
ദ ഗാർഡിയനിലെ നായിക നയന എൽസയുടെ വിശേഷങ്ങൾ...
ആഗസ്റ്റിലാണ് ജനിച്ചതെങ്കിലും ജൂണിനോടാണ് ഇഷ്ടക്കൂടുതലെന്ന് ഒാൺലൈൻ റിലീസായെത്തിയ ദ ഗാർഡിയനിലെ നായിക നയന എൽസ പറയുന്നു. ജൂണാണ് നയനയുടെ വരവറിയിച്ച സിനിമ. ജൂണിലെ കുഞ്ഞിയെപ്പോലെയായിരുന്നു കുഞ്ഞ് നാൾ മുതലേ താനെന്ന് നയന എൽസ പറയും. 'കുഞ്ഞിയെപ്പോലെ എപ്പോഴും ഒാടിച്ചാടി നടക്കുന്ന ഒരു പെൺകുട്ടി. തീരെ കുട്ടിയായിരുന്നപ്പോൾ മുതലേ നൃത്തം പഠിക്കുന്നുണ്ട്. സ്കൂളിൽ പഠിച്ചിരുന്നപ്പോൾ എല്ലാ മത്സരങ്ങൾക്കും ഞാൻ പേര് കൊടുക്കും. 'ചുക്കില്ലാത്ത കഷായമില്ലല്ലോ"യെന്ന് പറഞ്ഞ് ടീച്ചർമാർ എന്നെ കളിയാക്കുമായിരുന്നു.
തമിഴ് സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോഴാണ് തിരുവല്ലക്കാരിയായതിന്റെ 'പ്രിവിലേജ്" നയന എൽസയ്ക്ക് ശരിക്കും പിടികിട്ടിയത്.നയൻതാര, മീരാജാസ്മിൻ. തിരുവല്ലയിൽ നിന്ന് തിരശീലയിലെത്തി തെന്നിന്ത്യയുടെ താരറാണിമാരായ എത്രയോപേർ. 'തമിഴ് സിനിമാക്കാർക്ക് കൊച്ചിയേക്കാൾ പരിചിതമാണ് തിരുവല്ല. തമിഴിലായാലും തെലുങ്കിലായാലും മലയാളിക്കുട്ടികളോട് അവർക്കൊരു പ്രത്യേക സ്നേഹമുണ്ട്." നയന എൽസ പറയുന്നു.മലയാളത്തിൽ കളി എന്ന സിനിമയിലാണ് നയന എൽസ ആദ്യമായി അഭിനയിച്ചത്. നായകന്റെ ആദ്യ കാമുകിയായി... ചെറിയൊരു വേഷം.

ബ്രേക്കായത് ജൂൺ
ജൂൺ എന്ന സിനിമയിലെ കുഞ്ഞിയാണ് ഒരുപാടുപേരുടെ മനസിൽ ഒരിഷ്ടം തോന്നാനിടയാക്കിയ കഥാപാത്രം. ഫ്രൈഡേ ഫിലിംസ് എന്ന വലിയൊരു ബാനർ. അഹമ്മദ് കബീർ എന്ന പുതിയ സംവിധായകൻ. ജൂണിലെ കുഞ്ഞിയും മണിയറയിലെ അശോകനിലെ റാണിടീച്ചറും ഗാർഡിയനിലെ മോഡേൺ വേഷവും ചെയ്തത് ഒരാൾ തന്നെയാണോയെന്ന് ചിലർ ചോദിക്കുന്നുണ്ട്. വ്യത്യസ്തതയുള്ള വേഷങ്ങളാണ് ഇനിയും ആഗ്രഹിക്കുന്നത്.
തുടക്കത്തിൽ സ്ക്രിപ്ട് മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നത്. കഥ കേട്ട് ഇഷ്ടമായ ചില സിനിമകൾ തുടങ്ങാതെയും റിലീസാകാതെയുമിരുന്ന അനുഭവങ്ങളുള്ളതുകൊണ്ട് പിന്നീട് ബാനറും നോക്കാൻ തുടങ്ങി.
