
അങ്കമാലിയിലെ  പെപ്പെയായും  ജല്ലിക്കെട്ടിലെ  ആന്റണിയായും തിളങ്ങിയ ആന്റണി  വർഗീസിന്  കൈനിറയെ  സിനിമകൾ
''സുഹൃത്തുമായി കാനഡയിൽ പോയപ്പോൾ ടൊറന്റോ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം കാണാൻ പോയിരുന്നു. അന്ന് അവനോട് ഞാൻ പറഞ്ഞു , ഇവിടെയെല്ലാം ഒരു സിനിമയുമായി വരണം. വേദിയിൽ കയറിനിൽക്കുന്ന നിമിഷമൊക്കെ ഓർത്തുനോക്കുവെന്ന് "". ആറുമാസങ്ങൾക്ക് ശേഷം ജല്ലിക്കെട്ടിന്റെ വേൾഡ് പ്രീമിയർ ടോറന്റോ ഫിലിം ഫെസ്റ്റിവലിൽപ്രദർശിപ്പിക്കുന്നു .വേദിയിൽ ലിജോ ജോസ് പെല്ലിശേരിയും ചെമ്പൻ വിനോദും ഗിരീഷ് ഗംഗാധരനും ഒപ്പം ആന്റണി വർഗിസും.ആ സ്വപ്നനിമിഷം സാധ്യമായിട്ടും ആന്റണിക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. സിനിമ പാരമ്പര്യമില്ലാതെ സ്വപ്രയത്നം കൊണ്ട് മലയാള സിനിമയിൽ സ്വന്തമായ ഇരിപ്പിടം കണ്ടെത്തിയ യുവതാരമാണ് ആന്റണി വർഗീസ്.ആദ്യ സിനിമ അങ്കമാലി ഡയറീസിലെ പെപ്പെയെ പ്രേക്ഷകർ സ്വീകരിക്കുന്നതിനൊപ്പം ആ വിളിപേരും ആന്റണിക്ക് സ്വന്തമായി.ഓസ്കാർ നോമിനേഷൻ നേടിയ മലയാള സിനിമ ജല്ലിക്കെട്ടിൽ ആന്റണിയായി തന്നെ ആന്റണി വർഗീസ് എത്തി. ചുരുങ്ങിയ കാലം കൊണ്ട് താൻ പിന്നിട്ട വിജയവഴികളും ഏറ്റവും പുതിയ വിശേഷങ്ങളും ആന്റണി തന്റെ അങ്കമാലിയിലെ കരയാംപറമ്പിലെ വീട്ടിലിരുന്ന് സംസാരിച്ചു തുടങ്ങി.
അജഗജാന്തരത്തിലെ കഥാപാത്രം ?
ആനക്കാരൻ ലാലിയായിട്ടാണ് അജഗജാന്തരത്തിൽ.സ്വാതന്ത്ര്യം അർദ്ധരാത്രിയ്ക്ക് ശേഷം പാപ്പനുമായുള്ള (ടിനു പാപ്പച്ചൻ )രണ്ടാമത്തെ ചിത്രം. അങ്കമാലി ഡയറീസിൽ എന്റെ കൂടെ ഉണ്ടായിരുന്ന കിച്ചു ഡെല്ലസിന്റെയും വിനീത് വിശ്വത്തിന്റയും  തിരക്കഥ. മേയ് 28 നാണ് റിലീസ്, കൊവിഡ് ലോക്ക് ഡൗണിന് തൊട്ടുമുൻപേ ഷൂട്ട് കഴിഞ്ഞ ചിത്രമാണ് അത്.ഒരു ഉത്സവുമായി ബന്ധപ്പെട്ടു നടക്കുന്ന കഥയാണ് അജഗജാന്തരം. ആനയെ വാടകയ്ക്കെടുത്ത ആന പാപ്പന്റെ റോളിലാണ് എത്തുന്നത്.ഷൊർണുർ വാഴാനിക്കാവ് അമ്പലവും പരിസരവുമായിരുന്നു ലൊക്കേഷൻ. ഇനി എന്റേതായി തിയേറ്ററിൽ എത്തുന്ന ആദ്യ ചിത്രം അജഗജാന്തരമായിരിക്കും.

അങ്കമാലിയിലേക്ക് എത്തിയപ്പോൾ?
