citu

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് വർഷങ്ങൾക്കുമുമ്പ് അവസാനിപ്പിച്ച മിസോറാം ലോട്ടറി വില്പന വീണ്ടും നടത്താനുള്ള ശ്രമം തുടങ്ങി. പൊതുതിരഞ്ഞെടുപ്പിന്റെ തലേദിവസം നറുക്കെടുപ്പ് നടത്താനാണ് നീക്കം. ഇതു സംബന്ധിച്ച് നികുതി വകുപ്പിന് മിസോറാം അധികൃതർ കത്ത് നൽകിയതായാണ് സൂചന.

തൃപ്പൂണിത്തുറ കേന്ദ്രമായാണ് നറുക്കെടുപ്പും വില്പനയും നടത്തുന്നത്. സംസ്ഥാന സർക്കാർ ഇതിനെ നിയമപരമായി നേരിടുമെന്നാണ് അറിയുന്നത്.

മിസോറാം ലോട്ടറി പ്രവർത്തനം തടസ്സപ്പെടുത്താനാണ് ലോട്ടറിമേഖലയിലെ സി.ഐ.ടി.യു യൂണിയന്റെയും തീരുമാനം. മിസോറാം ലോട്ടറിയെ വിലക്കുന്ന ജി.എസ്.ടി കമ്മിഷണറുടെ ഉത്തരവ് കോടതി നിർദ്ദേശപ്രകാരം സർക്കാർ ഭേദഗതി ചെയ്തിരുന്നു. കേന്ദ്രലോട്ടറി നിയമം ലംഘിച്ചോ എന്ന് പരിശോധിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ. 11,000 കോടി രൂപ മാത്രം പദ്ധതി അടങ്കലുള്ള മിസോറാം അതിനടുത്ത തുകയ്ക്കുള്ള ലോട്ടറി കേരളത്തിൽ നടത്തുന്നതും വിമർശിക്കപ്പെട്ടിരുന്നു. നാഗാലാൻഡ് ലോട്ടറി സംബന്ധിച്ച കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. അന്യസംസ്ഥാന ലോട്ടറികൾക്കും സംസ്ഥാന ലോട്ടറികൾക്കുമുള്ള നികുതി ഏകീകരിച്ചതാണ് അന്യസംസ്ഥാന ലോട്ടറികളെ വീണ്ടും സംസ്ഥാനത്തേക്ക് വരാൻ ഇടയാക്കുന്നത്.