
പാലക്കാട്: എൽ ഡി എഫ്- യു ഡി എഫ് ഫിക്‌സ്‌ഡ് മത്സരം ഇത്തവണ കേരളം തളളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ യുവവോട്ടർമാർ എൽ ഡി എഫിലും യു ഡി എഫിലും നിരാശരാണ്. പുതിയ വോട്ടർമാർ ഇരുമുന്നണികളുടെയും മാച്ച് ഫിക്‌സിംഗ് മത്സരത്തെ എതിർക്കുന്നു. അഞ്ച് വർഷം കൂടുന്തോറും ഇരുമുന്നണികളും കേരളത്തെ കൊളളയടിക്കുകയാണ്. ബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളും കോൺഗ്രസും ഒറ്റക്കെട്ടാണ്. അണിയറയിലെ നാടകങ്ങളെല്ലാം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. സൂര്യന്റെ രശ്‌മികളെ പോലും യു ഡി എഫുകാർ വെറുതെ വിട്ടില്ല. സ്വർണക്കട്ടിയ്‌ക്ക് വേണ്ടി ബൈബിളിലെ യൂദാസിനെ പോലെ കേരളത്തെ എൽ ഡി എഫുകാർ ഒറ്റുകൊടുത്തെന്നും പ്രധാനമന്ത്രി ആരോപിച്ചു.
അഴിമതി, ജാതീയത, വർഗീയത, സ്വജനപക്ഷപാതം, ക്രിമിനൽവത്ക്കരണം ഈ രോഗങ്ങളുടെയെല്ലാം അടിസ്ഥാനകാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ഈ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ രാജാക്കന്മാരാണ് എൽ ഡി എഫും യു ഡി എഫും. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കൂടുതൽ ശക്തിപ്പെടുത്തി കീശ വീർപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബി ജെ പി കേരളത്തെ കുറിച്ച് വിഭാവനം ചെയ്യുന്നത് പുരോഗമനപരമായ ആശയമാണ്. വ്യത്യസ്‌ത തുറകളിൽപ്പെടുന്ന പ്രൊഫഷണലുകളായ ആളുകൾ ബി ജെ പിയിലേക്ക് ആകൃഷ്‌ടരാവുന്നത് അതുകൊണ്ടാണ്. മെട്രോമാൻ ശ്രീധരൻ ജീവിതത്തിൽ എല്ലാം നേടിയ മനുഷ്യനാണ്. ഇന്ത്യയെ ആധുനികവത്കരിക്കുന്നതിൽ നേട്ടം കൈവരിച്ച വ്യക്തിയാണ് അദ്ദേഹം. കേരളത്തിന്റെ പുരോഗതിയ്‌ക്ക് വേണ്ടി ശ്രീധരൻ സ്വയം സമർപ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ അഭിമാനിയായ മകനാണ് ശ്രീധരനെന്നും മോദി പറഞ്ഞു. അധികാരം ആയിരുന്നു ആഗ്രഹമെങ്കിൽ ശ്രീധരന് അത് ഇരുപത് വർഷം മുമ്പ് ആകാമായിരുന്നു. ഉത്സാഹവും ആവേശവും നൽകുന്ന വ്യക്തിത്വമാണ് ശ്രീധരന്റേതെന്നും മോദി പറഞ്ഞു.
എല്ലാവരുടേയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യം. നാളത്തെ കേരളത്തിന്റെ വികസനമാണ് ബി ജെ പി മുന്നിൽ കാണുന്നത്. കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം മത്സ്യത്തൊഴിലാളികൾക്കും നൽകിയത് ഈ സർക്കാരാണ്. ഹാർബറുകളിലെ സൗകര്യവും ഉയർത്തി. കിസാൻ റെയിൽ കാർഷികോത്പനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ എത്തിക്കുന്നതിന് വലിയ പങ്ക് വഹിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ നടത്തും.
