
കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയിൽ നിന്ന് എങ്ങനെയെങ്കിലും കരകയറണമെന്ന ഉദ്ദേശത്തോടെയാണ് ഞാൻ സിനിമയിലേക്ക് വന്നത്. സിനിമ എന്നെ ചതിച്ചില്ല. അതുകൊണ്ടു സിനിമയോടുള്ള എന്റെ വിശ്വാസം വർദ്ധിക്കുകയും , നേരവുംകാലവും നോക്കാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു.സിനിമ എന്നെ എപ്പോൾ കൈവിടുന്നു അപ്പോഴാണ് ഇനി എനിക്ക് വിശ്രമം- മികച്ച സഹ നടനുള്ള ദേശീയ അവാർഡ് നേടിയ വിജയ് സേതുപതി എല്ലാം തുറന്നു പറയുന്ന അഭിമുഖം....
സിനിമയിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്ത് താരമൂല്യമുള്ള നായക നടൻമാരായി മാറിയ പലരും ഇതിനുമുൻപും വന്നിട്ടുണ്ട്. ടിവി താരമായും സഹനടനായും വില്ലനായും രണ്ടാംനിരനായകനായും വന്ന് മുഖ്യ നായകനായതിനുശേഷം ആരും പക്ഷേ പിന്നിലേക്ക് തിരിച്ചുപോവാറില്ല. അതായത് നായകനായതിനുശേഷം അവർ മറ്റു കഥാപാത്രങ്ങൾ സ്വീകരിക്കാറില്ല. ഒരുപക്ഷേ അങ്ങനെ ചെയ്താൽ തന്റെ നായകമൂല്യം ഇടിഞ്ഞുപോകുമോ എന്ന് ഭയപ്പെടുന്നു.
അതുമാത്രമല്ല, നായകനായി മാറിയശേഷം, കഥയ്ക്കനുസരിച്ച് തന്നെ മാറ്റാൻ ശ്രമിക്കാതെ തന്റെ ഇമേജിന് അനുസരിച്ചുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാറാണ് ഇക്കൂട്ടരിൽ പലരുടെയും പതിവ്. തമിഴ് സിനിമയെ സംബന്ധിച്ച് ഇത് ഓരോ നടൻമാരുടെയും നിലനിൽപ്പു കൂടിയാണ്. എന്നാൽ ഈ ധാരണകളെല്ലാം തവിടുപൊടിയാക്കിയ നായകനാണ് മക്കൾ സെൽവൻ എന്ന് പ്രേക്ഷകർ സ്നേഹപൂർവം വിളിക്കുന്ന വിജയ് സേതുപതി.
' എം.കുമരൻ S/o മഹാലക്ഷ്മി" എന്ന തമിഴ് ചിത്രത്തിൽ ചെറിയ കഥാപാത്രമായി അരങ്ങേറ്റം കുറിച്ച വിജയ് സേതുപതി അതിനുശേഷം പല ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തശേഷമാണ് 'തെൻമേർക്കു പരുവക്കാറ്റ്" എന്ന ചിത്രത്തിലൂടെ ന ായകനായി വേഷമിട്ടത്. ഇൗ ചിത്രത്തിന്റെ വിജയത്തെ തുടർന്ന് നായകനായി, വില്ലനായി,അതിഥി വേഷത്തിൽ അഭിനയിക്കുന്ന നടനായി, നിർമ്മാതാവായി, തിരക്കഥാകൃത്തായി, ഡബിംഗ് ആർട്ടിസ്റ്റായി, പിന്നണി ഗായകനായി, ഗാനരചയിതാവായി തുടങ്ങിയ പല അവതാരങ്ങൾ എടുത്ത് തമിഴ് സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത നടനായി മാറി 'മക്കൾ സെൽവൻ" വിജയ് സേതുപതി .

