
പൊലീസ് വേഷത്തിൽ ദുൽഖറിനെ കണ്ടപ്പോൾ യവനികയും ആവനാഴിയും മുതൽ ഉണ്ട വരെ മമ്മൂട്ടി ഉജ്ജ്വലമാക്കിയ ഒരുപിടി പൊലീസ് വേഷങ്ങൾ ഒാർമ്മയിലേക്ക് ഇരമ്പിക്കയറി. ബോബി- സഞ്ജയ് തിരക്കഥയൊരുക്കുന്ന സല്യൂട്ടിൽ ദുൽഖറിന് സബ് ഇൻസ്പെക്ടറുടെ വേഷമാണ്, സബ് ഇൻസ്പെക്ടർ അരവിന്ദ് കരുണാകരൻ.മീനവേനലിൽ തലസ്ഥാനം വിയർത്തുനിന്ന ഒരു പകലാണ് ദുൽഖറിനെ കണ്ടത്.കൊല്ലത്തേക്ക് ഷിഫ്ട് ചെയ്യും മുൻപ് തിരുവനന്തപുരത്തേക്ക് തിരിച്ച് വരുമ്പോൾ കാണാമെന്ന് ദുൽഖർ വാക്ക് തന്നിരുന്നു.
"നാളെ ശംഖുംമുഖത്തെ ഉദയ് സ്യൂട്ട്സിലാണ് ഷൂട്ടിംഗ്. നമുക്ക് നാളെ സംസാരിക്കാം." കോവളത്തെ പതിവ് ലൊക്കേഷനുകളിലൊന്നായ ബഥനി ഹൗസിൽ വച്ച് കണ്ടപ്പോൾ ദുൽഖർ ഉറപ്പ് തന്നു.ഉദയ് സ്യൂട്ട്സിൽ പിറ്റേന്ന് പലപല കാരണങ്ങളാൽ ചിത്രീകരണം തുടങ്ങാൻ വൈകി. ലഞ്ച് ബ്രേക്ക് കഴിഞ്ഞാണ് ദുൽഖറിനെ ഫ്രീയായി കിട്ടിയത്.
ഉദയ് സ്യൂട്ട്സിലെ മനോഹരമായ സ്വിമ്മിംഗ് പൂളിനരികിലിരുന്ന് ദുൽഖർ സംസാരിച്ചുതുടങ്ങി. 'തിരുവനന്തപുരത്തെക്കുറിച്ചുള്ള കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ഒാർമ്മ പങ്കജ് ഹോട്ടലാണ്. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ വാപ്പുച്ചി സ്ഥിരം താമസിച്ചിരുന്നത് അവിടെയാണ്.
തിരുവനന്തപുരത്തുനിന്ന് ഞാൻ കുറേ സിനിമകൾ കണ്ടിട്ടുണ്ട്. സർഗം കണ്ടത് തിരുവനന്തപുരത്തുവച്ചാണ്. ഞാനത് ഇൗ സെറ്റിൽവച്ച് മനോജേട്ടനോട് (മനോജ് കെ. ജയൻ) പറയുകയും ചെയ്തു. അതുപോലെ രാക്ഷസ രാജാവും തിരുവനന്തപുരത്ത് വച്ചാണ് കണ്ടത്. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ ഞാൻ കോവളത്ത് പോകുമായിരുന്നു. കോവളം എനിക്കിഷ്ടപ്പെട്ട സ്ഥലമാണ്.
കമ്മട്ടിപ്പാടം തിരുവനന്തപുരം നഗരത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ കുറച്ച് ദിവസം ഷൂട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ എന്റെ ഒരു സിനിമ ഷൂട്ട് ചെയ്യുന്നത്. ഇതാദ്യമായിട്ടാണ്, അതും ഇത്രയേറെ ദിവസങ്ങൾ.

