
സന്ധ്യമയങ്ങുംനേരത്ത് കല്ല്യാണസൗഗന്ധികത്തിലെ പാഞ്ചാലിയാകാൻ ചുട്ടികുത്തുമ്പോൾ, ഗിരിജമാധവന്റെ കണ്ണുകൾ മകളെ തിരയുകയായിരുന്നു. അമ്മ മനസിന്റെ ആഗ്രഹം തിരിച്ചറിഞ്ഞതുപോലെ ആ നിമിഷത്തിൽ തന്നെ വരുന്നു, ചുവന്നസാരിയുടുത്ത് മഞ്ജു, മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ. അണിയറയിൽ കഥകളിവേഷത്തിൽ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ മഞ്ജുവിന് സന്തോഷം, അഭിമാനം. അണിയറയിൽ അമ്മയ്ക്കാപ്പം കുറച്ചുനേരം മഞ്ജു ഇരുന്നു. ചമയങ്ങൾ അണിയിക്കുമ്പോൾ ആകാംക്ഷയോടെ നോക്കി നിന്നു. കഥകളി വേഷം തൊട്ടുനോക്കി. അമ്മയ്ക്ക് ധൈര്യം പകർന്ന്, ആശംസകൾ അറിയിച്ച് മഞ്ജു സദസ്സിലേക്ക്. അമ്മ അരങ്ങിലേക്കും.
മുൻപ് കഥയും കവിതയുമെല്ലാം എഴുതിയിരുന്ന അമ്മ, അനുഭവക്കുറിപ്പുകൾ എഴുതാൻ തുടങ്ങുകയും മോഹിനിയാട്ടം പഠിക്കുകയും ചെയ്തപ്പോൾ, പിറന്നാൾ ദിനത്തിൽ മഞ്ജു ഫേസ് ബുക്കിൽ കുറിച്ച ആശംസാവചനങ്ങൾ ഇങ്ങനെയായിരുന്നു: 'എന്റെ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ. അമ്മ എപ്പോഴും അത്ഭുതപ്പെടുത്തുന്നു, ജീവിതത്തിൽ പുതിയത് എന്തെങ്കിലും തുടങ്ങാൻ ഇനിയും വൈകിയിട്ടില്ലെന്ന് തെളിയിക്കുന്നു. എഴുത്തുകാരിയുടെ മകൾ എന്നറിയപ്പെടുന്നതിനേക്കാൾ വലിയ അഭിമാനമില്ല."എറണാകുളത്ത് നിന്ന് പെരുവനം മഹാദേവക്ഷേത്രത്തിലേയ്ക്ക് അമ്മയുടെ കഥകളി അരങ്ങേറ്റം കാണാൻ എത്തിയപ്പോഴും മഞ്ജു പറഞ്ഞത് അങ്ങനെ തന്നെയായിരുന്നു:
'അമ്മയുടെ കഥകളി അരങ്ങേറ്റത്തിൽ സന്തോഷത്തിനപ്പുറം അഭിമാനമാണ്. എത്ര ബുദ്ധിമുട്ടുളള കാര്യമാണെങ്കിലും മനസിലുളള ആഗ്രഹം സത്യസന്ധമാണെങ്കിൽ ജീവിതത്തിൽ അത് നടക്കും . എനിക്കും മറ്റെല്ലാ സ്ത്രീകൾക്കും പ്രചോദനമാണ് അമ്മയുടെ കഥകളി അരങ്ങേറ്റം. എന്റെ നൃത്തപരിപാടികൾക്ക് അമ്മയാണ് അണിയറയിലും അരങ്ങിനുമുമ്പിലും ടെൻഷനടിച്ച് ഇരിക്കാറുളളത്. അമ്മ അരങ്ങേറുമ്പോൾ എനിക്കായിരുന്നു ടെൻഷൻ. ""
കല്യാണസൗഗന്ധികം കഥകളിയിൽ പാഞ്ചാലിയായി അമ്മ വേദിയിൽ അരങ്ങേറുമ്പോൾ, വിടർന്നകണ്ണുകളോടെ മഞ്ജു സദസിൽ ഇരുന്നു. കൂടെ മേളവിദഗ്ധൻ പെരുവനം കുട്ടൻമാരാർ അടക്കം നിരവധി കഥകളി ആസ്വാദകരും. മഞ്ജു വാര്യർ അമ്മയുടെ കഥകളി ആസ്വദിക്കാൻ വരുമെന്നറിഞ്ഞതോടെ പെരുവനം മഹാദേവ ക്ഷേത്രത്തിൽ മുമ്പെങ്ങും ഇല്ലാത്ത വിധം ജനങ്ങളെത്തിയിരുന്നു. ഗിരിജാ മാധവൻ കല്യണ സൗഗന്ധികത്തിലെ പാഞ്ചാലിയായി വേഷപ്പകർച്ച നടത്തുമ്പോൾ എല്ലാവരുടേയും കണ്ണുകൾ അരങ്ങിലുണ്ടായിരുന്നു. അരമണിക്കൂർ അവതരണം കഴിഞ്ഞപ്പോഴേയ്ക്കും വീണ്ടും മഞ്ജു അമ്മയുടെ അടുത്തെത്തി.