ലോക് ഡൗണിനുശേഷം റിലീസായി പണം വാരിക്കൂട്ടിയ വിജയ് ചിത്രമായ മാസ്റ്ററിൽ ഭവാനി എന്ന ക്രൂരനായ വില്ലനായി വേഷമിട്ട വിജയ് സേതുപതി ഇൗ ചിത്രത്തിലെ അഭിനയത്തിലൂടെ വലിയ പ്രശംസ നേടി. തമിഴ് ചിത്രങ്ങൾക്കു പുറമേ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും തന്റെ സാന്നിദ്ധ്യം തെളിയിച്ച് ആൾറൗണ്ടർ ആയി മാറിയ വിജയ് സേതുപതിക്കാണ് ഇക്കുറി മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് .അദ്ദേഹവുമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്.-
കലാകാരനായുള്ള ഇൗ ഉയർച്ചയ്ക്ക് കാരണം താങ്കളുടെ കഴിവ് മാത്രമല്ലേ?അതോ ഭാഗ്യവുമുണ്ടോ?
ആദ്യം നാം നമ്മുടെ കഴിവിൽ വിശ്വസിക്കണം. നമ്മളുടെ കഴിവുകളെപ്പറ്റി സ്വയം മനസിലാക്കുകയും ആ കഴിവുകളെ വിശ്വസിക്കുകയും ചെയ്താൽ അത് നമ്മളെ വിജയത്തിലേക്ക് നയിക്കും. കുടുംബ പ്രാരാബ്ധം, ദാരിദ്ര്യം, തുടങ്ങി പല കാരണങ്ങൾ കൊണ്ട് വിദേശത്തേക്ക് ജോലി തേടി പോകേണ്ടിവന്നിട്ടുണ്ട്. അവിടെ കുറെ വർഷങ്ങൾ ജോലി ചെയ്തു തിരിച്ചു നാട്ടിലേക്ക് വന്നശേഷമാണ് സിനിമയിൽ കയറിപ്പറ്റാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. വളരെ കഷ്ടപ്പെട്ട് നടത്തിയ ശ്രമങ്ങൾ ഒാരോന്നായി വിജയിക്കാൻ തുടങ്ങി. ഏത് ജോലിയാണെങ്കിലും അത് അർപ്പണബോധത്തോടെ ചെയ്യുകയാണെങ്കിൽ വിജയം സുനിശ്ചിതം എന്നാണെന്റെ അനുഭവം. എന്റെ ഇന്നത്തെ ഇൗ വളർച്ചയ്ക്ക് മുഖ്യമായ കാരണം 'എനിക്കും എന്റെ മനസ്സാക്ഷിക്കും ഇടയിലുള്ള പോരാട്ടങ്ങളാണ് " എന്നാണ് വിശ്വാസം. ഭാഗ്യം എന്നതിനെക്കുറിച്ച് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഒരുപക്ഷേ അതും എന്റെ വിജയത്തിന് കാരണമായിട്ടുണ്ടാകാം, പക്ഷേ അത് എനിക്ക് ഉറപ്പിച്ചുപറയാൻ കഴിയുന്നില്ല.
റിയൽ ലൈഫിലും റീൽ ലൈഫിലും മറ്റു അഭിനേതാക്കളിൽ കാണാൻകഴിയാത്ത ലാളിത്യവും വിനയവും താങ്കളിലുണ്ട്. അതെങ്ങനെയാണ്?
ഞാൻ ഒരു സിനിമ സ്വീകരിക്കുമ്പോൾ കഥ മുഴുവൻ വായിച്ചതിനുശേഷംമാത്രമേ അതിൽ സൈൻ ചെയ്യാറുള്ളു. എന്നാൽ എന്നെ നായകനായി അവതരിപ്പിച്ച സംവിധായകൻ സീനു രാമസ്വാമിയുടെ അടുത്ത് മാത്രം കഥയെക്കുറിച്ച് അന്വേഷിക്കാറില്ല. കാരണം എനിക്ക് അദ്ദേഹത്തെ വിശ്വാസമാണ്. സിനിമയിൽ അഭിനയിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. പക്ഷേ അതിനുവേണ്ടി ഞാൻ അഭിനയം പഠിച്ചിട്ടില്ല. ജീവിതത്തിൽനിന്നാണ് അഭിനയപഠനം തുടങ്ങുന്നത്. അതിനുശേഷം സഹ അഭിനേതാക്കളിൽനിന്നാണ് അഭിനയം പഠിക്കാൻ തുടങ്ങിയത്. ഞാൻ ചെന്നൈയിൽ വാടക വീടിനുവേണ്ടി നായയെ പോലെ അലഞ്ഞു. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് 'ആണ്ടവൻ കട്ടളൈ" എന്ന ചിത്രത്തിൽ അഭിനയിച്ചത്. ഇതേപോലെ ഞാൻ അഭിനയിച്ച കൂടുതൽ ചിത്രങ്ങളിലും എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളുണ്ട്. ഇൗ അനുഭവങ്ങളാണ് എന്നെ ലാളിത്യത്തോടും വി നയത്തോടും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

വലിയ നായകവേഷം ലഭിച്ചതിനുശേഷവും വില്ലനായും ചെറിയ കഥാപാത്രങ്ങളിലും തുടർന്നും അഭിനയിക്കുന്നു. ഇത് താങ്കളുടെ നായകഇമേജിനെ ബാധിക്കില്ലേ?
