
ദൃശ്യം2 ൽ ജോസായി എത്തിയ അജിത്ത് കൂത്താട്ടുകുളം ഇപ്പോൾ തിരക്കിലാണ്
''പണ്ട് ഒരു സിനിമയിൽ ചെറിയ വേഷം ചെയ്തിട്ട് നാട്ടിൽ ചങ്ങാതിമാരെയെല്ലാം കൂട്ടി ആഘോഷമാക്കി തിയേറ്ററിൽ പോയി. സിനിമ തുടങ്ങിയപ്പോൾ മുതൽ ആരവം. ഞാൻ അഭിനയിച്ച സീനാണെങ്കിൽ അവർ കട്ട് ചെയ്തു കളഞ്ഞു. അവന്മാർ എല്ലാവരും കൂടി എന്നെ കളിയാക്കി കൊന്നു. സംഭവം ചിരിച്ചാണ് ഞാൻ നിന്നതെങ്കിലും ഉള്ളിലൊരു വിങ്ങലായിരുന്നു.ദൃശ്യത്തിൽ അഭിനയിച്ചു എന്നൊക്കെ അവന്മാരോടും പറഞ്ഞപ്പോൾ '' സിനിമ ഇറങ്ങുമ്പോൾ എവിടേലും ഉണ്ടാവുമോ ഡേയ് ""എന്നായിരുന്നു ആദ്യത്തെ ചോദ്യം. ശേഷം കൂട്ടച്ചിരി ആണെങ്കിലും അങ്ങനെ കേൾക്കുമ്പോൾ ഒരു വിങ്ങലാണ്. ദൃശ്യം റിലീസ് ചെയ്യുന്ന സമയത്ത് ഒരു ചാനലിന്റെ ഷൂട്ടിന് വേണ്ടി ഞാൻ തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു. ഒട്ടും റേഞ്ചില്ലാത്ത സ്ഥലം. തലേന്ന് ജിത്തു സാറെ വിളിച്ചു റീലിസ് വിവരം അന്വേഷിച്ചു. എനിക്കാണേൽ ഫോണിൽ ആമസോൺ പ്രൈം എടുക്കാനൊന്നും അറിയില്ല.ടെൻഷനായി ഫോൺ ഓഫ് ചെയ്തു കിടന്നുറങ്ങി. പിറ്റേന്ന് ഫോൺ ഓൺ ആക്കിയപ്പോൾ ഒരുപാടുപേർ വിളിക്കുന്നു. അളിയാ ..മച്ചാനെ ..കലക്കിയന്നൊക്കെ... പറഞ്ഞ് .കാനഡയിൽ നിന്ന് പോലും കാളുകൾ . കൂട്ടുകാരെല്ലാം നാട്ടിൽ പ്രോജക്ടറെല്ലാം വച്ച് ദൃശ്യം നാട്ടുകാരെ കാണിക്കുന്നു. ഒരു തിയേറ്റർ പ്രതീതി. മൂന്നു ദിവസം കഴിഞ്ഞാണ് ഞാൻ കാണുന്നത്. സ്ക്രിപ്ടിൽ എന്റെ സീനുകൾ മാത്രമേ ഞാൻ വായിച്ചിരുന്നതൊള്ളൂ അതുകൊണ്ട് തന്നെ സിനിമയിലെ ട്വിസ്റ്റ് ഞാനാണെന്ന് അറിയുന്നത് സിനിമ കാണുമ്പോഴായിരുന്നു.കൂട്ടുകാരുടെ കൂടെ ഇരുന്നു കാണുമ്പോൾ അഭിമാനം തോന്നിയിരുന്നു.'' സിനിമ അജിത്ത്കുത്താട്ടുകുളത്തിന്റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത വിരുന്നുകാരനായി എത്തിയതാണ്. താൻ സ്വപ്നത്തിൽ പോലും കാണാത്ത ജീവിതത്തെ കുറിച്ച് അജിത്ത് സംസാരിച്ചു തുടങ്ങി.

