
''ഓരോ കഥാപാത്രത്തിനും എന്നോട് എന്തെങ്കിലും പറയാനുണ്ടെന്ന് തോന്നിയാൽ മാത്രമാണ് അവ തിരഞ്ഞെടുക്കാറുള്ളത്.""നാൽപത്തിയൊന്നിലെ സുമയായും അയ്യപ്പനും കോശിയിലെ ജെസിയായും തിളങ്ങിയ ധന്യ അനന്യ ഒറ്റ ഡയലോഗ് പോലും പറയാതെ ഓപ്പറേഷൻ ജാവയിലെ ജാനകിയായും വിസ്മയിപ്പിച്ചു. സ്വാഭാവിക അഭിനയ മികവുകൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് ധന്യ പ്രേക്ഷക ഹൃദയം കീഴടക്കി. അഭിനയത്തിലെ ഓരോ ചുവടുവെയ്പ്പും സന്തോഷം നൽകുന്നുവെന്ന് പറഞ്ഞുകൊണ്ട് ധന്യ വിശേഷങ്ങളിലേക്ക് കടന്നു...
ഓപ്പറേഷൻ ജാവ
തിയേറ്ററുകൾ റീ ഓപ്പണായതിനു ശേഷം റിലീസായ ഒരു ചിത്രമാണ് ഓപ്പറേഷൻ ജാവ . ആൾക്കാർ തിയേറ്ററിലേക്ക് വരുമോ സിനിമ കാണുമോയെന്നൊക്കെ ടെൻഷനുണ്ടായിരുന്നു. എന്നാൽ ആൾക്കാർ ഒരുപാടുപേർ തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട് രസമായ അഭിപ്രായങ്ങൾ പറഞ്ഞു. സിനിമയും തിരക്കഥയും കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. പ്രതിസന്ധി ഘട്ടത്തിലും ഒരു ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമായ ആ സിനിമ എല്ലാവരും ഏറ്റെടുത്തുവെന്നതാണ് ഏറ്റവും വലിയ സന്തോഷം. ഇപ്പോഴും ജാവ തിയേറ്ററുകളിൽ ഉണ്ടെന്നറിയുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. തരുൺ ചേട്ടന്റെ കൂടെയും പുതിയൊരു ടീമിന്റെ കൂടെയും ജോലിചെയ്തത് നല്ലൊരു അനുഭവമായിരുന്നു .ഓരോ സിനിമയിലും ഫ്രീയായിരിക്കുന്ന സമയത്ത് മറ്റു സഹ അഭിനേതാക്കൾ അഭിനയിക്കുന്നത് കാണുന്നത് രസമുള്ള പ്രോസസ്സ് ആണ്.

ജെസിയും അയ്യപ്പനും കോശിയും , സച്ചി ഏട്ടനും
ജെസി എന്ന കഥാപാത്രത്തെ എല്ലാവരും ഇഷ്ടപ്പെട്ടു. പുറത്തെല്ലാം പോവുമ്പോൾ ആരെങ്കിലും സംസാരിക്കാനൊക്കെ വരുമ്പോൾ ആദ്യം ജെസി എന്ന കഥാപാത്രത്തെകുറിച്ചാണ് പറയാറുള്ളത്. നമ്മൾ ചെയ്ത കഥാപാത്രത്തിന്റെ പേരിൽ നമ്മളെ അറിയപ്പെടുക എന്നത് സന്തോഷമുള്ള കാര്യമാണ്. ബിജു ചേട്ടൻ ,രാജു ചേട്ടൻ, അനു ,അനിലേട്ടൻ , ഗൗരി ,നന്ദു ,കുമാരേട്ടൻ തുടങ്ങി ഒത്തിരി അഭിനേതാക്കൾ അഭിനയിച്ച സിനിമയിൽ അവരുടെ കൂടെ അഭിനയിക്കാൻ സാധിച്ചത് വലിയ കാര്യമാണ്. ജെസി എന്ന കഥാപാത്രത്തിന് ഒരുപാട് ഇമോഷനുണ്ട്. അതെല്ലാം എല്ലാവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിച്ചു. ജെസി കരഞ്ഞപ്പോൾ കരയാൻ തോന്നി എന്ന് പറഞ്ഞവരുണ്ട് , ചില സമയത്ത് ബാക്കി ഉള്ളവരെ ചിരിപ്പിക്കാൻ സാധിച്ചു. അതുപോലെ സച്ചി ഏട്ടന്റെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചു . അയ്യപ്പനും കോശിയും ജെസിയും എനിക്ക് എപ്പോഴും സ്പെഷ്യലാണ്. അതുപോലെ ചെയ്ത സിനിമകളെല്ലാം ഇഷ്ടത്തോടെ ചെയ്യാൻ സാധിച്ചിട്ടുണ്ട്.