ആയുർവേദത്തെ ആഗോള തലത്തിൽ വളർത്തും. കേരളത്തിൽ കഴിവുളള ഒരുപാട് ചെറുപ്പക്കാരുണ്ട്. ഇവരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ വലിയ പരിവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹിക നീതി ഉറപ്പുവരുത്താനുളള പ്രവർത്തനങ്ങൾ സർക്കാർ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
യു ഡി എഫും എൽ ഡി എഫും ടൂറിസം വികസനത്തിൽ അടിസ്ഥാനസൗകര്യം പോലും കേരളത്തിൽ ഒരുക്കിയിട്ടില്ല. വിനോദ സഞ്ചാര മേഖലയ്‌ക്ക് ഉത്തേജനം നൽകുന്ന പദ്ധതികളാണ് കേന്ദ്രം ചെയ്യുന്നത്. പാലക്കാട് പോലുളള സ്ഥലങ്ങളിൽ നൂതനമായ വിനോദ സഞ്ചാരത്തിനുളള അവസരങ്ങൾ വികസിപ്പിക്കും.
ഇരുമുന്നണികളും കേരളത്തിന്റെ സംസ്‌കാരത്തെ നശിപ്പിക്കുകയാണ്. അവർ ഈ നാടിന്റെ പാരമ്പര്യത്തെ നേരിട്ട് ആക്രമിക്കുകയാണ്. ഈ നാടിന്റെ സംസ്കാരത്തെ അവർ അപമാനിക്കുന്നു. അനുഷ്‌ഠാനങ്ങളെ മുന്നണികൾ അവഹേളിക്കുകയാണ്. വിശ്വാസികൾക്ക് നേരെയുണ്ടായ ലാത്തിച്ചാർജിൽ യു ഡി എഫ് കൈയും കെട്ടിനോക്കിയിരിക്കുകയായിരുന്നു. വിശ്വാസം സംരക്ഷിക്കാൻ മുന്നിൽ നിന്ന സുരേന്ദ്രനെ അറസ്റ്റ് ചെയ്‌ത് മോശമായി പെരുമാറി. ബി ജെ പിയുടെ പ്രകടനപത്രികയിൽ നമ്മുടെ സംസ്‌കാരത്തെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
കേരളത്തിലെ ഇടത് നേതാക്കൾ മാടമ്പിമാരായണ് പെരുമാറുന്നത്. അവരുടെ കൺമുമ്പിൽ രാഷ്ട്രീയ എതിരാളികൾ കൊല്ലപ്പെടുകയാണ്. ബി ജെ പിയുടെ നിരവധി ചെറുപ്പക്കാരായ പ്രവർത്തകർക്ക് ജീവൻ നഷ്‌ടപ്പെട്ടിട്ടുണ്ട്. ബി ജെ പിയുടെ നേതൃത്വത്തിലുളള സർക്കാർ വന്നാൽ മാത്രമേ കൊലപാതകം അവസാനിപ്പിക്കാൻ കഴിയുകയുളളൂ. വികസനത്തിനും സദ്‌ഭരണത്തിനും വേണ്ടിയാണ് വോട്ട് ചെയ്യേണ്ടത്. കേരളത്തിലെ ചെറുപ്പക്കാരും ബി ജെ പിയും സംസ്ഥാനത്ത് മാറ്റം ആഗ്രഹിക്കുകയാണ്. ആ മാറ്റം ബി ജെ പി ഉറപ്പുതരികയാണെന്നും മോദി കൂട്ടിച്ചേർത്തു.
വിമാന മാർഗം കോയമ്പത്തൂരിലെത്തിയ പ്രധാനമന്ത്രി അവിടെനിന്നും ഹെലികോപ്റ്ററിൽ പാലക്കാട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വന്നിറങ്ങുകയായിരുന്നു. നഗരസഭാദ്ധ്യക്ഷ പ്രിയ അജയന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കളാണ് അദ്ദേഹത്തെ സ്വീകരിച്ചത്. തുടർന്ന് റോഡ് മാർഗം സമ്മേളന വേദിയായ കോട്ടമൈതാനത്തെത്തുകയായിരുന്നു. പാലക്കാട് ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളിൽ നിന്നുളള എൻ ഡി എ സ്ഥാനാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.