എന്റെ ഒരു കൂട്ടുകാരൻ, അവനു ചാൻസ് കിട്ടാൻ വേണ്ടി ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച ഷോർട്ട് ഫിലിം അങ്കമാലി ടീമിനെ കാണിക്കുകയായിരുന്നു. അങ്ങനെയാണ് അവർ വിളിക്കുന്നത്. ഓഡിഷൻ അറ്റൻഡ് ചെയ്തു. അതിൽ തിരഞ്ഞെടുക്കുകയായിരുന്നു. അതിൽ പെപ്പെ ഞാനാണെന്ന് അറിഞ്ഞ നിമിഷം ഓർക്കുമ്പോൾ ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. പെപ്പെ തന്നെയാണ് എപ്പോഴും പ്രിയപ്പെട്ട കഥാപാത്രം. സിനിമയിലേക്ക് എത്താൻ നല്ല ഭാഗ്യവും ഒപ്പം കഠിനാധ്വാനവും വേണം,ഒപ്പം നമ്മുടെ സമയം കൃത്യമായി വരണം. സിനിമയിലേക്ക് എത്തുക എന്നത് എന്നെ സംബന്ധിച്ച് പ്രയാസമാണ്. അതേപോലെ സിനിമയിൽ നിലനിൽക്കാനും പ്രയാസമാണ്. സിനിമയിൽ നല്ല കഥാപാത്രമായി തുടക്കം കുറിക്കാനും പിന്നീട് നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനും പ്രയാസമാണ്. നല്ല തിരക്കഥകൾ നോക്കി തിരഞ്ഞെടുക്കണം. ചിലപ്പോൾ നമ്മുടെ തിരഞ്ഞെടുപ്പ് തെറ്റാവാനും സാധ്യതയുണ്ട്.ഒരാൾ തിരക്കഥയുമായി വരുമ്പോൾ അവരുടെ ടീമിനെ കുറിച്ച് കൂട്ടുകാരോടെല്ലാം അന്വേഷിക്കാറുണ്ട്.
മറ്റു പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ് ?
ആനപ്പറമ്പിലെ വേൾഡ് കപ്പാണ് ഇനി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. നിഖിൽ പ്രേം രാജാണ് സംവിധാനം ചെയ്തിരിക്കുന്നത്. പേരിൽ ആനയുണ്ടെങ്കിലും അജഗജാന്തരം പോലെ ഇതൊരു ആന പടമല്ല. നാട്ടിൻ പുറത്തെ ചെറിയ കുട്ടികളും അവരുടെ ഫുട്ബാൾ ടീംമിനിയെല്ലാം ബന്ധപ്പെടുത്തിയാണ് സിനിമ. ജൂണിലായിരിക്കും ചിത്രത്തിന്റെ റിലീസ്.

ആന്റണിയുടെ സിനിമാതിരഞ്ഞെടുപ്പ് എങ്ങനെ ?
എന്റെ എല്ലാ സിനിമകൾക്കും ഒരേ ടോണാണ് എന്ന് പറയുന്നവരുണ്ട്. ഒന്നും ഞാൻ മനഃപൂർവം ചെയ്യുന്നതല്ല. എനിക്ക് അധികവും വരുന്ന തിരക്കഥകൾ ആ ഒരു ടൈപ്പ് കഥകളാണ്. അതിൽ നിന്ന് ഞാൻ എനിക്ക് ചെയ്യാൻ കഴിയുന്ന കഥകൾ തിരഞ്ഞെടുക്കുന്നു. അതിൽ കൂടുതലൊന്നും നോക്കാറില്ല. അല്ലാതെ ഇങ്ങനത്തെ കഥാപാത്രം മാത്രമേ ചെയ്യുകയൊള്ളുവെന്ന നിർബന്ധമില്ല. അങ്കമാലി കഴിഞ്ഞ് ഒരുപാട് തിരക്കഥകൾ വായിച്ചു. ലിജോ ചേട്ടൻ പറഞ്ഞു ഇങ്ങനെയൊരു കഥയുണ്ട് നമുക്ക് ചെയ്യാം എന്ന് പറയുകയായിരുന്നു. ജല്ലിക്കെട്ടിന്റെ കാര്യത്തിൽ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല, ബാക്കിയെല്ലാം തിരക്കഥ ഇഷ്ടപ്പെടുകയും എനിക്ക് ചെയ്യാൻ സാധിക്കുമെന്ന് തോന്നിയിട്ട് ചെയ്തതാണ്.ജല്ലിക്കെട്ടിന് ഓസ്കാർ എൻട്രി വരെ കിട്ടിയപ്പോൾ എന്റെ അവസ്ഥ സത്യം പറഞ്ഞാൽ പൊട്ടനു ലോട്ടറി അടിച്ചത് പോലെയായിരുന്നു. എന്ത് പറയണം, എന്ത് ചെയ്യണമെന്നൊന്നും അറിയാത്തൊരു അവസ്ഥ. ഇതുവരെ ഞാൻ അഭിനയിച്ച എല്ലാ സിനിമകളുടെയും ഭാഗമാവാൻ എനിക്ക് സാധിച്ചത് ഭാഗ്യമായാണ് കൂട്ടുന്നത്.
കഥാപാത്രങ്ങൾക്ക് വേണ്ടി എന്തെങ്കിലും തയ്യാറെടുപ്പുകൾ എടുക്കാറുണ്ടോ?