''ലോക്ക്ഡൗൺ സമയം പൊതുവെ എല്ലാവർക്കും ദുരന്തമാണെങ്കിലും എനിക്കത് ഭാഗ്യമായാണ് തോന്നിയിട്ടുള്ളത്. ജിത്തു സാർ ആ സമയത്ത് യൂ ട്യൂബിൽ ഒരുപാട് കോമഡി വിഡിയോകളെല്ലാം കാണാറുണ്ടായിരുന്നു. അപ്പോഴാണ് എന്നെയും സുമേഷ് ചന്ദ്രനെയും (ഷാഡോ പോലീസ് ) ജീത്തു സാർ ശ്രദ്ധിക്കുന്നത്.അങ്ങനെയാണ് ജീത്തു സാർ വിളിക്കുന്നത്. ജീത്തു സാർ ആദ്യം പറഞ്ഞത് അജിത്ത് ചെയ്യുന്ന കഥാപാത്രം (ജോസ് )ദൃശ്യത്തിൽ ചിരിക്കുന്നതേയില്ലായെന്നായിരുന്നു അതുകേട്ടപ്പോൾ ആദ്യമൊരു പേടിയുണ്ടായി. ഞാൻ ഈ കോമഡി പരിപാടികളാണ് കൂടുതലും ചെയ്യുന്നത്. ചിരിക്കാതെ കാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട രംഗങ്ങൾ കുറവാണ്.എങ്ങനെ ജോസിനെപോലെയൊരു കഥാപാത്രം ചെയ്യുമെന്ന ടെൻഷനുണ്ടായിരുന്നു. ജീത്തു സാർ,ആന്റണി പെരുമ്പാവൂർ ,ലാലേട്ടൻ ഈ ടീമിന്റെ ഒരു സിനിമയിൽ വെറുതെ നടക്കുന്ന ഒരാളാണെങ്കിലും ഞാൻ ചെയ്യും. അത്രയും വലിയൊരു ഭാഗ്യമാണ് എനിക്ക് കിട്ടിയത്. ലാലേട്ടന്റെ കൂടെ രണ്ടു കോമ്പിനേഷൻ സീനുകളായിരുന്നു. ലാലേട്ടൻ സെറ്റിൽ വന്നപ്പോഴേക്കും എന്റെ രണ്ടു കാലും കൂട്ടിയിടിച്ച് തൊണ്ടയിലെ വെള്ളമെല്ലാം വറ്റിയിരുന്നു പേടിച്ചിട്ട്. ലാലേട്ടൻ എന്നോട് കാര്യമായി സംസാരിച്ചു. എന്നെ കംഫർട്ട് ആക്കിയിരുന്നു. ദൃശ്യത്തിന്റെ പൂജ കഴിഞ്ഞു ആദ്യമെടുത്ത സീൻ എന്റെയായിരുന്നു.പാക്കപ്പിന് തൊട്ടുമുൻപുള്ള അവസാനത്തെ സീനും എന്റേതായിരുന്നു. അതുകൊണ്ട് തന്നെ നല്ല ടെൻഷനുണ്ടായിരുന്നു. ദൃശ്യത്തിന്റെ വിജയം സന്തോഷം നൽകുന്നു.""ദൃശ്യം 2 ന്റെ ആഘോഷത്തിമിർപ്പിലാണ് അജിത്തും കൂത്താട്ടുകുളം ഗ്രാമവും.

''മരപ്പണി ചെയ്താണ് ഞാൻ ജീവിച്ചിരുന്നത്. കോളേജ് കാലഘട്ടം മുതൽ മിമിക്രി ചെയ്യുന്നുണ്ട്.കലാഭവൻ മുതൽ നിരവധി ട്രൂപ്പുകളിൽ പരിപാടി അവതരിപ്പിച്ചു. പൊതുവെ ഷൈ ആയുള്ള വ്യക്തിത്വമാണ് ഞാൻ. അതുകൊണ്ട് തന്നെ വരുന്ന പരിപാടികൾ ചെയ്യുക എന്നല്ലാതെ സിനിമയിൽ അവസരം ചോദിക്കുകയൊന്നും ചെയ്തിട്ടില്ല. എല്ലാം അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിച്ചതാണ്. കുടുംബമാണ് എല്ലാ സമയത്തും കൂടെ നിന്നത്. ഭാര്യ ലിസി. മക്കൾ അമലു,എയ്ഞ്ചൽ. എല്ലാവരും ഇപ്പോൾ സന്തോഷത്തിലാണ്. ഞാനും.""പുതിയ പ്രോജക്ടുകളെല്ലാം വന്നിട്ടുണ്ട്. തമിഴിൽ നിന്നും അവസരം വന്നിട്ടുണ്ട്. കൂടുതൽ പ്രതീക്ഷയിലാണെന്ന് പറഞ്ഞു അജിത്ത് പറഞ്ഞവസാനിപ്പിച്ചു.