
ദ പ്രീസ്റ്റിലൂടെ വിസ് മയം തീർക്കുന്ന ബാലതാരം മോണിക്കയുടെ വിശേഷങ്ങൾ
ഇൗ പതിനൊന്നുകാരിയാണ് ഇപ്പോൾ എവിടെയും സംസാര വിഷയം. "ബാലതാരത്തിനുള്ളതല്ല, മികച്ച നടിക്കുള്ള നാഷണൽ അവാർഡ് കൊടുക്കേണ്ട മുതൽ" ദി പ്രീസ്റ്റിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച മോണിക്കയെന്ന അദ്ഭുത ബാലികയെ പ്രേക്ഷക ലോകം വാഴ്ത്തുന്നത് ഇങ്ങനെയാണ്.
തമിഴ് നാട്ടുകാരിയായ മോണിക്കയെ തമിഴ് ചിത്രങ്ങളായ രാക്ഷസനിലൂടെയും കൈദിയിലൂടെയുമാണ് മലയാളികൾക്ക് പരിചയം. ഇപ്പോൾ ദ പ്രീസ്റ്റിലെ അമേയ എന്ന സവിശേഷതകളേറെയുള്ള കഥാപാത്രത്തിന് ലോകമെമ്പാടും നിന്ന് ലഭിക്കുന്ന പ്രശംസകളുടെ പെരുമഴയിൽ "വണ്ടറ"ടിച്ചിരിക്കുകയാണ് ഇൗ 'വണ്ടർ കിഡ് ".
''സൺ ടിവിയിൽ കുട്ടി ചുട്ടീസ് എന്ന കുട്ടികളുടെ പ്രോഗ്രാമിലായിരുന്നു തുടക്കം. തീരെ ചെറിയ കുട്ടിയായിരുന്നപ്പോൾത്തന്നെ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു. കുട്ടി ചുട്ടീസ് പ്രോഗ്രാം കണ്ടിട്ടാണ് അജിത് അങ്കിളിന്റെ വേതാളം എന്ന സിനിമയിലേക്ക് ഒാഫർ വന്നത്. എനിക്ക് അഞ്ചുവയസുള്ളപ്പോഴായിരുന്നു അത്. അതുകഴിഞ്ഞ് ഒാരോരോ സിനിമകളായി തേടിവന്നു. രാക്ഷസൻ കണ്ടിട്ടാണ് കൈദിയുടെ ടീം വിളിക്കുന്നത്. കൈദി കണ്ടിട്ടാണ് ജോഫിൻ അങ്കിൾ ദ പ്രീസ്റ്റിലേക്ക് വിളിക്കുന്നത്." ബേബി മോണിക്ക പറഞ്ഞുതുടങ്ങി.
ത്രില്ലർ സിനിമകളാണോ മോണിക്കയ്ക്ക് കൂടുതൽ ഇഷ്ടം?
അങ്ങനെയൊന്നുമില്ല. രാക്ഷസൻ ഒരു സൈക്കോ ത്രില്ലറായിരുന്നു. കൈദി ത്രില്ലർ എന്നതിനപ്പുറം ഒരു ഇമോഷണൽ ഡ്രാമയായിരുന്നു. ദ പ്രീസ്റ്റ് ഒരു മിസ്റ്ററി ത്രില്ലറാണ്. തമിഴ്നാട്ടിലെ പോലെ കേരളത്തിലും ഹിറ്റായ സിനിമകളാണ് രാക്ഷസനും കൈദിയും.ഇപ്പോ ദ പ്ര്രീസ്റ്റും. അതുകൊണ്ടായിരിക്കാം എന്നെ ത്രില്ലർ സിനിമകളുടെ ആളായി കരുതുന്നത്. ത്രില്ലറുകളല്ലാത്ത കുറേ സിനിമകൾ ഞാൻ തമിഴിൽ ചെയ്തിട്ടുണ്ട്.
നിഷ്ക്കളങ്കമായ ചിരി ഒപ്പം പേടിപ്പെടുത്തുന്ന മറ്റൊരു ഭാവം. ദ പ്രീസ്റ്റ് കണ്ടവരൊക്കെ മോണിക്കയുടെ പ്രകടനത്തിൽ എടുത്തുപറയുന്ന ഒരു കാര്യമതാണ്?
ചിലപ്പോൾ സന്തോഷത്തോടെയായിരിക്കണം. ചിലപ്പോൾ സന്തോഷത്തോടെ ഇരിക്കുമ്പോൾത്തന്നെ പെട്ടെന്ന് ഭാവം മാറണം. ഡയറക്ടർ ജോഫിൻ അങ്കിൾ കഥയും കഥാപാത്രത്തെക്കുറിച്ചുമൊക്കെ വിശദമായി പറഞ്ഞുതന്നിരുന്നു.
ദ പ്രീസ്റ്റ് എത്രതവണ കണ്ടു?
റിലീസായി രണ്ട് ദിവസത്തിനുള്ളിൽ കൊച്ചിയിൽ നിന്ന് രണ്ടുതവണയും പലക്കാട് നിന്ന് ഒരു തവണയും. തിയേറ്ററിൽ കണ്ടപ്പോഴുള്ള പ്രേക്ഷകരുടെ റെസ്പോൺസ് പറഞ്ഞറിയിക്കാൻ പറ്റില്ല. സിനിമ കണ്ടിറങ്ങിയപ്പോൾ എല്ലാവരും അഭിനന്ദിച്ചപ്പോൾ സന്തോഷംകൊണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി.