മഞ്ജുവാര്യരുടെ വേഷം
ഷേക്സ്പിയറുടെ ഒഥല്ലോയെ ആസ്പദമാക്കി ഒരുക്കിയ 'ഋ" എന്ന ചിത്രത്തിൽ അഭിനയിച്ചു. ഒഥല്ലോയുടെ പുനരാവിഷ്കാരമാണ് ചിത്രം. കളിയാട്ടത്തിൽ മഞ്ജുചേച്ചി ചെയ്ത അതേ വേഷം. കാമ്പസായിരുന്നു 'ഋ" എന്ന ചിത്രത്തിന്റെ പശ്ചാത്തലം. സിദ്ധാർത്ഥ് ശിവയായിരുന്നു കാമറ ചെയ്തത്. ഫാദർ വർഗീസായിരുന്നു സംവിധായകൻ.മഞ്ജുചേച്ചി ചെയ്ത കാരക്ടറിന്റെ മോഡേൺ വേർഷൻ ചെയ്തുവെന്ന് പറയാൻതന്നെ എനിക്ക് പേടിയാണ്. പ്രിയ എന്നാണ് കാരക്ടറിന്റെ പേര്. കോളേജ് വിദ്യാർത്ഥിനിയാണ്. പുതിയ കാലത്തെ താമര.

ദുൽഖറിന്റെ നിർമ്മാണത്തിൽ
ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിച്ച മണിയറയിലെ അശോകനിലഭിനയിച്ചതും ബാനർ വാല്യു നോക്കിയാണ്. ഷംസു സൊയ്ബ എന്ന പുതിയ സംവിധായകന്റെ ചിത്രം.റാണിടീച്ചർ എന്ന കഥാപാത്രം എന്റെ ഫേവറിറ്റാണ്. തെങ്ങിൻതൈ കൊടുത്ത് പ്രൊപ്പോസ് ചെയ്യുന്ന സീനാണ്. ജീവിതത്തിൽ കുറേപ്പേർ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷേ ഇതുപോലെ വിചിത്രമായ പ്രണയാഭ്യർത്ഥനകളൊന്നുമുണ്ടായിട്ടില്ല.ആരെയും ഇതുവരെ പ്രൊപ്പോസ് ചെയ്തിട്ടുമില്ല.
തുടക്കം തമിഴിൽ
മലയാളിയാണെങ്കിലും നയന എൽസയുടെ തുടക്കം തമിഴിലായിരുന്നു. 'ഒരു ബ്യൂട്ടി പേജന്റിന് വേണ്ടി ഞാൻ ചെയ്ത ഫോട്ടോ ഷൂട്ടിലെ ഫോട്ടോകൾ കണ്ടിട്ടാണ് തമിഴിൽ നിന്ന് ഒാഫർ വരുന്നത്. പുതുകവിത എന്ന ആ സിനിമ റിലീസായില്ല. അതുകഴിഞ്ഞ് തമിഴിൽ തിരുട്ടുപയലേ -2 ചെയ്തു. സുശീന്ദ്രൻ സാറായിരുന്നു സംവിധായകൻ. സ്നേഹയ്ക്കും കനിഹയ്ക്കും ശേഷം അദ്ദേഹം തമിഴിൽ അവതരിപ്പിച്ച നായികയെന്ന പേര് കിട്ടി. അതിന് മുന്നേ ഇടിമിന്നൽ പുയൽ കാതൽ എന്ന തമിഴ് ചിത്രം കമ്മിറ്റ് ചെയ്തെങ്കിലും ആ സിനിമ തുടങ്ങിയില്ല. സിനിമയുടെ കാര്യം അങ്ങനെയല്ലേ... ചിലത് തുടങ്ങിയാലും മുടങ്ങും. ആ സിനിമയ്ക്ക് വേണ്ടി അവർ എന്റെ ഡേറ്റ് ബ്ളോക്ക് ചെയ്തിരുന്നു. അതുകാരണം ആ സമയത്ത് വന്ന കുറേ തമിഴ് സിനിമകൾ ചെയ്യാൻ പറ്റിയില്ല.
ഷെയ്ൻ നിഗമിനൊപ്പംരണ്ട് സിനിമകൾ
ഷെയ്ൻ നിഗമിനൊപ്പമഭിനയിച്ച ഉല്ലാസവും ഖുർബാനിയുമാണ് മലയാളത്തിൽ ഇനി റിലീസാകാനുള്ളത്. ദുൽഖറിന്റെ കുറുപ്പിലും ചെറിയ ഒരു വേഷം ചെയ്തു.
സംവിധാനവും ഇഷ്ടമാണ്
മണിയറയിലെ അശോകനിൽ അഭിനയത്തിന് പുറമേ അസിസ്റ്റന്റ് ഡയറക്ടറായും ഞാൻ വർക്ക് ചെയ്തു. മണിയറയിലെ അശോകൻ കഴിഞ്ഞ് ഉല്ലാസത്തിന്റെയും ഖുർബാനിയുടെയുമൊക്കെ സെറ്റിൽ പോയപ്പോൾ ഒരു ആർട്ടിസ്റ്റായി മാറിയിരിക്കാനേ തോന്നിയില്ല. അസിസ്റ്റന്റ് ഡയറക്ടർമാർ എപ്പോഴും ഒാടുകയോ നിൽക്കുകയോ ഒക്കെ ആയിരിക്കുമല്ലോ! ഉല്ലാസത്തിൽ പ്രധാനപ്പെട്ട ഒരു മൂകഥാപാത്രമാണെനിക്ക്.ഖുർബാനിയിൽ ഷെയ്നിന്റെ നായികമാരിലൊരാളും.