പഴയ മാതൃകയിലുള്ള കെട്ടിടങ്ങളും നല്ല റോഡുകളും. സല്യൂട്ട് തിരുവനന്തപുരത്തിന്റെ പ്രൗഡി വിളിച്ചുപറയുന്ന സ്ഥലങ്ങളിലെല്ലാം ചിത്രീകരിക്കുന്നുണ്ട്. ആ സ്ഥലങ്ങളുടെയൊക്കെ ഭംഗി ഞാൻ ആസ്വദിക്കുന്നുമുണ്ട്. പലപ്പോഴും തിരുവനന്തപുരത്ത് വരുന്നത് വല്ല അവാർഡ് ഫംഗ്ഷനുകൾക്കും മറ്റുമായിരിക്കും. വൈകിട്ട് വരും വെളുപ്പിന് തിരിച്ചുപോകും.തിരുവനന്തപുരത്തിന്റെ ഭംഗിയൊന്നും ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഇത്രയും ദിവസങ്ങൾ ഇത്രയും വിശദമായി കാണാൻ കഴിഞ്ഞപ്പോൾ ഇൗ നഗരത്തോട് എനിക്കൊരു പ്രത്യേക സ്നേഹമുണ്ട്."
മുഴുനീള പൊലീസ് വേഷം ചെയ്യുന്ന ആദ്യ സിനിമയാണ് സല്യൂട്ട്?
അതെ. എനിക്ക് ഇൗ കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടു. മലയാളത്തിൽ ഇതിന് മുൻപ് വന്ന വാപ്പുച്ചി ഉൾപ്പെടെയുള്ളവർ ചെയ്ത പൊലീസ് കഥാപാത്രങ്ങളുമായി ഇൗ സിനിമയിലെ എന്റെ കഥാപാത്രവുമായി ഒരു താരതമ്യം തോന്നാൻ സാധ്യതയില്ല. സിനിമ കാണുമ്പോഴേ അത് മനസിലാകൂ. പൊലീസ് വേഷങ്ങൾ ചെയ്യുന്നില്ലെന്ന തീരുമാനമൊന്നുമില്ലായിരുന്നു. എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള പൊലീസ് വേഷമല്ലേ ചെയ്യാൻ പറ്റൂ.
മോഹൻലാൽ വീട്ടിൽ വന്നപ്പോൾ ദുൽഖറിനും കുടുംബത്തിനുമൊപ്പം നിൽക്കുന്ന ഫോട്ടോ ഏറെ വൈറലായിരുന്നു?
ഇൗയടുത്ത് ഒരുദിവസമാണ് അദ്ദേഹം വന്നത്. രാവിലെ വന്നിട്ട് ലഞ്ച് കഴിഞ്ഞാണ് മടങ്ങിയത്.

എന്താണ് മോളുടെ വിശേഷം?
മോള് സുഖമായിട്ടിരിക്കുന്നു. മേയിൽ നാലുവയസാകും. ഇപ്പോ കുറച്ച് ദിവസമായി മോളെ കണ്ടിട്ട്. കാണുമ്പോ കാണുമ്പോ വലുതാകുന്നപോലെ തോന്നും. പെട്ടെന്ന് വലുതാകുന്നപോലെ.
നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നു. ദുൽഖർ വോട്ട് ചെയ്യാൻ പോകുമോ?
കൊച്ചിയിലാണ് എനിക്ക് വോട്ട്. ഇലക്ഷന്റെ സമയത്ത് ഞാൻ ഇൗ സിനിമയുടെ തന്നെ ഷൂട്ടിംഗിന് കാസർകോടായിരിക്കും. അങ്ങനെയാണെങ്കിൽ ഇത്തവണ വോട്ട് ചെയ്യാൻ പറ്റുമോയെന്നറിയില്ല.
വോട്ട് ചെയ്തിട്ടുണ്ടോ?
കൊച്ചിയിലുള്ളപ്പോൾ ചെയ്തിട്ടുണ്ട്.
ദുൽഖറിന്റെ വേഫെയറർ ഫിലിംസ് വിതരണ രംഗത്തേക്ക് കൂടി കടക്കുകയാണല്ലോ?
