government

കാസർകോട്: കന്യാസ്‌ത്രീകൾ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ആക്രമിച്ചു എന്നത് മുഖ്യമന്ത്രിയുടെയും കേരളസർക്കാരിന്റെയും ആരോപണം മാത്രമാണെന്നുമുള‌ള കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന്റെ പ്രസ്‌താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതന്ത്രമായി യാത്ര ചെയ്യാനുള‌ള അവകാശത്തിന് ഭരണഘടനയുടെ സംരക്ഷണമുള‌ള രാജ്യത്താണ് കന്യാസ്‌ത്രീകളാണ് എന്ന ഒ‌റ്റ കാരണത്താൽ ആക്രമണത്തിന് ഇരയായത്. ആ കാടത്തത്തെ ന്യായീകരിക്കാൻ ബിജെപി സോഷ്യൽ മീഡിയ പ്രചരണ ചുമതലയുള‌ള മന്ത്രി തന്നെ ഒരു മടിയുമില്ലാതെ പച്ചക്കള‌ളം പറയുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ആക്രമണത്തെ അപലപിക്കാൻ പോലും പീയൂഷ് ഗോയൽ തയ്യാറായില്ല. കൊവിഡ് മഹാമാരി കാരണവും സാമ്പത്തിക തകർച്ച കാരണവും ജനം ദുരിതത്തിലും വറുതിയിലുമായിരിക്കുമ്പോൾ അത് ലഘൂകരിക്കാനും പരിഹരിക്കാനും ഉത്തരവാദിത്വമുള‌ള കേന്ദ്രസർക്കാർ അതിന് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല ജനങ്ങളെ ഭിന്നിപ്പിക്കാനുള‌ള അജണ്ട നടപ്പാക്കുകയും ചെയ്യുന്നെന്ന് മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെ വിമർശിച്ചു. ഇത്തരം നടപടി ആർ.എസ്.എസ് അജണ്ടയാണ്.

ഭരണഘടനയെ തകർത്താനുള‌ള നീക്കം നടക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യവും തകർക്കുന്നു. ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസും ഇതിനെ അനുകൂലിച്ച് ഇടതുപക്ഷത്തെ എതിർക്കുന്നു. കൊവിഡ് വാക്‌സിനേഷൻ കഴിഞ്ഞാൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്ന് പറയുന്നു. മതം അടിസ്ഥാനപ്പെടുത്തി പൗരത്വം നിർണയിക്കുന്നത് ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ്. മുഖ്യമന്ത്രി പറഞ്ഞു. പൗരത്വനിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ജനങ്ങളുടെ ഐക്യമാണ് ഏതൊരു രാജ്യത്തിന്റെ ശക്തിയെന്നും അത് തകർക്കുന്ന ഏത് നീക്കവും എൽ.ഡി.എഫ് എതിർക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.