'' അരങ്ങേറ്റം കാണാൻ മഞ്ജു വരണമെന്ന് ആഗ്രഹമുണ്ട്. നടക്കുമോ എന്ന് അറിയില്ല. സിനിമാചിത്രീകരണത്തിലാണ്,മഞ്ജു...."" അങ്ങനെയായിരുന്നു കഥകളി അരങ്ങേറ്റത്തിനുമുൻപ് ഗിരിജാമാധവൻ പറഞ്ഞത്. ഒടുവിൽ സിനിമാതിരക്കുകൾ മാറ്റിവെച്ച് അമ്മയുടെ അരങ്ങേറ്റം കാണാൻ മഞ്ജു ഓടിയെത്തുകയായിരുന്നു.

വയസ് വെറുമൊരു അക്കം
രണ്ടുവർഷം മുമ്പാണ്. ഊരകം എൻ.എസ്.എസ് കരയോഗത്തിന്റെ സർഗശ്രീലകം പരിശീലന ക്ളാസിൽ ഏതാണ്ട് എഴുപത് വയസ് പ്രായമുളളവരുടെ കഥകളി അവതരണം കണ്ടത്. തിരുവുളളക്കാവിൽ മോഹിനിയാട്ടം പഠിക്കുകയായിരുന്നു അന്ന് ഗിരിജാമാധവൻ. 'നമുക്കും കഥകളി പഠിച്ചാലോ" ബാങ്ക് ഉദ്യോഗത്തിൽ നിന്ന് സ്വമേധയാ വിരമിച്ച കൂട്ടുകാരി ശൈലജ കുമാർ ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് ഗിരിജ സമ്മതിച്ചു. നന്നേ ചെറുപ്പത്തിലേ നൃത്തവും കഥകളിയുമെല്ലാം പഠിക്കണമെന്ന് മോഹവുമുണ്ടായിരുന്നു. അങ്ങനെ രണ്ടുപേരും, ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ പ്രിൻസിപ്പൽ ആയി വിരമിച്ച കലാനിലയം ഗോപി ആശാന്റെ ശിഷ്യരായി. ആദ്യം കാൽവേദനയും ശരീരവേദനയുമുണ്ടായിരുന്നു. പക്ഷേ, പഠിക്കണമെന്ന ആഗ്രഹത്തിനുമുന്നിൽ വേദന മറന്നു. അഭ്യസിച്ചു കൊണ്ടിരുന്ന നൃത്തയോഗയും, ആർട്ട് ഒഫ് ലിവിംഗ് സാധനകളും അതിന് സഹായകമായി. അതിനിടെയായിരുന്നു 'കത്തിവേഷവു" മായി കൊവിഡിന്റെ അരങ്ങേറ്റം. കുറച്ചു കാലം ഓൺലൈനിലും പിന്നീട് വീണ്ടും നേരിട്ടും പഠനം തുടർന്നു. ഏതാണ്ട് രണ്ട് വർഷത്തെ പഠനത്തിനു ശേഷം ആശാൻ കൊടുത്ത ധൈര്യത്തിന്റേയും, ആത്മവിശ്വാസത്തിന്റെയും പിൻബലത്തിൽ അരങ്ങേറ്റത്തിന് തയ്യാറാവുകയായിരുന്നു.