നല്ലൊരു ടീമിനെവച്ച് സിനിമയുടെ നിർമ്മാണ വിതരണ മേഖലകളിൽ കൂടുതൽ സജീവമാകണമെന്നുണ്ട്. നമ്മുടെതന്നെ സിനിമകൾ റീച്ചുണ്ടാക്കണം. അങ്ങനെ ഒരാഗ്രഹംകൊണ്ടാണ് വിതരണ രംഗത്തേക്കുകൂടി കടക്കുന്നത്.
ഉപചാരപൂർവം ഗുണ്ടാ ജയനാണ് വേഫെയറർ ഫിലിംസ് വിതരണം ചെയ്യുന്ന ആദ്യ സിനിമ?
അതെ.
ആ സിനിമയുടെ പോസ്റ്റർ പങ്കുവച്ച് ഇതോടെ ഞാൻ നിറുത്തിയെന്നൊരു പോസ്റ്റ് കണ്ടല്ലോ?
(ചിരി) അതോ! അന്നത്തെ ദിവസം ഞാൻ മൂന്ന് പോസ്റ്റുകളിട്ടിരുന്നു. ആ ദിവസം ഇനി പോസ്റ്റൊന്നുമിടില്ല എന്ന അർത്ഥത്തിലാണ് അങ്ങനെ പറഞ്ഞത്.ഞാൻ ഭയങ്കരമായി ഒാവർഡോസ് ആയപോലെ തോന്നി.

ഉപചാരപൂർവം ഗുണ്ടാജയൻ ഏറ്റെടുക്കാനുള്ള കാരണം?
ഞാൻ വളരെ ആസ്വദിച്ച് കണ്ട സിനിമയാണത്. ഒരുപാട് കാരക്ടേഴ്സും സംഭവങ്ങളുമൊക്കെയുള്ള സിനിമ. പ്രവചിക്കാനാവാത്ത രീതിയിലാണ് ആ സിനിമയുടെ പോക്ക്. നാടും നാട്ടിൻപുറവുമൊക്കെ നന്നായി ഫീൽ ചെയ്യുന്ന ആഴത്തിൽ വേരുകളുള്ള ഒരു സിനിമ. ഒരുപാട് ആർട്ടിസ്റ്റുകളുണ്ട് ആ സിനിമയിൽ. ഒാരോരുത്തർക്കും പെർഫോം ചെയ്യാനുള്ള സ്കോപ്പുമുണ്ട്.
ദുൽഖർ അഭിനയിക്കാത്ത സിനിമകളും വേ ഫെയറർ ഫിലിംസ് നിർമ്മിക്കുമോ?
തീർച്ചയായും. നല്ലൊരു കഥയുണ്ടെങ്കിൽ ആർക്കും വേ ഫെയറർ ഫിലിംസിനെ സമീപിക്കാം. ഞങ്ങളുടെ ടീം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് കഥ കേൾക്കാനാണ്.
കഥ കേൾക്കാനായി ഒരു ടീമുണ്ട്?
ഉണ്ട്. വേ ഫെയറർ ഫിലിംസ് തുടങ്ങിയപ്പോൾ മുതലുള്ള എന്റെ ആഗ്രഹം ഞാനോ വാപ്പുച്ചിയോ ഇല്ലാത്ത സിനിമകൾ ചെയ്യണമെന്നും പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കണമെന്നും നല്ല സിനിമകളുടെയും ചെറിയ സിനിമകളുടെയും ഭാഗമാകണമെന്നുമായിരുന്നു. അതിനുമാത്രം ടാലന്റുള്ള ഫിലിം മേക്കേഴ്സും റൈറ്റേഴ്സും ആക്ടേഴ്സുമൊക്കെയുണ്ട്. എന്തെങ്കിലും രീതിയിൽ അവരെയൊക്കെ പ്രൊമോട്ട് ചെയ്യണമെന്നുള്ള ആഗ്രഹം എനിക്കുണ്ട്.
