
അഞ്ചുവർഷം പിന്നിടുന്ന വിവാഹജീവിതത്തിന്റെയും ദുബായ് വാസത്തിന്റെയും വിശേഷങ്ങൾ രാധിക പങ്കുവയ് ക്കുന്നു
രണ്ടാളുടെയും കുട്ടിക്കളി മാറിയിട്ടില്ലെന്ന് രണ്ട് പേരോടും പറയാറുണ്ട്. രാധികയുടെയും അഭിയുടെയും വീട്ടുകാർ.
'കല്യാണം കഴിഞ്ഞ് അഞ്ചുവർഷമായില്ലേ ഇനി എന്നാ ഒരു കുഞ്ഞിക്കാല് കാണുന്നേ"യെന്ന് ചോദിക്കുന്ന കൂട്ടുകാരോട് "ആദ്യം ഞങ്ങളുടെ കുട്ടിക്കളി മാറട്ടെ. എന്നിട്ടാവാ "മെന്നാണ് അഭിയും രാധികയും മറുപടി പറയാറ്.
'ഒരു കുട്ടിയുടെ അച്ഛനും അമ്മയുമാകാനുള്ള പക്വത ഞങ്ങൾക്ക് വന്നുവെന്ന് തോന്നാതെ അതേപ്പറ്റി ചിന്തിക്കുന്നതേയില്ല." രാധികയും അഭിയും ഒരേസ്വരത്തിൽ പറയുന്നു.
ദുബായിലെ ടൗൺഷിപ്പല്ല അൽബരാരി. ജനസാന്ദ്രത കുറഞ്ഞ പച്ചപ്പ് നിറഞ്ഞ സ്ഥലം. അൽബരാരിയിലേക്ക് ആദ്യമായി വരുന്ന ഒരാൾ ഇത്രയും പച്ചപ്പും തണുപ്പും നിറഞ്ഞ ഒരു സ്ഥലം ദുബായിലുണ്ടോയെന്ന് അതിശയിച്ചുപോകും. ഇരുവശവും ഇടതൂർന്ന് വളർന്ന് നിൽക്കുന്ന വഴി ചെന്നവസാനിക്കുന്നത് ഒരു ഫ്ളാറ്റ് സമുച്ചയത്തിലേക്കാണ്.
അൽബരാരിയിലെ പുതിയ ഫ്ളാറ്റിലേക്ക് രാധികയും ഭർത്താവ് അഭിലും താമസം മാറിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. "കല്യാണം കഴിഞ്ഞിട്ട് അഞ്ചാമത്തെ വർഷമാണിത്. ദുബായിലെത്തിയിട്ടും അഞ്ചുവർഷമാകുന്നു."" താൻ വരച്ച മ്യൂറൽ പെയിന്റിംഗുകൾ സ്വാഗതമോതുന്ന ഫ്ളാറ്റിലെ സ്വീകരണ മുറിയിലിരുന്ന് രാധിക പറഞ്ഞ് തുടങ്ങി.
ക്ളാസ്മേറ്റ്സ് എന്ന പ്രിയ സിനിമ റിലീസായിട്ട് വർഷം പതിനഞ്ചുകഴിയുന്നു. കാലം പക്ഷേ ക്ളാസ്മേറ്റ്സിലെ റസിയയെ അവിസ്മരണീയമാക്കിയ രാധികയിൽ കാതലായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
"അല്പം തടികൂടിയോ"യെന്ന ചോദ്യം കേട്ടപ്പോൾ രാധിക പൊട്ടിച്ചിരിയോടെ അടുത്തിരുന്ന അഭിയെ നോക്കി.

