double-vote

കൊച്ചി: ഇരട്ടവോട്ടുതടയാൻ നാലിന നിർദ്ദേശങ്ങൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിക്ക് മുന്നിൽ സമർപ്പിച്ചു.ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിൽ ആണ് വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ബി എൽ ഒമാർ മുൻകൂർ രേഖാമൂലം എഴുതി വാങ്ങണം. ഇതിന്റെ വിശദാംശങ്ങൾ ബന്ധപ്പെട്ട എല്ലാ പ്രിസൈഡിംഗ് ഓഫീസർമാർക്കും തിരഞ്ഞെടുപ്പിന് മുൻപേ കൈമാറണം. ഇരട്ടവോട്ട് ഉള്ളവർ വോട്ട് രേഖപ്പെടുത്തിയ ശേഷം ഫോട്ടോ എടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ സെർവറിൽ അപ്‌ലോഡ് ചെയ്യണം.തിരഞ്ഞെടുപ്പിനുശേഷം ഇരട്ടവോട്ട് നടന്നിട്ടില്ല എന്ന് ഉറപ്പാക്കാൻ വോട്ടർമാരുടെ ഫോട്ടോകൾ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പരിശോധിക്കണം എന്നിവയാണ് ചെന്നിത്തലയുടെ നിർദ്ദേശങ്ങൾ.

കഴിഞ്ഞദിവസം ചെന്നിത്തലയുടെ ഹർജിയിൽ, സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ പിഴവുണ്ടെന്നത് വ്യക്തമാണെന്നും ആരും ഇരട്ട വോട്ടു ചെയ്യുന്നില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ഉറപ്പാക്കണമെന്നും ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരുന്നു.

വോട്ടർ പട്ടികയിൽ ഒരാളുടെ പേര് പലതവണ ചേർക്കുന്നത് ഇരട്ട വോട്ടിന് അവസരമൊരുക്കുമെന്നും നിയമപ്രകാരം ഇത് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ചെന്നിത്തലയുടെ ഹർജി ഇന്നും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.