
ഹിറ്റ് പാട്ടും മരുന്നും കുറിക്കുന്ന യുവഗാന രചയിതാവ് മനു മഞ്ജിത്തിന്റെ വിശേഷങ്ങൾ
കോഴിക്കോട് ഉള്ളിയേരിക്കടുത്ത് കുന്നത്തറയിൽ 'അനുഗ്രഹ"എന്ന വീട് പാട്ടു ഫാക്ടറിയാണ്. മലയാള സിനിമയിൽ സമീപകാലത്തുണ്ടായ ഹിറ്ര് പാട്ടുകൾ എല്ലാം ഇവിടെയാണ് പിറന്നത്. മന്ദാരമേ എന്ന വെള്ള പുഷ്പത്തിന്റെ ചന്തം വാരി ചൂടിയ പാട്ടുതന്നുകൊണ്ടാണ് യുവഗാനരചയിതാവ് മനുമഞ്ജിത് ആസ്വാദകഹൃദയങ്ങളിൽ തന്റേതായ ഒരിടം ഉറപ്പിച്ചത്.മനു മഞ്ജിത്തിന്റെ രചനയിൽ നിറഞ്ഞ പൊന്നിൻകണിക്കൊന്നയും തിരുവാവണിരാവും പാട്ടിന്റെ മൃദുലമായ ഈണം മാത്രമല്ല ഗൃഹാതുരത്വത്തിലേക്കുകൂടിയാണ് കേൾവിക്കാരനെ എത്തിച്ചത്.
മലയാള സിനിമയുടെ മുറ്റത്ത് പാട്ടിന്റെ പുത്തഞ്ചേരികാലം ഗി രിഷ് പുത്തഞ്ചേരി തീർക്കുമ്പോൾ മനുമഞ്ജിത് മനസിൽ ഈണവും താളവും പിടിക്കുന്നുണ്ടായിരുന്നു.ജീവിതവഴിയിൽ ഹോമിയോ ഡോക്ടറുടെ കുപ്പായം അണിഞ്ഞതിനൊപ്പം ഏഴുവർഷമായി തുടരുന്നു ഗാനരചയിതാവിന്റെ വേഷം.മികച്ച ഗാനരചയിതാവിനുള്ള ഈ വർഷത്തെ ഗിരീഷ് പുത്തഞ്ചേരി പുരസ്കാരവും തേടി എത്തി. മിന്നൽ മുരളി, നിഴൽ, ചതുർമുഖം, സാറാസ്, പ്രകാശൻ പറക്കട്ടെ, വാലാട്ടി, അനുഗ്രഹീതൻ ആന്റണി,പാച്ചുവും അത്ഭുത വിളക്കും എന്നിവയാണ് പാട്ടൊരുക്കിയ പുതിയ ചിത്രങ്ങൾ.പാട്ടെഴുത്തിന് കാത്തിരിപ്പുണ്ട് ഇനിയും സിനിമകൾ. പല്ലവിയും അനുപല്ലവിയുമായി മനു മഞ്ജിത്തിന് മറുപാതിയായി ഹിമയും ചേരുന്നതാണ് പാട്ടുവഴിയാത്ര.
ഹിറ്റ് പാട്ടുകളുടെ എഴുത്തുകാരൻ എന്ന വിശേഷണമുണ്ട്?
ഒരു ചെറിയ സിനിമയിൽ പാട്ട് എഴുതാൻ അവസരം ലഭിക്കുകയും ആ ചിത്രം പുറത്തുവരാതിരിക്കുകയും ഏതെങ്കിലും സമയത്ത് ഹിറ്റു ലഭിക്കുകയും ചെയ്യുമ്പോഴാണ് മിക്ക ഗാനരചയിതാവിനും കരിയർ ഉണ്ടാവുക എന്നു കേട്ടിട്ടുണ്ട്. എന്നാൽ എനിക്ക് അങ്ങനെ ഒരു കാത്തിരിപ്പോ കഠിന ശ്രമമോ വേണ്ടിവന്നില്ല.' ഓം ശാന്തി ഓശാന" നവാഗത പാട്ടെഴുത്തുകാരൻ എന്ന നിലയിൽ ഏറ്റവും മികച്ച തുടക്കം തന്നെ തന്നു. ലാൽജോസ് സാർ ആദ്യമായി നിർമ്മിച്ച വിക്രമാദിത്യനിൽ പ്രതിഭാധനരായ പാട്ടെഴുത്തുകാർക്കൊപ്പം പ്രവർത്തിക്കാൻ അവസരം പിന്നാലെ എത്തി. വിനീത് ശ്രീനിവാസൻൻ ഷാൻ റഹ്മാൻ 'ഗ്യാങിൽ" ഓർമ്മയുണ്ടോ ഈ മുഖം, ഒരു വടക്കൻ സെൽഫി, ജേക്കബിന്റെ സ്വർഗരാജ്യം തുടങ്ങിയ സിനിമകൾ. ശേഷം 'ആടും" 'കുഞ്ഞിരാമായണവും"വന്നു. ബഹുമാനം നൽകുന്ന ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം. സിനിമ നന്നാകുമ്പോൾ സ്വാഭാവികമായി പാട്ട് ആളുകളിലേക്ക് എത്തുകയും ഹിറ്റായി മാറുകയും ചെയ്യുന്നു.