"ഞങ്ങൾ ഇവിടെ കുക്കിനെയൊന്നും വച്ചിട്ടില്ല. ഞങ്ങൾ തന്നെയാണ് കുക്ക് ചെയ്യുന്നത്. അഭി നന്നായി ഭക്ഷണമാസ്വദിക്കുന്നയാളാണ്. കല്യാണത്തിന് മുൻപ് ഞാൻ പാചകത്തിൽ അത്ര എക്സ്പർട്ടൊന്നുമായിരുന്നില്ല. അമ്മ ഒാരോന്നുണ്ടാക്കുമ്പോൾ നോക്കിക്കണ്ട് പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ ചേട്ടനും ദുബായിലാണ്. ഇവിടെ വല്ലപ്പോഴും വെക്കേഷന് വരുമ്പോൾ ഞാനും ചേട്ടനും കൂടിചേർന്ന് പാചക പരീക്ഷണങ്ങളൊക്കെ നടത്തുമായിരുന്നു. അമ്മയെ വിളിച്ചായിരുന്നു സംശയങ്ങളൊക്കെ ചോദിച്ചിരുന്നത്. അങ്ങനെ അമ്മയെ ഫോൺ വിളിച്ച് ചോദിച്ച് പരീക്ഷിച്ചിരുന്ന പരിചയം മാത്രമേ പാചകത്തിൽ എനിക്കുള്ളൂ. എങ്കിലും ആവശ്യം വന്നപ്പോൾ കുറേശെ പഠിച്ചെടുത്തു. അമ്മയുണ്ടാക്കുന്ന വിഭവങ്ങൾ ഇപ്പോൾ ഞാനും തെറ്റില്ലാതെയുണ്ടാക്കാൻ പഠിച്ചു. ഞാൻ വെജിറ്റേറിയൻ സ്പെഷ്യലിസ്റ്റാണ്. നോൺവെജിലേക്ക് അത്രയ്ക്കങ്ങ് കൈത്തഴക്കം വന്നിട്ടില്ല. അഭിക്ക് ചിക്കൻ വിഭവങ്ങളാണ് കൂടുതലിഷ്ടം. ചിക്കൻ കറിയേക്കാൾ ചിക്കൻ ഫ്രൈയും ചിക്കൻ റോസ്റ്റുമൊക്കെയാണിഷ്ടം. അഭിയുടെ ഫേവറിറ്റ് ചിക്കൻ ബിരിയാണിയാണ്. ഞാൻ കല്യാണം കഴിഞ്ഞ് വന്നസമയത്ത് ഇൗ പഞ്ചായത്തിലെ ഒാരോ മണിയരിയും ഞാൻ പെറുക്കിയെടുത്തു, ഇനി രാമൻനായരുടെ കടയിലെ അരി കൂടിയേ ബാക്കിയുള്ളൂവെന്ന് പറഞ്ഞതുപോലെയായിരുന്നു കാര്യങ്ങൾ. ദുബായിൽ എവിടെയൊക്കെ ബിരിയാണി കിട്ടുന്ന റെസ്റ്റോറന്റുകളുണ്ടോ ആരോടെങ്കിലുമൊക്കെ ചോദിച്ചറിഞ്ഞ് അവിടെയൊക്കെ പോയി ഞങ്ങൾ ബിരിയാണി കഴിക്കുമായിരുന്നു. ദുബായിലെ ഒരുവിധം ബിരിയാണിക്കടകളൊക്കെ ഞങ്ങൾ അരിച്ചുപെറുക്കിയിട്ടുണ്ട്. ഇനി പുതിയ ഏതെങ്കിലും കടകൾ വരണം. അങ്ങനെ അഭിയുടെ ബിരിയാണി പ്രിയം കൊണ്ട് ഞാൻ പൊറുതിമുട്ടി. വീട്ടിൽ ഞാൻ കൂടുതൽ വെജിറ്റേറിയൻ കഴിച്ച് ശീലിച്ചിട്ടുള്ളയാളാണ്. നോൺവെജ് കഴിക്കുമെങ്കിലും ഞാനൊരു നോൺവെജ് ഫാനൊന്നുമല്ല. അഭിയുടെ ചിക്കൻ ബിരിയാണി പ്രേമം സത്യം പറഞ്ഞാൽ എന്നെ മടുപ്പിച്ചു. പുറത്തുപോയിട്ടുള്ള ബിരിയാണിത്തീറ്റ അവസാനിപ്പിക്കാൻ അത്യാവശ്യം തെറ്റില്ലാത്ത രീതിയിൽ ഞാൻ ബിരിയാണിയുണ്ടാക്കാൻ പഠിച്ചു. അഭി മതിയാവോളം കഴിക്കട്ടെയെന്ന് വിചാരിച്ച് ഞാൻ എല്ലാദിവസവും ബിരിയാണി വച്ചു. അങ്ങനെ കഴിച്ച് കഴിച്ച് ഒരുദിവസം കക്ഷിപറഞ്ഞു: 'ഇനി ബിരിയാണി വേണ്ട. നമുക്ക് വേറെ വല്ലതും കഴിക്കാം."

ചിക്കൻ ബിരിയാണിക്കു പുറമേ എന്റേതായ രീതിയിൽ ചിക്കൻ ഫ്രൈയും ഞാനുണ്ടാക്കും. യൂ ട്യൂബ് നോക്കിയും അമ്മയെ വിളിച്ച് ചോദിച്ചും ഞാനൊരു വിധം പാചകം പഠിച്ചു."
