narendra-modi

തിരുവനന്തപുരം: നെയ്യാറ്റിൻകര ആർക്കും വളക്കൂറുളള മണ്ണല്ലെന്ന് എൻ ഡി എ സ്ഥാനാർത്ഥിയും പ്രമുഖ വ്യവസായിയുമായി ചെങ്കൽ രാജശേഖരൻ നായർ. ജനങ്ങൾക്ക് മുന്നിൽ മറ്റ് ചോയ്‌സുകൾ ഇല്ലാത്തതു കൊണ്ടാണ് ഇടത് വലത് മുന്നണികളെ മണ്ഡലത്തിൽ മാറി മാറി വിജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിൽ തൊഴിലില്ലാത്തു കൊണ്ടാണ് പതിനേഴാം വയസിൽ മുംബയിലേക്ക് പോയത്. ആഹാരവും ഭക്ഷണവും ഉറങ്ങേണ്ട സൗകര്യവും ഉണ്ടായിരുന്നു. അവിടെ നിന്ന് തുടങ്ങിയ യാത്രയാണ്. മാർവാടികൾക്ക് ഇടയിലായതുകൊണ്ട് കച്ചവടം എന്താണെന്ന് പഠിക്കാൻ പറ്റി. അഞ്ചാറ് വർഷം കൊണ്ട് മാർവാടിയെക്കാൾ നല്ലൊരു ഹോട്ടൽ ബിസിനസുകാരനായി മാറി. സമ്പത്ത് വന്നുതുടങ്ങിയ സമയത്താണ് നാട്ടിൽ കുറച്ച് പേർക്ക് തൊഴിൽ നൽകണമെന്ന ആഗ്രഹത്തോടെ ഹോട്ടൽ ബിസിനസ് തിരുവനന്തപുരത്ത് ആരംഭിക്കുന്നതെന്നും രാജശേഖരൻ നായർ പറഞ്ഞു.

നാട്ടിൽ ആയിരത്തിലധികം പേർക്ക് തൊഴിൽ നൽകാൻ തനിക്ക് സാധിച്ചിട്ടുണ്ട്. കേന്ദ്രത്തിലെ ബി ജെ പി ഭരണം ലോകം അംഗീകരിച്ചതാണ്. താനൊരു സംഘപരിവാറുകാരനാണ്. ജോലി ചെയ്യുന്ന സമയത്തും സ്വന്തമായി ബിസിനസ് തുടങ്ങിയ സമയത്തും സംഘ പരിവാർ മനസായിരുന്നു തന്റേത്. ഭാര്യയും നടിയുമായ രാധയുടെ അമ്മ മാത്രമാണ് കോൺഗ്രസിലുളളത്. അവർ ഇപ്പോഴും കോൺഗ്രസുകാരിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

താൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് നെയ്യാറ്റിൻകരയിലെ ജനങ്ങളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ഓഫർ വന്നിരുന്നു. എനിക്ക് നേടാനായി ഒന്നുമില്ല എല്ലാം നേടിയതാണെന്ന് ജനങ്ങൾക്ക് അറിയാം. എല്ലാവരും രാഷ്‌ട്രീയത്തിൽ വരുന്നത് എന്തെങ്കിലും നേടാനും നിലനിൽപ്പിനും വേണ്ടിയാണ്. എന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊന്നുമുണ്ടാകില്ലെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി പ്രധാനമന്ത്രി ആകുന്നതിന് മുമ്പേ താനുമായി ബന്ധമുണ്ട്. ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ബിസിനസ് തുടങ്ങാൻ വേണ്ടി അദ്ദേഹം ക്ഷണിച്ചിരുന്നു. സമ്പത്തും സ്ഥലവും ലൈസൻസുമെല്ലാം തരാമെന്ന് പറഞ്ഞു. എന്നാൽ സന്തോഷപൂർവ്വം അത് നിരസിക്കുകയായിരുന്നു. കേരളത്തിൽ അനുകൂല ഘടകമൊന്നും ഇല്ലെന്ന് അറിയാമായിരുന്നിട്ടും താൻ ഇവിടേയ്‌ക്ക് വരികയായിരുന്നുവെന്നും രാജശേഖരൻ നായർ പറഞ്ഞു.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിന് ശംഖുംമുഖത്ത് എത്തിയ പ്രധാനമന്ത്രി ഉദയ സ്യൂട്സിലായിരുന്നു അത്താഴം കഴിച്ചതും തങ്ങിയതും. അപ്പോൾ എന്നെ ഗുജറാത്തിലേയ്ക്ക് ക്ഷണിച്ച കാര്യം ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. അന്ന് ഗുജറാത്തിൽ വന്നിരുന്നുവെങ്കിൽ ഇന്ന് മോദിജിക്ക് ഇവിടെ ബാത്ത്റൂം പോലും ഇല്ലായിരുന്നേനെയെന്ന് പറഞ്ഞു. ഇവിടെയൊരു ഹോട്ടൽ തുടങ്ങിയതു കൊണ്ടാണ് നാട്ടിൽ ഈ മാറ്റവും സൗകര്യവും വന്നതെന്ന് പറഞ്ഞു.

ജയിച്ചു വന്നാൽ ഒരുപാട് തൊഴിലവസരങ്ങൾ നെയ്യാറ്റിൻകരയിൽ സൃഷ്‌ടിക്കും. ചെറുകിട സംരംഭങ്ങൾ പലതും ഇവിടെ കൊണ്ടുവരാൻ പറ്റും. മാതൃക നെയ്യാറ്റിൻകര സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും രാഷ്ട്രീയ പാർട്ടികൾ ശത്രുക്കളായാണ് പെരുമാറുന്നത്, മറ്റൊരിടത്തും അങ്ങനെയല്ല. വ്യക്തിയെ നോക്കിയും വികസനം നോക്കിയുമാണ് വോട്ട് ചെയ്യേണ്ടത്. മതാടിസ്ഥാനത്തിലല്ല സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കേണ്ടത്. അതെല്ലാം തെറ്റാണെന്നും രാജശേഖരൻ നായർ വ്യക്തമാക്കി.

ആൻസലനും ശെൽവരാജും എം എൽ എമാർ ആയിരുന്നവരാണ്. അവർ എന്ത് ചെയ്‌തുവെന്ന് ജനങ്ങൾക്ക് അറിയാം. വ്യവസായി രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ദോഷം ചെയ്യില്ലെന്ന് കാണിച്ചുകൊടുക്കാൻ കൂടി വേണ്ടിയാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഹർത്താൽ നടത്തുന്നതും ബസിന് കല്ലെറിയുന്നതും ജയിലിൽ കിടക്കുന്നതുമല്ല രാഷ്ട്രീയം. നാടിന് എന്ത് ചെയ്യാൻ പറ്റുമെന്നും അടുത്ത തലമുറയ്‌ക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്നുമാണ് ചിന്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.