ഗിരീഷ് പുത്തഞ്ചേരിക്ക് സമർപ്പണം എഴുതിയാണല്ലേ പാട്ടുവഴിയിൽ എത്തുന്നത്?
പാട്ടിൽ അക്ഷരങ്ങൾ നിരത്തിവച്ച് ഗിരീഷേട്ടൻ എന്നെ കൊതിപ്പിച്ചിട്ടുണ്ട്. പാട്ടെഴുത്തുകാരനാകാൻ പ്രചോദനമായത് ഗിരീഷേട്ടനാണ്. ഒരു പ്രാവശ്യമേ നേരിട്ടുകണ്ടിട്ടുള്ളൂ. ഗിരീഷേട്ടൻ വീട്ടിൽ വന്നപ്പോൾ പൂജാമുറിയിൽ വച്ച് നെറുകയിൽ തന്ന ഉമ്മയാണ് എന്റെ മൂലധനം. വീട്ടിൽനിന്ന് ഒന്നരകിലോമീറ്റർ ദൂരമാണ് പുത്തഞ്ചേരിക്ക്. എനിക്കുവേണ്ടി സിനിമയിൽ ആദ്യമായി അവസരം ചോദിക്കുന്നതു തന്നെ ഗിരീഷേട്ടന്റെ മൂത്ത മകൻ ജിത്തുവാണ്. 'മാറ്റിനി" സിനിമയിൽ ഗിരീഷേട്ടന് സമർപ്പണം എഴുതിയാണ് വെള്ളിത്തിരയിലെ പാട്ടു ജീവിതത്തിന് തുടക്കമിടുന്നത്. ഗിരീഷേട്ടന്റെ ഇളയമകൻ ദിൻനാഥ് ആ സിനിമയിൽ പാട്ടെഴുതി. ആദ്യ കവിതാസമാഹാരമായ 'മ്മ" ഗിരീഷേട്ടനാണ് സമർപ്പിക്കുന്നത്. ഗുരുസ്ഥാനീയനാണ് ഗിരീഷേട്ടൻ.
ഹോമിയോ ഡോക്ടർക്കു മുൻപിൽ എങ്ങനെ പാട്ട് കടന്നുവന്നു ?
മനസിനെ സിനിമ കീഴടക്കിയപ്പോൾ എങ്ങനെ അവിടെ എത്തിച്ചേരാമെന്ന ചിന്തയാണ് എന്നിലെ പാട്ടെഴുത്തുകാരനെ രൂപപ്പെടുത്തുന്നത്. മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് സ്കൂളിൽ സീനിയറായിരുന്നു മിഥുൻ മാനുവൽ തോമസ്. മിഥുൻ ആദ്യമായി തിരക്കഥ എഴുതിയ സിനിമയാണ് ഒാം ശാന്തി ഒാശാന. സ്കൂളിൽ കവിതമത്സരത്തിന് പങ്കെടുത്തിട്ടുണ്ട്. പാടാൻ അറിയില്ലെങ്കിലും ഉള്ളിൽ എവിടെയോ ഒരു താളബോധമുണ്ട്. അതിന്റെ പുറത്താണ് എഴുത്ത് മുഴുവൻ.സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബമാണ്. അച്ഛൻ ബാങ്ക് മാനേജരും അമ്മ അദ്ധ്യാപികയുമായിരുന്നു. സഹോദരി ഡോക്ടർ.യാതൊരു ഉറപ്പുമില്ലാതെ സിനിമയിലേക്ക് പോയപ്പോൾ ആകുലതയുണ്ടായിരുന്നു അവർക്ക്. ഡോക്ടർ ജോലി ഉപേക്ഷിക്കില്ലെന്ന് മനസിലാക്കിയപ്പോൾ ആശ്വാസമായി. ഒരുപാട് സന്തോഷങ്ങൾക്ക് നടുവിലിരുന്ന്എന്റെ ചിത്രത്തിലെ പാട്ടുകൾ ആസ്വദിക്കാൻ മുഹൂർത്തം ഉണ്ടായപ്പോൾ അവരും ചോദിച്ചു തുടങ്ങി ഏതാണ് പുതിയ സിനിമയെന്ന്.ഡോക്ടറുടെ ജോലിയും പാട്ടെഴുത്തും രണ്ടും ഏറെ ഇഷ്ടത്തോടെ ചെയ്യുന്ന കാര്യങ്ങളാണ്.അത്യാവശ്യം സിനിമയുടെ തിരക്കിൽ നിൽക്കുമ്പോഴാണ് സൈക്യാട്രിയിൽ എം.ഡി ചെയ്യുന്നത്.