എങ്ങനെയുണ്ടായിരുന്നു മമ്മൂട്ടിയങ്കിൾ?
മമ്മൂട്ടിയങ്കിൾ അഭിനയിച്ച സിനിമകളിൽ ഞാൻ ഒടുവിൽ കണ്ട സിനിമ ഭാസ്ക്കർ ദ റാസ്ക്കലാണ്. മമ്മൂട്ടിയങ്കിളിനോടും ജോഫിൻ അങ്കിളിനോടും നിഖിലാന്റിയോടുമൊക്കെ എനിക്ക് നന്ദി പറഞ്ഞേ മതിയാകൂ. ദ പ്രീസ്റ്റിലെ എന്റെ പെർഫോമൻസ് ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നതിന് കാരണം അവർ മൂന്നുപേരുമാണ്. മലയാളത്തിലെ എന്റെ ആദ്യ സിനിമതന്നെ മമ്മൂട്ടിയങ്കിളിനെപ്പോലെ ഒരു വലിയ ആക്ടറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ട്. മമ്മൂട്ടിയങ്കിളിന്റെ സിനിമയിൽ ഇത്രയും വലിയ കഥാപാത്രം തന്നത് തന്നെ എനിക്ക് കിട്ടിയ വിലപ്പെട്ട സമ്മാനമാണ്. മമ്മൂട്ടിയങ്കിൾ, എപ്പോഴും എന്നോട് പറയുമായിരുന്നു മലയാളം അറിയില്ലെന്ന് കരുതി ഒട്ടും പേടിക്കണ്ട. ധൈര്യമായി ചെയ്തോയെന്ന്. ഭാഷ പഠിപ്പിക്കാനായി ലൊക്കേഷനിൽ അമൃത എന്നൊരു ആന്റിയുണ്ടായിരുന്നു. സ്റ്റണ്ട് സീക്വൻസൊക്കെ ചെയ്യുമ്പോൾ എനിക്ക് ഒരു കുഴപ്പവും വരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കാനുമൊക്കെ മമ്മൂട്ടിയങ്കിൾ ശ്രദ്ധിച്ചിരുന്നു.
ദ പ്രീസ്റ്റ് കണ്ട ശേഷം മോണിക്കയ്ക്ക് കിട്ടിയ ഏറ്റവും വലിയ അഭിനന്ദനം?
കേരളത്തിൽ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് ദ പ്രീസ്റ്റ് തമിഴ്നാട്ടിലും മറ്റും റിലീസ് ചെയ്തത്. രാക്ഷസന്റെ ഡയറക്ടർ രാംകുമാർ അങ്കിൾ വിളിച്ചിരുന്നു. കേരളത്തിലെ റെസ്പോൺസ് കണ്ട് ആ സന്തോഷം പറയാനാണ് സിനിമ കാണുംമുൻപേ രാംകുമാർ അങ്കിൾ വിളിച്ചത്.
മോണിക്ക പഠിക്കാൻ എങ്ങനെയാ?
ചെന്നൈയിലെ ലാച്ചാനൈൻ ജൂനിയർ കോളേജിൽ ആറാം ക്ളാസിലാണ് പഠിക്കുന്നത്. നന്നായി പഠിക്കുന്ന കുട്ടിയാണ് ഞാൻ. അതുകൊണ്ട് ക്ളാസ് മിസായാലും ടീച്ചർമാർ വഴക്കൊന്നും പറയില്ല.
മലയാളത്തിലെ പുതിയ സിനിമ?
ദ പ്രീസ്റ്റ് റിലീസാകും മുൻപേ സന്തോഷം എന്ന സിനിമ കമ്മിറ്റ് ചെയ്തിരുന്നു. ഷൂട്ടിംഗ് ഉടനെ തുടങ്ങും. കൊവിഡിന് മുൻപും പിൻപുമായിട്ടാണ് ദ പ്രീസ്റ്റിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ഒരു വർഷം മുൻപ് ദ പ്രീസ്റ്റിൽ അഭിനയിക്കാൻ വന്നപ്പോഴത്തേതിനേക്കാൾ നന്നായി ഞാനിപ്പോൾ മലയാളം സംസാരിക്കാൻ പഠിച്ചു. എന്റെ അപ്പുപ്പന്റെ നാട് കേരളത്തിലാണ്; അടൂരിൽ.
കുടുംബത്തെക്കുറിച്ച്?
അച്ഛൻ ശിവ ഗ്രാഫിക് ഡിസൈനറാണ്. അമ്മ അനിത. എനിക്ക് ഒരനിയത്തിയുണ്ട്. ദിയ. രണ്ടാംക്ളാസിൽ പഠിക്കുന്നു.
തമിഴിലെ പുതിയ സിനിമകൾ?
തമിഴും തെലുങ്കും ഉൾപ്പെടെ 5 ഭാഷകളിൽ ചിത്രീകരിക്കുന്ന ചേസ്, അരവിന്ദ് സ്വാമിയും റജീന കസാൻ ഡ്രയുമഭിനയിക്കുന്ന കള്ളപ്പാർട്ട്, പിന്നെ ബാറ്ററി എന്ന സിനിമ.