മമ്മൂട്ടി അഭിനയിക്കുന്ന പുഴു എന്ന ചിത്രം ദുൽഖറിന്റെ കമ്പനിയും കൂടിചേർന്നാണ് നിർമ്മിക്കുന്നത്?
അതെ. ജോർജേട്ട (മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റ് എസ്. ജോർജ്) നാണ് ആ സിനിമ നിർമ്മിക്കുന്നത്. ഞങ്ങളുടെ ആ സിനിമയുടെ ടീം കോ പ്രൊഡ്യൂസേഴ്സും ഡിസ്ട്രിബ്യൂട്ടേഴ്സുമാണ്.

എല്ലാവരും കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ് കുറുപ്പ്?
കുറുപ്പ് ഉറപ്പായും തിയേറ്ററുകളിൽതന്നെ റിലീസ് ചെയ്യും. മിക്കവാറും മേയ് അവസാനം റിലീസാവും.പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിക്കുന്ന സിനിമയായതുകൊണ്ട് അതേറ്റവും ഭംഗിയാക്കാനുള്ള എല്ലാ എഫർട്ടും ഞങ്ങൾ എടുത്തിട്ടുണ്ട്. ഭംഗിയായി വരട്ടെ.
സല്യൂട്ട് കഴിഞ്ഞ് ചെയ്യുന്നത് തെലുങ്ക് സിനിമയല്ലേ?
അതെ. ഹനുരാഘവപുഡിയാണ് സംവിധായകൻ. ഒരു പീര്യഡ് സിനിമയാണത്.
തെലുങ്കിൽ ഇതിന് മുൻപ് ചെയ്ത മഹാനടിയും പീര്യഡ് സിനിമയായിരുന്നല്ലോ?
എനിക്ക് പീര്യഡ് സിനിമകൾ ഇഷ്ടമാണ്. അതുകൊണ്ടല്ല കഥ ഇഷ്ടമായതിനാലണ് ആ തെലുങ്ക് സിനിമ ചെയ്യുന്നത്. പീര്യഡ് എന്ന് പറയുമ്പോൾ ഏത് കാലഘട്ടവുമാകാം. ഒാരോ ദശാബ്ദവും ഒാരോ പീര്യഡാണ്. കുറുപ്പിന്റെ പശ്ചാത്തലം എൺപതുകളും തൊണ്ണൂറുകളുമൊക്കെയാണ്. ചെയ്യാൻ പോകുന്ന തെലുങ്ക് സിനിമയുടെ പശ്ചാത്തലം ചിലപ്പോൾ അറുപതുകളായിരിക്കും.
ഹിന്ദിയിൽ വീണ്ടും അഭിനയിക്കുന്നുണ്ടല്ലോ?
ഹിന്ദി സിനിമയുണ്ട്. ബാൽക്കിയാണ് സംവിധായകൻ. മലയാളത്തിൽ സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന സിനിമയും ജോഷി സാറിന്റെ മകൻ അഭിലാഷ് സംവിധാനം ചെയ്യുന്ന സിനിമയുമുണ്ട്. അഭിലാഷിന്റെ സിനിമ വലിയ കാൻവാസിലുള്ള ഒരു കൊമേഴ്സ്യൽ സിനിമയായിരിക്കും. അച്ഛന്റെ ശൈലിയിലുള്ള സിനിമകളാണ് അഭിലാഷിന്റെയും മനസിൽ.
ദുൽഖറിന് മാസ് സിനിമകളോട് എന്തെങ്കിലും ഇഷ്ടക്കേടുണ്ടോ?
ഇഷ്ടക്കേടൊന്നുമില്ല. മാസ് സിനിമയിൽ എന്തെങ്കിലും കഥയും കൂടി വേണം. അല്ലാതെ വെറുതേ മാസ് മാത്രം കാണിച്ചിട്ട് കാര്യമില്ല.
സത്യൻ അന്തിക്കാടിന്റെയും മകൻ അനൂപ് സത്യന്റെയും സിനിമകളിൽ അഭിനയിച്ചു. രണ്ട് തലമുറകൾക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച്?
