എൻ ഡി എയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാടെത്തും. പാലക്കാട് നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി മെട്രോമാൻ ഇ ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് പ്രധാനമന്ത്രി എത്തുന്നതെങ്കിലും, ജില്ലയിലെ മുഴുവൻ എൻ ഡി എ സ്ഥാനാർത്ഥികളും പരിപാടിയുടെ ഭാഗമാകുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
രാവിലെ 11 മണിക്ക് കോട്ടമൈതാനിയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മോദി ജനങ്ങളെ അഭിസംബോധന ചെയ്യും. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറിയും മലമ്പുഴ മണ്ഡലം സ്ഥാനാർത്ഥിയുമായ ഇ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, കർണാടക ചീഫ് വിപ്പ് സുനിൽകുമാർ, പാലക്കാട് സ്ഥാനാർത്ഥി മെട്രോമാൻ ഇ.ശ്രീധരൻ, ജില്ലാ അദ്ധ്യക്ഷൻ ഇ.കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും.
ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാഡിൽ രാവിലെ 10.45ന് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ പാലക്കാട് നഗരസഭാ അദ്ധ്യക്ഷ പ്രിയ കെ.അജയൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർ, സംസ്ഥാന ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാനായി കേരളത്തിൽ എത്തുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്ന പ്രിയങ്കഗാന്ധി ഇന്ന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ പത്തേമുക്കാലിന് പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്തെത്തുന്ന പ്രിയങ്ക കായംകുളത്തേക്ക് പോകും. കരുനാഗപ്പള്ളി,കൊല്ലം,കൊട്ടാരക്കര മണ്ഡലങ്ങളിലും പ്രചാരണം നടത്തും. നാലേകാലിന് വെഞ്ഞാറമൂട്ടിലും, നാലരയ്ക്ക് കാട്ടാക്കടയിലും പ്രിയങ്ക പ്രസംഗിക്കും. അഞ്ചരയ്ക്ക് പൂജപ്പുരയില്‍ നിന്ന് റോഡ് ഷോയില്‍ പങ്കെടുക്കും. വലിയതുറയിലാണ് സമാപനസമ്മേളനം. ബുധനാഴ്ച തൃശൂര്‍ ജില്ലയിലാണ് പര്യടനം.