vote

തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽ മരിച്ചുപോയ ആൾക്കും ഇരട്ടവോട്ട് കണ്ടെത്തി. ഒരു വർഷം മുമ്പ് മരിച്ച ധർമജൻ എന്ന വ്യക്തിക്ക് സ്വന്തം പേരിൽ ഒരു ബൂത്തിലും മറ്റൊരുപേരിൽ അതേ ഫോട്ടോയിൽ തന്നെ വേറെ ഒരു വോട്ടുമാണുള്ളത്. അതോടൊപ്പം ഒരേ ഫോട്ടോ ഉപയോഗിച്ച് പലപേരിൽ ചില ബൂത്തിൽ അഞ്ഞൂറിലേറെ വോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. വോട്ടർപട്ടികയുടെ വിശദാംശങ്ങളോടെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും ഇരട്ട വോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ്. ലാൽ പറഞ്ഞു.

കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ കുളത്തൂരിൽ താമസിച്ചിരുന്ന വ്യക്തിയാണ് ധർമജൻ. അദ്ദേഹത്തിന്റെ കുളത്തൂർ പോസ്റ്റോഫീസ് പരിധിയിലെ സ്ഥിരം മേൽവിലാസത്തിലുള്ള വോട്ട് ഇപ്പോഴും വോട്ടർപട്ടികയിലുണ്ട്. ധർമജന്റെ അച്ഛന്റെ പേര് നാരായണൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതേ വ്യക്തിയുടെ പടം ഉപയോഗിച്ച് ജയേന്ദ്രൻ എന്ന പേരിൽ കണിയാവിളാകം എന്ന മേൽവിലാസത്തിൽ മറ്റൊരു വോട്ടുമാണ് കണ്ടെത്തിയത്. എന്നാൽ അച്ഛന്റെ പേര് ചെല്ലമ്മ എന്നാണ് പട്ടികയിലുള്ളത്.