ഞാൻ അതിനുമാത്രം ബുദ്ധിമുട്ടുള്ള കഥാപാത്രങ്ങളൊന്നും ചെയ്തിട്ടില്ലെന്നാണ് എന്റെ വിശ്വാസം. ഞാൻ ഒരു തുടക്കകാരനാണ്. എല്ലാം പഠിച്ചുവരുന്നതേയുള്ളു. അഭിനയത്തിന്റെ കാര്യമാണ്  പറഞ്ഞത്. ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. ജല്ലിക്കെട്ടിലും അജഗജാന്തരത്തിലുമാണ് ശാരീരികമായി ഏറ്റവും ബുദ്ധിമുട്ടുകൾ അനുഭവിച്ചത്. തൊണ്ണൂറു ശതമാനം ഡ്യൂപ്പ് ഇല്ലാതെയാണ് ചെയ്യുന്നത്. വലിയ ഉയരത്തിൽ നിന്നു ചാടുന്നതും ചില്ല് കൊണ്ട് ദേഹത്ത് അടിക്കുന്നതൊക്കെയാണ് ഡ്യൂപ്പിനെ വച്ച് ചെയ്യിപ്പിക്കാറുള്ളത്. അല്ലാതെയുള്ള ഒരുവിധം ഭാഗങ്ങളെല്ലാം സ്വയം ചെയ്യാറാണ് പതിവ്. അജഗജാന്തരത്തിൽ വലിയൊരു ഉയരത്തിൽ നിന്ന് ചാടുന്ന സീനെല്ലാം ഡ്യൂപ്പിനെ വെക്കാതെയാണ് ചെയ്തിട്ടുള്ളത്. സംവിധായകർ പറയുന്നതനുസരിച്ച് തടി കുറയ്ക്കുകയും കൂട്ടുകയും ചെയ്യാറുണ്ട്.

സിനിമ മോഹം ഒപ്പം കൂടിയത് എപ്പോഴാണ് ?
പ്ലസ് ടു കാലഘട്ടത്തിലാണ് സിനിമയിൽ അഭിനയിച്ചാൽ കൊള്ളാമെന്ന് തോന്നിയത്. അന്ന് മ്യൂസിക് ആൽബം ട്രെൻഡിംഗിൽ നിൽക്കുന്ന സമയം. ഞാനും എന്റെ ഒരു കൂട്ടുക്കാരനുംചേർന്ന് ഒരു ആൽബം ചെയ്യാമെന്ന് തീരുമാനിക്കുന്നു. പാട്ടെല്ലാം ഞങ്ങൾ കംപോസ് ചെയ്തുവച്ചു. പക്ഷേ എങ്ങനെയാണ് ഈ സംഗതിയെന്ന് ഒരുപിടിയുമില്ല, ആ സമയത്ത് അവൻ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കാൻ കോയമ്പത്തൂരിലേക്ക് പോയി. മ്യൂസിക് ആൽബത്തിന്റെ പ്ലാൻ അവിടെ വച്ച് അവസാനിച്ചു. പിന്നീട് ഞാൻ മഹാരാജാസിലേക്ക് എത്തിയതാണ് സിനിമയിലേക്കുള്ള വഴിയിൽ മറ്റൊരു വഴിത്തിരിവുണ്ടായത്. അവിടെ ഉള്ളവർ മിക്കവരും സിനിമ പ്രേമികൾ. സിനിമയെ കുറിച്ച് സംസാരിക്കുന്നവർ. സിനിമ ഇഷ്ടപ്പെടുന്നവരുടെ കൂടെ ഇരുന്ന് സിനിമ സംസാരിക്കും. സിനിമയുമായി കൂടുതൽ അടുക്കാൻ മോഹം വന്നു തുടങ്ങി. നടനായാൽ കൊള്ളാമെന്ന് തോന്നിത്തുടങ്ങി. അങ്ങനെയാണ് ഷോർട്ട് ഫിലിമിലെല്ലാം അഭിനയിച്ചു തുടങ്ങിയത്.
നടനായതിന് ശേഷം ഉണ്ടായ മാറ്റം ?
വലിയ മാറ്റങ്ങളൊന്നും തോന്നുന്നില്ല. ഞാൻ ആഗ്രഹിച്ചിരുന്ന ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്രചെയ്യാൻ സാധിച്ചു. വീട്ടിലേക്ക് അന്വേഷിച്ചു നമ്മളെ ഇഷ്ടപ്പെടുന്നവർ തേടിവരുന്നു. വീട്ടിൽ ഒരു ഹോം തിയേറ്റർ വേണമെന്ന് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അത് സിനിമയിൽ വന്നതിന് ശേഷം സാധിച്ചു.
കുടുംബം ?
അപ്പ വർഗീസ് . അമ്മ അൽഫോൺസ, അനിയത്തി അഞ്ചു. അനിയത്തിയുടെ ഭർത്താവ് ജിപ്സൺ.