ഞാനൊക്കെ എന്റെ കുട്ടിക്കാലത്ത് കണ്ട് ഇഷ്ടപ്പെടുകയും കണ്ട് വളരുകയും ചെയ്ത സിനിമകളുടെ പിന്നാമ്പുറക്കഥകൾ കേൾക്കാമെന്നതായിരുന്നു സത്യനങ്കിളിന്റെ സിനിമയിൽ അഭിനയിക്കുമ്പോഴുള്ള എന്റെ സന്തോഷം. ആ സിനിമകളുടെ ഷൂട്ടിംഗ് സമയത്ത് എന്തൊക്കെയാണ് സംഭവിച്ചിട്ടുള്ളതെന്ന് നമുക്കറിയില്ലല്ലോ. ചിലത് വാപ്പുച്ചിയില്ലാത്ത സിനിമകളായിരിക്കും. സത്യൻ സാറിനെപ്പോലെയുള്ള സംവിധായകർ അത്രയ്ക്കും അനുഭവ പരിചയമുള്ളവരാണ്. എല്ലാ കാര്യങ്ങളിലും അവർക്ക് ക്ളാരിറ്റിയുണ്ട്. അതുകൊണ്ടൊക്കെ ത്തന്നെ അവരിൽ നിന്ന് നമുക്ക് കിട്ടുന്ന അനുഭവങ്ങളും വേറിട്ടതായിരിക്കും. മണിസാറിന്റെ (മണിരത്നം) കൂടെ വർക്ക് ചെയ്യുന്നപോലെ തന്നെയാണ് രഞ്ജിയേട്ടന്റെ (രഞ്ജിത്ത്) സത്യൻ സാറിന്റെ കൂടെയുമൊക്കെ വർക്ക് ചെയ്യുമ്പോഴുള്ള എക്സ്പീര്യൻസ്. സീനിയേഴ്സിന് ചിലപ്പോൾ മോണിട്ടറിന്റെ ആവശ്യം പോലുമുണ്ടാകില്ല. അവർ കാണുന്ന കാര്യത്തിൽത്തന്നെ അവർ ഹാപ്പിയായിരിക്കും. നമുക്ക് സംശയമുണ്ടെങ്കിലും അവർക്ക് ക്ളാരിറ്റിയുണ്ടാകും.
അനൂപിന്റെ ആദ്യ സിനിമയായിരുന്നു വരനെ ആവശ്യമുണ്ട്. ഞാൻ വിക്രമാദിത്യൻ മുതൽ അറിയുന്നയാളാണ് അനൂപ്. എവിടെയൊക്കെയോ അച്ഛന്റെ സ്വാധീനമോ ശൈലിയോ അനൂപിനുണ്ട്. അതാണ് അവർ കണ്ട് വളർന്നത്. അതുപോലെയാകാനാണ് അവരുടെ ആഗ്രഹം. നല്ല ഗുണങ്ങളൊക്കെ അനൂപ് അച്ഛന്റെയടുത്ത് നിന്ന് പഠിച്ചിട്ടുണ്ട്. അത് നമുക്ക് ഫീൽ ചെയ്യും.
എന്നെങ്കിലും ഒരു സംവിധായകനാകുകയാണെങ്കിൽ സ്വന്തം കഥയിലേ സിനിമ ചെയ്യൂവെന്ന് ദുൽഖർ പണ്ടൊരിക്കൽ പറഞ്ഞിട്ടുണ്ട്?
സംവിധാനമൊക്കെ ഉടനേ നടക്കുമോയെന്ന് എനിക്കറിയില്ല. ഒരേസമയം ഒരുപാട് കാര്യങ്ങൾ ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാള സിനിമകളായാലും അന്യഭാഷാ സിനിമകളായാലും നിർമ്മാണമായാലും വിതരണമായാലുമൊക്കെ എല്ലാം ചെയ്യുമ്പോൾ ഭംഗിയായി ചെയ്യണമെന്ന ആഗ്രഹമുണ്ടെനിക്ക്. എപ്പോഴെങ്കിലും ഞാനും ഒരു സിനിമ സംവിധാനം ചെയ്തേക്കാം.