ഓരോ കഥാപാത്രത്തോടൊപ്പം
ഓരോ തിരക്കഥ വരുമ്പോൾ അതിലെ എന്റെ കഥാപാത്രവും പരിസരവും നന്നായി നോക്കും . കഥാപാത്രത്തിന്റെ ജോലി എന്താണ്, ഏത് പരിസര പ്രദേശത്തുനിന്നാണ് വരുന്നത്, ഏത് സാഹചര്യത്തിലൂടെയാണ് കഥാപാത്രം കടന്നു പോവുന്നത്, ഇനി എങ്ങോട്ടാണ് ആ കഥാപത്രം പോവുന്നത് , എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം തിരക്കഥ വായിക്കുമ്പോൾ കിട്ടും. അതുകൊണ്ട് തിരക്കഥ ഒരുപാട് പ്രാവശ്യം വായിക്കും. അപ്പോൾ തന്നെ കഥാപാത്രത്തെ നന്നായി മനസിലാക്കാൻ സാധിക്കും.
അരങ്ങിൽ നിന്ന് സിനിമയിൽ
നാടകത്തിൽ നിന്ന് സിനിമയിലേക്ക് വന്നപ്പോൾ ഒരുപാട് സാങ്കേതികപരമായ മാറ്റങ്ങളാണ് തോന്നിയിട്ടുള്ളത്. അരങ്ങിലാണെങ്കിൽ കാണികളുടെ മുന്നിലാണ് പെർഫോമൻസ് ചെയ്യേണ്ടത് സിനിമയിലാണെങ്കിൽ കാമറയ്ക്ക് മുന്നിൽ. ഒരു നാടകം എടുത്തുനോക്കുമ്പോൾ ലിമിറ്റഡ് ഓഡിയൻസിന് മാത്രമേ ഒരു സമയം കാണാൻ കഴിയുകയുള്ളു . സിനിമ അങ്ങനെയല്ലല്ലോ. നാടകത്തിൽ ടേക്കോ റീടേക്കുകളോ ഇല്ല. സിനിമയിൽ നമ്മുക്ക് എത്ര പെർഫെക്ട് ആക്കാം അത്രയും ടേക്കുകൾ പോയി നമുക്ക് ശരിയാക്കാൻ സാധിക്കും.

ചില പൊളിച്ചെഴുത്ത്
സിനിമയിൽ ഇപ്പോൾ നായികാ നായകൻ മാത്രമല്ലാതെ ഓരോ കഥാപാത്രത്തിനും പ്രാധാന്യം ഉണ്ട്. നായികാ നായകനിൽ ഒതുങ്ങുന്നതല്ല സിനിമ. നമ്മുടെ ജീവിതത്തിൽ വരുന്ന എല്ലാവർക്കും അവരുടേതായ പ്രാധാന്യമുണ്ട്. വെറുതെപോലും നമ്മുടെ ലൈഫിൽ ആരും വന്നുപോകില്ല. അത് പോലെ തന്നെ ഓരോ കഥാപാത്രങ്ങളും അംഗീകരിക്കപ്പെടുന്നത് സന്തോഷമുള്ള കാര്യമാണ്. അതുപോലെ ഇപ്പോൾ തിരക്കഥയും മറ്റു സാങ്കേതികപരമായ കാര്യങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നു
സിനിമയിൽ ഞാനൊരു തുടക്കക്കാരിയാണ്. സിനിമയെ കൂടുതൽ അറിയുകയും പഠിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. എന്റെ കാഴ്ചപ്പാടിൽ ഇതൊരു ഗ്രോയിംഗ് പീര്യഡാണ്. അറിയാത്ത കാര്യങ്ങൾ അറിയുന്നതും പഠിക്കുന്നതും പിന്നീടുള്ള നമ്മുടെ യാത്രയിൽ സഹായകമായി വരും.
തിരിഞ്ഞുനോട്ടം
ജേർണലിസം അറിയണം കൂടുതൽ പഠിക്കണം എന്ന ആഗ്രഹം കൊണ്ടാണ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ജോയിൻ ചെയ്യുന്നത്. അവസാന വർഷമായപ്പോഴേക്കും നാടകങ്ങൾ കാണാൻ പോവാറുണ്ടായിരുന്നു.സ്റ്റേജിൽ അഭിനേതാക്കൾ അഭിനയിക്കുന്നത് കാണുമ്പോഴും അവരുടെ എനർജി കാണുമ്പോഴും അത് എക്സ് പ്ലോർ ചെയ്യണമെന്ന് തോന്നിയിരുന്നു. പിന്നിട് കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നാടകത്തിന് ജോയിൻ ചെയ്തപ്പോഴാണ് അഭിനയം എക്സ് പ്ലോർ ചെയ്യുക മാത്രമല്ല അതാണ് എന്റെ ഇഷ്ടമെന്ന് തിരിച്ചറിയുന്നത്.പിന്നീട് സ്വാതന്ത്ര്യ സിനിമകളിൽ അഭിനയിച്ചു. കൊമേർഷ്യൽ സിനിമകളിൽ ആദ്യമായി ചെയ്തത് ഫഹദ് ഫാസിൽ ചിത്രം അതിരനിലാണ്.
ഭാവി പരിപാടികൾ
അഭിനയിക്കണം. പുതിയ ടീമിന്റെ കൂടെ വർക് ചെയ്യണം.പുതിയ സ്ഥലങ്ങൾ പുതിയ ആൾക്കാർ എല്ലാം എക്സ് പ്ലോർ ചെയ്യാൻ കഴിയണം. അഭിനയം പഠിച്ചുകൊണ്ടേയിരിക്കണം.