അല്പം തടി കൂടിയതിന്റെ രഹസ്യം തന്റെ കൈപ്പുണ്യം തന്നെയാണെന്ന് രാധിക പറഞ്ഞത് അഭിയും ശരിവച്ചു. പാചകത്തിന്റെയും വീട്ടുകാര്യങ്ങൾ നോക്കുന്നതിന്റെയും തിരക്കൊഴിയുമ്പോഴാണ് രാധിക മ്യൂറൽ പെയിന്റിംഗിലേക്ക് തിരിയുന്നത്.
"മ്യൂറൽ പെയിന്റിംഗ് പണ്ട് തൊട്ടേ ചെയ്യാറുണ്ടെങ്കിലും എനിക്ക് കുറേകൂടി നന്നായി പഠിക്കണമെന്നുണ്ടായിരുന്നു.
ഇവിടെ ഒരു ചിത്രകലാദ്ധ്യാപകന്റെ കീഴിൽ ഇടയ്ക്ക് ഞാൻ പഠിക്കുന്നുണ്ട്. അതുകഴിഞ്ഞാൽ അമ്മയെ ഫോണിൽ വിളിച്ച് സംസാരിക്കും. ചിലപ്പോൾ ഞങ്ങളുടെ ഫ്രണ്ട്സ് വരും. ഇവിടെ എനിക്ക് സമയം പോകുന്നില്ലെന്ന പരാതിയേയില്ല. ഒന്നിനും സമയം തികയുന്നില്ലെന്നേയുള്ളൂ. നാട്ടിലാണെങ്കിൽ വീട്ടിൽ നിന്ന് എവിടേക്കെങ്കിലുമൊക്കെ പോകുന്നതിന് ഒരു പരിധിയുണ്ട്.
പക്ഷേ ദുബായിൽ ആ പ്രശ്നമില്ല. ദുബായ് ഹോൾഡിംഗ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയിൽ മാർക്കറ്റിംഗ് വിഭാഗത്തിലാണ് അഭി ജോലി ചെയ്യുന്നത്. ഒാഫീസിൽനിന്ന് വൈകിട്ട് ഒരു ആറേഴ് മണിക്ക് അഭി വന്ന് കഴിഞ്ഞ് രാത്രി ബോറടിക്കുകയാണെങ്കിൽ ഞങ്ങൾ വെറുതെ ചുറ്റാനിറങ്ങും.
അൽബരാരിയിലെ രാധികയുടെയും അഭിയുടെയും ഫ്ളാറ്റിൽ നിന്ന് പതിനഞ്ചു മിനിട്ട് ഡ്രൈവ് ചെയ്താൽ ദുബായ് എക്സ്പോലേക്കിലെത്താം., കൊവിഡ് കാരണം നീട്ടിവയ്ക്കപ്പെട്ട ദുബായ് എക്സ്പോ നടക്കേണ്ടിയിരുന്നത് ഇവിടെയാണ്. ദുബായ് എക്സ്പോയുടെ ലോഗോയുടെ മാതൃകയിൽ സജ്ജീകരിച്ചിരിക്കുന്ന നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഇൗ കൃത്രിമ ഉദ്യാനത്തിന്റെ ആകാശക്കാഴ്ച അതി മനോഹരമാണ്.
ദുബായ് എക്സ്പോ ലേക്കാണ് അഭിയും രാധികയുമൊരുമിച്ചുള്ള ഫോട്ടോ ഷൂട്ടിന് പശ്ചാത്തലമായി നിശ്ചയിച്ചിരുന്നത്.
"ദേ റസിയ...." എക്സ്പോ ലേക്കിൽ വച്ച് അവിചാരിതമായി രാധികയെക്കണ്ട് മലയാളികളാരോ ആഹ്ളാദത്തോടെ വിളിച്ചുപറഞ്ഞു: "റസിയാ..."നുള്ള വിളി കേട്ട് രാധികയുടെ മുഖത്ത് ആഹ്ളാദം നിറഞ്ഞ ചിരി വിടർന്നു.