എന്തെങ്കിലുമൊക്കെ എഴുതുകയും കുത്തിക്കുറിക്കുകയുമൊക്കെ ചെയ്യുന്ന ശീലം ഇപ്പോഴുമുണ്ടോ?
സോഷ്യൽ മീഡിയയിൽ ചെയ്യുന്ന പോസ്റ്റുകൾ മാത്രമേ ഇപ്പോൾ എഴുതാറുള്ളൂ. അത് ഞാൻ സ്വന്തമായിട്ട് തന്നെയാണ് ചെയ്യുന്നത്. മറ്റാരെയും ഞാനതിന് സമ്മതിക്കില്ല. എഴുതാനിഷ്ടമാണ്. ഒരു പേനയും കടലാസുമെടുത്തുവച്ച് മൂഡ് തോന്നുമ്പോൾ എഴുതുന്ന രീതിയൊന്നുമല്ല. എഴുതേണ്ട ആവശ്യം വരുമ്പോൾ ഞാൻ തന്നെ എഴുതും.എന്റെയാ എഴുത്തുകൾ കണ്ട് പലരും ചോദിക്കാറുണ്ട്.'എഴുതിക്കൂടെ"യെന്ന്.
വിസ്മയ മോഹൻലാൽ തന്റെ കവിതാ സമാഹാരമായ ഗ്രെയിൻസ് ഒഫ് സ്റ്റാർ ഡസ്റ്റർ അയച്ചുതന്നുവെന്ന പോസ്റ്റ് കണ്ടു. വായിച്ചോ?
അതൊരു കവിതാ സമാഹാരമല്ലേ. ഒറ്റയിരുപ്പിന് വായിക്കേണ്ട. ഇടയ്ക്ക് ഒരു പേജ് തുറന്ന് ആ പേജിലെ കവിത വായിക്കാം, ചിത്രം കാണാം. അങ്ങനെ കുറേ കവിതകൾ വായിച്ചു.

പ്രണവും വിസ്മയേയും കുട്ടിക്കാലം തൊട്ടേയുള്ള കൂട്ടുകാരല്ലേ?
അവരെ ഞാനൊരു ഗ്യാപ്പിന് ശേഷം കാണുന്നത് 1995 ൽ 'അമ്മ"യുടെ ആദ്യത്തെ ഷോയുടെ സമയത്താണ്. അപ്പുവും ( പ്രണവ് ) മായയു( വിസ്മയ )മൊക്കെയായി ഞാൻ കൂടുതൽ അടുക്കുന്നതും അപ്പോഴാണ്. അപ്പുവിന്റെയും മായയുടെയും കൂടെ അന്ന് ആറോ ഏഴോ കുട്ടികളുണ്ട്. അവരുടെ കസിൻസ്. മായ അന്ന് തീരെ കൊച്ചുകുട്ടിയായിരുന്നു. അന്നേ എനിക്ക് കുട്ടികളെ വലിയ ഇഷ്ടമായിരുന്നു.
അപ്പുവിനെക്കാളും മായയെക്കാളും മൂത്തയാൾ ഞാനല്ലേ. അത്യാവശ്യം പ്രായവ്യത്യാസമുണ്ട്, ഞാനൊരു ഏഴിലോ എട്ടിലോ ഒക്കെ പഠിക്കുമ്പോൾ അവരൊക്കെ പ്രൈമറി ക്ളാസുകളിലായിരുന്നു.
എന്റെ മോളോടൊപ്പമിരുന്ന് അവളുടെ കുട്ടിക്കളിയൊക്കെ ഞാൻ ആസ്വദിക്കാറുണ്ട്. പണ്ടും ഞാൻ കുട്ടിക്കളി ആസ്വദിച്ചിരുന്നു. ഒരിക്കലും വലുതാകരുതേയെന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഞാൻ. അന്നും ഇന്നും കളിപ്പാട്ടങ്ങളൊക്കെ ഇഷ്ടപ്പെടുന്നയാളാണ്.