മറ്റു പാട്ടിനേക്കാൾ തമാശ ഗാനങ്ങൾ കൂടുതൽ ശ്രദ്ധേയമാകുന്നല്ലേ?
വ്യത്യസ്തമായ പലതരം പാട്ടുകൾ എഴുതാൻ ഭാഗ്യം ലഭിച്ചു. 'ആട്" ഒരു കാരിക്കേച്ചർ കഥാപാത്രമായിരുന്നു. അപ്പോൾ അതിലെ പാട്ടുകൾക്കും തമാശ വേണം. കുഞ്ഞിരാമായണം, ഇടി, തീവണ്ടി തുടങ്ങിയ സിനിമയിലെ റിഥം പാട്ടുകൾ ഇഷ്ടമാണ്. പ്രണയഗാനം എഴുതുമ്പോൾ ചിലപ്പോൾ മോശമെന്ന് പറയില്ല. എന്നാൽ തമാശപാട്ടുകൾ നിലവാരമില്ലെന്ന് പറയാൻ സാദ്ധ്യതയുണ്ട്. പരീക്ഷണം തന്നെയാണ് തമാശ പാട്ട് എഴുത്ത്. കുടുക്ക് പൊട്ടിയ കുപ്പായം ഏറെ ആസ്വദിച്ച് എഴുതിയ പാട്ടാണ്. സത്യത്തിൽ ആ പാട്ട് വിരഹമാണ്. സത്സ പാട്ടിലും അവരുടെ സങ്കടങ്ങളാണ്. മൈമിംഗിലൂടെ പറയുമ്പോൾ തമാശയായി മാറുന്നു. വാക്കുകൾ കൊണ്ടുള്ള കളിയാണ്.
വെല്ലുവിളി നേരിട്ട് എഴുതിയ പാട്ട് ഏതാണ്?
'ആട്" വിജയിച്ചില്ല.എന്നാൽ പാട്ടുകൾ ആളുകൾ ഏറ്റെടുത്തു. ആ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാക്കുക എന്നത് വെല്ലുവിളിയാണ്. കൊടികയറണ പൂരമായ് എന്ന പാട്ടിന്റെ ഊർജ്ജം ലഭിക്കുന്നതുപോലെ രണ്ടാം ഭാഗത്തിൽ ഗാനം ഉണ്ടാക്കുന്നതും വെല്ലുവിളി. അത്രമാത്രം നന്നായാൽ മാത്രമേ ആളുകൾ രണ്ടാമത്തെ പാട്ട് ഏറ്രെടുക്കുകയുള്ളൂ. എന്തു എഴുതുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ വേഗം എഴുതാൻ കഴിഞ്ഞു. 'മോഹൻലാൽ" സിനിമയിൽ ലാലേട്ടനെപ്പറ്റി പാട്ടെഴുതാൻ ബുദ്ധിമുട്ടി. ഏതൊരു മലയാളികളുടെ സ്വന്തമാണ് ലാലേട്ടൻ. അദ്ദേഹത്തെക്കുറിച്ച് സിനിമയിൽ ആദ്യമായി ഒരു പാട്ട് വരികയാണ്. ഞാനും മോഹൻലാൽ ആരാധകൻ. ലാലേട്ടൻ വിസ്മയിപ്പിച്ചതിൽ നിന്നു എന്ത് ഒഴിവാക്കുമെന്ന് ചിന്തിച്ചു. പാട്ടിന്റെ ഫ്രെയിമിൽ എല്ലാം പറയാനും കഴിയില്ല. എല്ലാം ആശങ്കകൾക്കും ഒടുവിൽ ഉണ്ടായ പാട്ടാണ് ഞാന് ജനിച്ചന്ന് കേട്ടൊരു പേര്, പിന്നെ ആഘോഷമായൊരു പേര്.പാട്ടെഴുത്തിലെ ഇത്തരം വെല്ലുവിളി ആസ്വദിച്ചു ഏറ്റെടുക്കുന്നു.