"രാധികയെന്ന എന്റെ പേരറിയാത്തവർക്ക് പോലും റസിയയെ അറിയാം. പതിനഞ്ചുവർഷം കഴിഞ്ഞിട്ടും എന്റെ മനസിൽ നിന്നും മാഞ്ഞുപോകാത്ത കഥാപാത്രമാണ് ക്ളാസ്മേറ്റ്സിലെ റസിയ. ക്ളാസ്മേറ്റ്സ് കഴിഞ്ഞിട്ട് ഒരു വർഷത്തിനകമാണ് ഞാൻ മിഷൻ 90 ഡേയ്സ് ചെയ്യുന്നത്. പിന്നെ ചങ്ങാതിപ്പൂച്ച. മിഷൻ 90 ഡേയ്സിലെ നളിനി നല്ല കഥാപാത്രമായിരുന്നെങ്കിലും സിനിമ അത്ര വിജയമായില്ല. അതുകൊണ്ട് ആ കഥാപാത്രവും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെ വന്ന ചങ്ങാതിപ്പൂച്ചയും ഗുണം ചെയ്തില്ല. മിന്നാമിന്നിക്കൂട്ടം, നസ്രാണി, ഡാഡി കൂൾ എന്നീ സിനിമകളിലൊക്കെ സാധാരണ കഥാപാത്രങ്ങളായിരുന്നു. ഇൻ ഗോസ്റ്റ് ഹൗസ് ഇന്നിലാണ് പിന്നീട് അഭിനയ സാധ്യതയുള്ള ഒരു വേഷം കിട്ടിയത്. 2 ഹരിഹർനഗറിന് കിട്ടിയയത്രയും ഒരു വരവേല്പ് ഗോസ്റ്റ് ഹൗസിന് കിട്ടിയില്ല. ആ സിനിമ ഒരുപാട് തവണ ചാനലുകളിൽ വരുന്നത് കൊണ്ടാവാം അതിൽ ഞാനവതരിപ്പിച്ച ഇരട്ട കഥാപാത്രങ്ങളെ ഇന്നും ആളുകൾ ഒാർത്തിരിക്കുന്നത്. പക്ഷേ റസിയയോട് തോന്നിയ ഒരടുപ്പം ഒരിക്കലും ഗോസ്റ്റിനോട് തോന്നില്ലല്ലോ. ക്ളാസ്മേറ്റ്സിലെ റസിയ എനിക്ക് കിട്ടിയ ലൈഫ് ടൈം ബെസ്റ്റ് ക്യാരക്ടറാണ്." രാധിക പറയുന്നു.
'ഇനി സിനിമ ചെയ്യുമോയെന്ന ചോദ്യത്തിന് "ഞാൻ ഇനി സിനിമ ചെയ്യില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലല്ലോയെന്നായിരുന്നു രാധികയുടെ മറുപടി. 'എന്റെ കല്യാണം കഴിഞ്ഞിട്ടാണ് ഞാൻ ഷാജി എൻ. കരുൺ സാറിന്റെ ഒാള് എന്ന സിനിമയിൽ അഭിനയിച്ചത്. ഷെയ്ൻ നിഗമിന്റെയൊപ്പം മീനാക്ഷിയെന്ന കഥാപാത്രം.
കല്യാണം കഴിഞ്ഞ് വന്നയിടയ്ക്ക് രാവിലെ എഴുന്നേറ്റ് അഭിക്ക് ഏഴ് മണിക്കൊക്കെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിക്കൊടുക്കുന്ന ഒരു ഭാര്യയായിരുന്നു ഞാൻ. കുറച്ച് നാള് കഴിഞ്ഞപ്പോഴേക്കും ചെക്കൻ കുഴപ്പമില്ലാന്ന് മനസിലായപ്പോ രാവിലെ ഒമ്പതര കഴിയുമ്പോൾ എഴുന്നേറ്റ് അഭിക്ക് ഫോൺ ചെയ്തു: 'അഭീ ഒാഫീസിലെത്തിയോ , നീയിന്ന് വല്ലതും കഴിച്ചോ"യെന്ന് ചോദിക്കുന്നതായി രീതി.മ്യൂറൽ പെയിന്റിംഗ് അല്പംകൂടി വിപുലമായ രീതിയിൽ ചെയ്യാനുള്ള പദ്ധതിയുണ്ടെന്ന് രാധിക പറയുന്നു. 'സുഹൃത്തുക്കൾവഴിയോ മറ്റോ ചിത്രങ്ങൾ കണ്ട് ഇഷ്ടമായവർ ആവശ്യപ്പെട്ടാൽ പെയിന്റിംഗുകൾ അവർക്ക് വിൽക്കാറുണ്ട്."
ഒരു പുതിയ മ്യൂറൽ പെയിന്റിംഗിന്റെ പണിപ്പുരയിലാണ് രാധിക ഇപ്പോൾ. വിഷയം പഴയതുതന്നെ; രാധാമാധവം.
'കൃഷ്ണൻ എപ്പോഴും എന്റെ വീക്ക്നെസാണ്. കൃഷ്ണനും രാധയും അവരുടെ പ്രണയവും എപ്പോഴും നമ്മുടെ സിരകളിലൂടെ പ്രവഹിക്കുന്ന ഒന്നാണ്. പ്രണയിച്ച് കൊതി തീരാത്ത എന്റെയും അഭിയുടെയും പ്രണയം പോലെ..."