പിന്നീട് ഞാൻ കോളേജിൽ പോയി. അപ്പുവും മായയുമായി പിന്നീട് അധികം കാണാറില്ലായിരുന്നു. പക്ഷേ പണ്ടത്തെ അടുപ്പവും ഇഷ്ടവും ഇപ്പോഴുമുണ്ട്. മായയൊക്കെ ഇപ്പോഴും എന്നെ 'ചാലുച്ചേട്ടാ" യെന്ന് വിളിക്കുന്നത് കുട്ടിക്കാലത്തേ അങ്ങനെ വിളിച്ച് ശീലിച്ചത് കൊണ്ടാണ്.
കല്യാണി പ്രിയദർശനുമായി അങ്ങനെ ഒരടുപ്പമുണ്ടായിരുന്നോ?
കല്ല്യാണിയെ എനിക്ക് മുൻപ് അറിയില്ലായിരുന്നു. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ പൂജയ്ക്കാണ് ഞങ്ങൾ തമ്മിൽ ആദ്യം കാണുന്നത്. അതെന്തു കൊണ്ടാണെന്ന് എനിക്കറിയില്ല. ഞാൻ ചെന്നൈയിൽ പഠിക്കുമ്പോഴും പഠിച്ച് കഴിയുമ്പോഴുമൊക്കെ അവരൊക്കെ തീരെ ചെറിയ കുട്ടികളാണ്. ഏതെങ്കിലും ഫംഗ്ഷനൊക്കെ ഞങ്ങൾ തമ്മിൽ കണ്ടിട്ടുണ്ടാവും. പക്ഷേ ഞങ്ങൾ രണ്ടാൾക്കും അതോർമ്മയില്ല.

ചെന്നൈയിൽ പഠിച്ചിരുന്ന സമയത്ത് സാമന്ത ഉൾപ്പെടെയുള്ള ഇന്നത്തെ പ്രശസ്തരായ പല താരങ്ങളും ദുൽഖറിന്റെ സഹപാഠികളായിരുന്നുവെന്ന് കേട്ടിട്ടുണ്ട്?
ഞങ്ങളൊക്കെ വേറെ വേറെ സ്കൂളുകളിലായിരുന്നു. സാമന്ത, ശ്രുതി ഹാസൻ... അവരൊക്കെ എന്റെ ഫ്രണ്ട്സിന്റെ ഫ്രണ്ട്സായിരുന്നു. പക്ഷേ അങ്ങനെ പരിചയമൊന്നുമില്ലായിരുന്നു. ചെന്നൈയിലെ ശിഷ്യാ സ്കൂളിലാണ് ഞാൻ പഠിച്ചത്. ശ്രുതി ഹാസനൊക്കെ ഞങ്ങളുടെ സ്കൂളിൽവന്ന് പെർഫോം ചെയ്തിട്ടൊക്കെയുണ്ട്. ഒരു ഇന്റർ സ്കൂൾ കോമ്പറ്റീഷനിലായിരുന്നുവെന്നാണ് എന്റെ ഒാർമ്മ. അങ്ങനെ കണ്ട് പരിചയമുണ്ട്. സാമന്തയെ ഏതോ കോമൺ ഫ്രണ്ട് വഴി ഒരിക്കൽ പരിചയപ്പെട്ടിട്ടുണ്ട് അത്രയൊക്കെയുള്ളൂ . റാണാ ദഗുബഡ്ഡി ആ സമയത്ത് ചെന്നൈയിൽ പഠിക്കുകയായിരുന്നു. എന്റെ സ്കൂളിൽ പഠിച്ചതിൽ എനിക്കാകെ ഒാർമ്മയുള്ളത് ശന്തനു ഭാഗ്യരാജിനെയാണ്. പിന്നെ മുകേഷേട്ടന്റെ രണ്ട് മക്കളും കുറച്ചുകാലമുണ്ടായിരുന്നു. ശന്തനു എന്റെ ഭാര്യയുടെ കൂടെയൊക്കെ പഠിച്ചതാണ്.
