
മോഹൻകുമാർ ഫാൻസിലൂടെ എത്തിയ നായികമുഖം അനാർക്കലി നാസർ ഹൃദയപൂർവം
നാലുവർഷം ഓഡിഷൻ... ഓഡിഷൻ. ഫ്രണ്ട്സിന്റെ കട്ട സപ്പോർട്ട് .ഓഡിഷൻ അവർ ഫോർവേഡ് ചെയ്തു. എന്നാൽ എല്ലായിടത്തുനിന്നും കേട്ടത് നോ ഒറ്റ മറുപടി . ശ്രമം വീണ്ടും തുടർന്നു. ഒരു ദിവസം സിനിമ വിളിക്കുമെന്ന് സ്വപ്നം കണ്ടു. ജിസ് ജോയ് യുടെ കുഞ്ചാക്കോ ബോബൻ ചിത്രം 'മോഹൻകുമാർ ഫാൻസ് "നായികയാകാൻ വിളിച്ചു.സിനിമയ്ക്കുള്ളിലെ സിനിമയല്ല പറഞ്ഞുവരുന്നത്. അനാർക്കലി നാസർ നായികയായി എത്തിയ കഥയാണ്. മോഡലിംഗ് ചെയ്യുമ്പോൾ മുതൽ അനാർക്കലിക്ക് സിനിമയോട് ഇഷ്ടമുണ്ട്. ജിസ്ജോയ് യുടെ പരസ്യചിത്രത്തിലും അഭിനയിച്ചു. ഓഡിഷനിലൂടെയാണ് മോഹൻകുമാർ ഫാൻസിൽ എത്തുന്നതും. പതിവുപോലെ വീഡിയോ അയച്ചു. എന്നാൽ ഇപ്രാവശ്യം കാത്തിരിക്കേണ്ടി വന്നില്ല. സിനിമ സ്വപ്നം കാണുമ്പോൾ മുതൽ അനാർക്കലി ജീവിക്കുന്ന കൊച്ചി ആദ്യ സിനിമയുടെ ലൊക്കേഷനാവുകയും ചെയ്തു.
me & sree renjini
മോഹൻകുമാർ ഫാൻസിൽ ഞാനാണ്ഏക പുതുമുഖം . ചാക്കോച്ചൻ, സിദ്ദിഖ് സാർ, ശ്രീനിവാസൻ സാർ, മുകേഷ് സാർ, എല്ലാം വലിയ താരങ്ങൾ.എല്ലാവരും നല്ല പിന്തുണ തന്നു . ജിസ് സാറിനൊപ്പം മുൻപ് ജോലി ചെയ് തതിനാൽ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നതിന്റെ ടെൻഷൻ തോന്നിയില്ല.അനിയത്തിപ്രാവാണ് എല്ലാവരെയും പോലെ ഞാനും ആദ്യം കാണുന്ന ചാക്കോച്ചൻ സിനിമ. ചാക്കോച്ചന്റെ നായികയായി അഭിനയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. ആള് സിംപിളാണ്. പാട്ട് സീനിൽ അഭിനയിച്ചാണ് തുടക്കം. ചാക്കോച്ചൻ, കെ.പി.എ.സി ലളിത മാം, സൈജുചേട്ടൻ, പിഷാരടി. ആദ്യ സീനിൽ തന്നെ സീനിയർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഒരുവർഷം മുൻപ് എത്തേണ്ട സിനിമയാണ് മോഹൻകുമാർ ഫാൻസ്. അപ്പോൾ ചെറിയ വിഷമം തോന്നി.കാത്തിരിക്കുകയായിരുന്നു.

ശ്രീരഞ്ജിനി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. റിയാലിറ്റി ഷോ ഗായികയും ഇന്റീരിയർ ഡിസൈനറും. സിദ്ദിഖ് സാറിന്റെ മകളുടെ വേഷം. അച്ഛനും മകളും തമ്മിലുള്ള ബന്ധം മനോഹരമായിരുന്നെന്ന് മിക്കവരും പറഞ്ഞു.ഇവിടെ എനിക്ക് അഭിനയിക്കേണ്ടി വന്നില്ല. ഇതേ ബന്ധമാണ് ഞാനും വാപ്പയും തമ്മിൽ. എന്നിൽ എവിടെയോ ശ്രീരഞ്ജിനിയുണ്ട്. വാപ്പ എം.എ നാസർ സൗദിയിലായിരുന്നു. ഉമ്മ സെറീന, ചേച്ചി അഞ്ജലി, ഭർത്താവ് അനിൽ.പത്താം ക്ളാസ് വരെ പഠിച്ചത് അബുദാബിയിൽ.കോതമംഗലം മാർ ബസേലിയോസ് കോളേജിലായിരുന്നു സിവിൽ എൻജിനിയറിംഗ് പഠനം.അത്യാവശ്യം സപ്ളൈളിയുണ്ടായിരുന്നു.സിനിമയിലേക്ക് വന്നപ്പോൾ ബന്ധുക്കൾക്ക് ഉണ്ടായ എതിർപ്പ് കുറെ മാറി.എന്റെ ആഗ്രഹത്തിനൊപ്പം വാപ്പയെയും ഉമ്മയെയും എത്തിച്ചത് ചേച്ചിയാണ്. മൂന്നു പ്രാവശ്യം സിനിമ കണ്ടു. ആദ്യ കഥാപാത്രത്തിന് സ്വന്തം ശബ്ദം നൽകാനും കഴിഞ്ഞു. കരുനാഗപ്പള്ളി പുതിയകാവാണ് നാട്. പുതിയ സിനിമകൾ കമ്മിറ്റ് ചെയ്തിട്ടില്ല.സിനിമയിൽ തുടരാനാണ് തീരുമാനവും താത്പര്യവും. ഡിഗ്രി വേണമെന്ന ആഗ്രഹത്തിലാണ് ബി.ടെക്കിന് ചേർന്നത്. സിനിമയാണ് ഇപ്പോൾ പാഷൻ. നല്ല അവസരം വരുമെന്നാണ് പ്രതീക്ഷ. സിനിമ കണ്ടവർ നന്നായിട്ടുണ്ടെന്ന് പറഞ്ഞു.എന്റെ അഭിനയത്തെക്കുറിച്ചും. ഇനിയും ഒാഡിഷൻ ഫോർവേർഡ് ചെയ്യാമെന്ന് ഫ്രണ്ട്സ്.