ദ ഗാർഡിയനിലെ നായികാവേഷം
വലിയ പബ്ളിസിറ്റിയോ പ്രതീക്ഷകളോ ഒന്നും നൽകാതെ റിലീസ് ചെയ്ത സിനിമയാണ് ദ ഗാർഡിയൻ. ഞാൻ നായികയായി അഭിനയിച്ച് റിലീസായ ആദ്യ സിനിമ. വലിയ പ്രതീക്ഷകളില്ലാതെ സിനിമ കണ്ടവരൊക്കെ ഹാപ്പിയാണ്. പുതിയ ഒരു ഒാൺലൈൻ പ്ളാറ്റ്ഫോമിലായിട്ട് കൂടി ഒരുപാട് പേർ കണ്ടു.
ഗാർഡിയൻ കണ്ടിട്ട് 'നീ തടിവച്ചോ" യെന്ന് അറിയുന്ന പലരും ചോദിച്ചു. വേഷങ്ങളിൽ മാത്രമല്ല ശാരീരികമായും കഥാപാത്രങ്ങൾക്ക് വേണ്ടി മാറ്റം വരുത്തേണ്ടത് ഒരാർട്ടിസ്റ്റിന്റെ കടമയാണ്. ജൂണിലെ കുഞ്ഞി എന്ന കാരക്ടറിന് മൂന്ന് അപ്പിയറൻസുണ്ടായിരുന്നു. കല്യാണത്തിന് മുൻപും പിൻപും പിന്നെ ഗർഭിണിയായതിന് ശേഷവുമുള്ള മൂന്ന് ഗെറ്റപ്പുകൾ. അത് കഴിഞ്ഞ് മണിയറയിലെ അശോകനിലെ റാണിടീച്ചറിന്റെ വേഷം ചെയ്യാനായി കുറച്ച് തടിവച്ചു.
ഗോവിന്ദ് പത്മസൂര്യയ്ക്കൊപ്പംക്രിസ്റ്റഫർ കൊളംബസിൽ
ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന ക്രിസ്റ്റഫർ കൊളംബസാണ് റിലീസാകാനുള്ള മറ്റൊരു ചിത്രം. പ്രശാന്ത് ശശിയാണ് സംവിധായകൻ. ത്രില്ലർ മൂഡിലുള്ള സിനിമയാണ് ക്രിസ്റ്റഫർ കൊളംബസും. ഇതുവരെ ചെയ്യാത്ത സീരിയസും ബോൾഡുമായ കഥാപാത്രം.
മണിയറയിലെ അശോകൻ കഴിഞ്ഞ് ചില സിനിമയുടെ ആളുകൾ ആ കുട്ടിക്ക് കുസൃതി നിറഞ്ഞ വേഷങ്ങളേ പറ്റൂവെന്നും സീരിയസും ബോൾഡുമായ വേഷങ്ങൾ പറ്റില്ലെന്നും പറഞ്ഞിട്ടുണ്ട്. ചെയ്യിപ്പിച്ച് നോക്കാതെ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വലിയ സങ്കടം തോന്നി. പുറംചട്ട കണ്ട് ഒരു പുസ്തകത്തെ അളക്കരുതെന്ന് പറയാറില്ലേ!
കുടുംബ വിശേഷം
അച്ഛൻ അനിൽ ദുബായിൽ ജോലി ചെയ്യുന്നു. അമ്മയുടെ പേര് ബിനു. മുൻപ് ഫാഷൻ ഡിസൈനറായിരുന്നു. നിഖിൽ എന്നാണ് അനിയന്റെ പേര്. ഏഴാം ക്ളാസിൽ പഠിക്കുന്നു. ഞങ്ങൾ രണ്ടുപേരും അത്യാവശ്യം അത്യാവശ്യം കുസൃതിയും വികൃതിയുമുള്ളയാൾക്കാരാണ്. തിരുവല്ലയാണ് നാടെങ്കിലും ഞാൻ പഠിച്ചതും വളർന്നതുമൊക്കെ കൊച്ചിയിലാണ്. എസ്.സി.എം.എസ്. കോളേജിലാണ് ബി.കോമിന് പഠിച്ചത്.