എങ്ങനെയുള്ള ഒരു സ്റ്റുഡന്റായിരുന്നു ദുൽഖർ?
ക്ളാസിൽ ശ്രദ്ധിച്ചിരുന്ന് പഠിക്കുന്ന ഒരു കുട്ടിയൊന്നുമായിരുന്നില്ല ഞാൻ. എപ്പോഴും ഭാവനയുടെ ലോകത്ത് വിഹരിച്ചിരുന്ന ഒരു കുട്ടി. ക്ളാസിൽ ശ്രദ്ധിച്ചില്ലെങ്കിലും വീട്ടിൽ കുത്തിയിരുന്ന് പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ. ക്ളാസിൽ കെയർലെസായിരിക്കുന്നുവെന്ന് പറഞ്ഞ് വീട്ടിലെപ്പോഴും എന്നെ വഴക്ക് പറയുമായിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്തേ ശന്തന് വലിയ പെർഫോമറായിരുന്നു. നല്ല ഡാൻസറായിരുന്നു. അന്നേ സ്റ്റാറായിരുന്നു അവൻ.

ദുൽഖറോ?
എനിക്ക് ഭയങ്കര നാണമായിരുന്നു. ഗ്രൂപ്പ് ഡാൻസിലൊക്കെ ഞാനുണ്ടാവുമായിരുന്നു. പത്തുപന്ത്രണ്ട് പേരൊക്കെയുണ്ടെങ്കിൽ ഞാനവരുടെ പിറകിൽ പോയി നിൽക്കും. കുറേപ്പേര് പാടാനുണ്ടെങ്കിൽ അവരുടെ കൂടെപ്പാടും. എന്നെ അന്ന് അറിയാവുന്നവർക്ക് ഇപ്പോൾ ഞാൻ ഒരു ആക്ടറായതിൽ അദ്ഭുതമാണ്. ഞാൻ ഒരു വേദിയിൽ പ്രസംഗിക്കുന്നത് കേൾക്കുമ്പോൾ അദ്ഭുതമാണ്.
ഞാൻ നാണം കുണുങ്ങിയായിരുന്നതിന് കാരണം ഞാൻതന്നെ എനിക്ക് നൽകിയിരുന്ന സമ്മർദ്ദം കാരണമാണെന്ന് തോന്നുന്നു. ഇന്നത്തെപ്പോലെ അന്നും വാപ്പുച്ചി വലിയ സ്റ്റാറാണ്. ഒരു താരത്തിന്റെ മകനായത് കൊണ്ട് എല്ലാവരും എന്നിൽ നിന്ന് എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുമോയെന്നതായിരുന്നു എന്റെ ടെൻഷൻ. ഇപ്പോഴൊക്കെയാണ് ആ ടെൻഷൻ കുറച്ചൊക്കെ മാറിത്തുടങ്ങിയത്.
അവസാനമായി ഒരു പതിവ് ചോദ്യം?
(ചിരി) വാപ്പുച്ചിയോടൊത്തുള്ള സിനിമ എന്നാണെന്നല്ലേ? ആ സിനിമ വരുന്നില്ല. ഞാൻ ഇടയ്ക്ക് വാപ്പുച്ചിയോട് പോയി ചോദിക്കാറുണ്ട്. വാപ്പുച്ചിയുടെ ഏതെങ്കിലും ഒരു സിനിമയിൽ ഞാൻ ചുമ്മാ ഒന്ന് വന്നുപൊയ്ക്കോട്ടെയെന്ന് ചോദിക്കുമ്പോൾ 'എനിക്ക് നിന്റെയൊന്നും സഹായം വേണ്ട" എന്നായിരിക്കും വാപ്പുച്ചിയുടെ മറുപടി.