ആശാൻ ഞങ്ങളുടെ നായകൻ
''ഞങ്ങളുടെ ആട്ടക്കഥയിലെ മുഴുനീള നായകൻ ഞങ്ങളുടെ ആശാനാണ്. ആശാന്റെ കഴിവുകൊണ്ടാണ് ഞങ്ങളെ ഇതുപോലെ അഭ്യസിപ്പിച്ചത്. ഈ പ്രായത്തിലും ഇതെല്ലാം അവതരിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു തന്നത് ആശാനാണ്. പ്രായമേറിയ നിരവധി പേരെ അദ്ദേഹം അഭ്യസിപ്പിച്ച് അരങ്ങിലെത്തിച്ചിട്ടുണ്ട്. ഏഴ് വയസായവർ മുതൽ എഴുപതുവയസായവർ വരെ അക്കൂട്ടത്തിലുണ്ട്. ഇനി, കഥകളിയിൽ പുരുഷവേഷവുമായി അരങ്ങിലെത്തണമെന്നാണ് എന്റെ മോഹം. ഇനി എന്തെങ്കിലും പഠിക്കണമെന്ന് തോന്നിയാൽ അതും പഠിക്കും. അമ്മക്ക് സന്തോഷം തരുന്ന കാര്യങ്ങളൊന്നും ചെയ്യാൻ മടിക്കണ്ട എന്നാണ് കുട്ടികൾ എപ്പോഴും പറയാറുളളത്."" ഗിരിജാ മാധവൻ പറഞ്ഞു.
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുളള പെരുവനം ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായായിരുന്നു കല്ല്യാണസൗഗന്ധികം കഥകളിയിൽ ഗിരിജ മാധവൻ അരങ്ങേറിയത്. ലവണാസുരവധത്തിലെ സീതയായി ശൈലജ കുമാറും വേദി നിറഞ്ഞ് അരങ്ങേറി. പെരിങ്ങോട്ടുകര ആവണേങ്ങാട്ട് കളരിയിലെ സർവതോഭദ്രം കലാകേന്ദ്രത്തിന്റേതായിരുന്നു അവതരണം.കുശനായി രഹ്ന, ലവനായി നന്ദന, ഭീമനായി ലിൻസി എന്നിവരും അരങ്ങിലെത്തി. കലാമണ്ഡലം നാരായണൻ എമ്പ്രാന്തിരി, കലാനിലയം സഞ്ജയ് എന്നിവർ സംഗീതവും കലാമണ്ഡലം ശിവദാസ്, കലാനിലയം ഉദയൻ നമ്പൂതിരി , കലാനിലയം വിനായകൻ എന്നിവർ ചെണ്ടയും കലാമണ്ഡലം ഹരിദാസ്, കലാനിലയം പ്രകാശൻ എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു. മഞ്ജുവിനൊപ്പം സഹോദരൻ മധു വാര്യരുടെ ഭാര്യ അനു വാര്യർ, മകൾ ആവണി വാര്യർ, ഗുരു കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ തുടങ്ങിയവരും കഥകളി കാണാനെത്തിയിരുന്നു.
അമ്മ കണ്ട സ്വപ ്നം മഞ്ജുവെന്ന നർത്തകി
കുട്ടിക്കാലം മുതൽ മഞ്ജു വാര്യർക്ക് പ്രചോദനമായിരുന്ന അമ്മ ഗിരിജ രണ്ട് വർഷം മുൻപാണ് കഥകളി അഭ്യസിക്കാൻ തുടങ്ങിയത്. അമ്മ കണ്ട സ്വപ്നമായിരുന്നു മഞ്ജു വാര്യർ എന്ന നർത്തകി. തന്നെ ചിലങ്ക അണിയിച്ചതും പരിമിതികൾക്കിടയിലും നൃത്തപഠനത്തിന് താങ്ങും തണലുമായത് അമ്മയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് മഞ്ജു പറയാറുണ്ട്.നാലരപതിറ്റാണ്ടിനുശേഷം അമ്മ ലേഖനം എഴുതിയതിലെ സന്തോഷത്തിലായിരുന്നു മഞ്ജു. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിനിയായിരിക്കെ, കഥാരചനാമത്സരത്തിൽ ഗിരിജ സമ്മാനം നേടിയിരുന്നു. കലാലോകത്ത് വീണ്ടുംഅമ്മ ഗിരിജയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്ന മഞ്ജു വാര്യരുടെ പോസ്റ്റുകളെല്ലാം വൈറലായിരുന്നു.