
പൂച്ചാക്കൽ: വിവാഹദിവസം കാണാതായ വരനെക്കുറിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു അറിവുമില്ലാത്തതിനാൽ ആശങ്കയിൽ ബന്ധുക്കളും നാട്ടുകാരും. പാണാവള്ളി പത്താം വാർഡ് ചിറയിൽ വീട്ടിൽ അലിയാരുടെ മകൻ ജസീമിനെയാണ് കഴിഞ്ഞ 21ന് രാവിലെ മുതൽ കാണാതായത്.
അരൂക്കുറ്റി വടുതല നദ് വത്ത് നഗർ സ്വദേശിനിയുമായി നിശ്ചയിച്ച വിവാഹം ഇതോടെ മുടങ്ങി. ബന്ധുക്കളും അയൽവാസികളും മിന്നുകെട്ടിന് വധുവിന്റെ വീട്ടിലേക്ക് പോകാൻ തയ്യാറായി എത്തിയപ്പോഴാണ്, രാവിലെ ഏഴോടെ ബൈക്കിൽ പുറത്തേക്ക് പോയ ജസീം തിരികെ എത്താതിരുന്നത്. 9 മണിയോടെ അയൽവാസിക്ക് ജസീമിന്റെ ഒരു ശബ്ദ സന്ദേശം ലഭിച്ചു. തന്നെ കുറച്ചു പേർ സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് തടഞ്ഞുവച്ചിരിക്കുകയാണെന്നും പൊലീസിൽ വിവരം അറിയിക്കണമെന്നുമായിരുന്നു സന്ദേശം. ഈ സമയത്ത് ജസീമിന്റെ മൊബൈൽ ഫോൺ പൂച്ചാക്കൽ ടവർ പരിധിയിലായിരുന്നു. 9നു ശേഷം ചേർത്തല ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുന്ന സി.സി ടി.വി.ദൃശ്യവും കിട്ടിയിരുന്നു.
ജസീമുമായുള്ള വിവാഹം മുടങ്ങിയതോടെ പെൺകുട്ടിയുടെ മുത്തച്ഛൻ വടുതല ആശാരിപ്പറമ്പിൽ സൈനുദ്ദീൻ 22ന് രാവിലെ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ഭാഗത്തുള്ള ബന്ധുവീട് കേന്ദ്രീകരിച്ചും അയൽ സംസ്ഥാനങ്ങളിലും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.