ഭാര്യയ്ക്കുവേണ്ടി പാട്ട് എഴുതാൻ സാധിച്ചിട്ടുണ്ടോ?
സിനിമയിൽ അത് അത്ര എളുപ്പമല്ല. വിവാഹം നിശ്ചയിച്ച സമയത്താണ് ഒരു വടക്കൻ സെൽഫിയിൽ പാട്ടെഴുതുന്നത്. നീലാമ്പലിന് ചേലോടെയെൻ എന്ന പാട്ട് എങ്ങനെ തുടങ്ങണമെന്ന് കുറെ ആലോചിച്ചു. ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാൻ പറഞ്ഞു. ആള് തിരഞ്ഞെടുത്തതാണ് നീലാമ്പലിന് ചേലോടെയെൻ. ഷാനിക്കയുടെ സംഗീതത്തിൽ വ്യത്യസ്തമായ പ്രണയഗാനം.ഹിമ ആയുർവേദ ഡോക്ടറാണ്. എം.ഡി ചെയ്യുന്നു. മകൾ പ്രണതിയ്ക്ക് മൂന്നര വയസ്.
ഹിറ്റ്സ് ഒഫ് മനുമഞ്ജിത്
1 മന്ദാരമേ (ഓംശാന്തി ഓശാന)
2 അന്തിച്ചോപ്പിൽ (വിക്രമാദിത്യൻ)
3 വേതാളം പോലെ (കുഞ്ഞിരാമായണം)
4 നീലാമ്പലിന് ചേലോടെയെൻ (ഒരു വടക്കൻ സെൽഫി)
5 രാവ് മായവേ (വേട്ട)
6 തിരുവാവണിരാവ് (ജേക്കബിന്റെ സ്വർഗരാജ്യം)
7 ലാലേട്ടാ (മോഹൻലാൽ)
8 മിന്നുന്നുണ്ടേ മുല്ല പോലെ ( തരംഗം)
9 പൊന്നിൻ കണിക്കൊന്ന (ഗോദ)
ആരോ നെഞ്ചിൽ (ഗോദ)
10 കുടുക്ക് പൊട്ടിയ കുപ്പായം (ലവ് ആക്ഷൻ ഡ്രാമ)
11 ഒരു തീപ്പെട്ടിക്കും വേണ്ട (തീവണ്ടി)
12 മുല്ലേ മുല്ലേ (അനുഗ്രഹീതൻ ആന്റണി)
കവിത
ഈ വിഷു
ഒരുപിടി
ഓർമ്മക്കൊന്ന
കുടഞ്ഞിട്ട് പോകുന്നു,
മനസ്സിന്റെ
വേനൽത്തീരത്തൊരു
മേടക്കാറ്റ്.
പടക്കങ്ങൾ
'സാമൂഹിക അകലം"പാലിക്കാതെ
കൈകോർത്ത് നിന്ന്
മാലപ്പടക്കമായി
പൊട്ടിത്തിമിർത്തത്.
പൂത്തിരി കമ്പിത്തിരി
മത്താപ്പൂവിതളുകളിൽ
പ്രണയം മിനുങ്ങിയത്.
കൈനീട്ടങ്ങൾ
'ഗൂഗിൾ പേ"യിൽ
മരിച്ചു കിടക്കാഞ്ഞത്.
അപ്പോൾ തെളിഞ്ഞ ചിരികൾ
മാസ്കിൽ മറയാഞ്ഞത്.
നേരത്തേ 'പണി തീർത്ത് " മടങ്ങാൻ
ധൃതിപ്പെടാതെ കൊന്നകൾ
എന്റെ വിഷുനാളിലേക്ക്
പൊന്നണിഞ്ഞ് ചാഞ്ഞത്.
പാട്ട് മറക്കാത്ത
വിഷുക്കിളികൾക്ക്
ആകാശം വിരിച്ച് കൊടുത്തത്.
കണിവെള്ളരികളിൽ
സൂര്യൻ ഒരുങ്ങിയത്.
കണ്ണീരപ്പങ്ങളിൽ
മധുരം നിറഞ്ഞത്.
'ഭഗവാൻ" എനിക്കൊപ്പം
ചിരിച്ചത്.
ഇനിയും
ഇന്നിന്നിരുൾപാടങ്ങളിൽ
'നല്ല" വിത്തെറിഞ്ഞ്
വിളവെടുപ്പിന്
കാത്തിരിക്കാൻ
പറയുന്നുണ്ട്
എന്നും
പ്രതീക്ഷയാകുന്ന
വിഷു !