നടൻ ഒരു വട്ടത്തിന്റെ ഉള്ളിൽ ഒതുങ്ങിക്കൂടാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടാണ് കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പം നോക്കാതെ അഭിനയിക്കുന്നത്. അത് മാത്രമല്ല ഇന്നത്തെ പ്രേക്ഷകരുടെ മനോഭാവവും വല്ലാതെ മാറിയിട്ടുണ്ട്.
പണ്ടത്തെപോലെ തന്റെ ഇഷ്ടനായകൻ അടിവാങ്ങുന്നതും മരിക്കുന്നതും ചെറിയ വേഷത്തിൽ അഭിനയിക്കാൻ പാടില്ലാ എന്ന മനോഭാവമൊന്നും ഇന്നത്തെ പ്രേക്ഷകർക്കില്ല . ഇഷ്ടപ്പെട്ട കഥാപാത്രം വന്നാൽ വലിപ്പ ചെറുപ്പം നോക്കാതെയാണ് അഭിനയിക്കുന്നത്. പ്രേക്ഷകരുടെ ആസ്വാദന മനോഭാവത്തെ മാറ്റുന്നതിൽ നടൻമാർക്കും മുഖ്യപങ്കുണ്ട്. ഞാൻ കഠിനാദ്ധ്വാനം ചെയ്ത കാലത്ത് ഏതെങ്കിലും വിധത്തിൽ എന്നെ സഹായിച്ച സുഹൃത്തുക്കൾ വന്ന് തന്റെ ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രമുണ്ട്, അഭിനയിച്ചാൽ നന്നായിരിക്കും, അത് എന്റെ ചിത്രത്തിന്റെ പ്രൊമോഷനും വ്യാപാരത്തിനും സഹായം ആവും എന്ന് പറയുമ്പോൾ അതിനെ നിരസിക്കാൻ കഴിയാറില്ല. അതുകൊണ്ടാണ് ചെറുതോ വലുതോ എന്നു നോക്കാതെ ചില വേഷങ്ങളിൽ അഭിനയിക്കുന്നത്. അതുകൊണ്ട് എന്റെ നായക ഇമേജ് നഷ്ടപ്പെടുമെങ്കിൽ അത് എനിക്ക് പ്രശ്നമില്ല. നമ്മളാൽ കഴിയുന്ന സഹായം മറ്റുള്ളവർക്ക് ചെയ്യണമെന്നത് എന്റെ പോളിസിയാണ്.
ഒാറഞ്ച് മിഠായി, സീതാക്കാതി തുടങ്ങിയ ചിത്രങ്ങളിൽ വയസായ കഥാപാത്രങ്ങളിൽ അഭിനയിച്ച താങ്കൾ സൂപ്പർ ഡീലക്സിൽ ശില്പ എന്ന ട്രാൻസ്ജെണ്ടറായി അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം?
ഏത് വേഷമായാലും ചിത്രീകരണം തുടങ്ങി ഒന്നുരണ്ട് ദിവസത്തിനുള്ളിൽ ഞാൻ ആ കഥാപാത്രമായി മാറിയിരിക്കും. എന്നാൽ ശില്പയായി മാറാൻ എനിക്ക് ഏറെ ദിവസം ബുദ്ധിമുട്ടേണ്ടിവന്നു. തുടക്കത്തിൽ ഭയമായിരുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും ശില്പയെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഞാൻ ഞാനായിത്തന്നെ നിൽക്കുന്നു. സാരി, വിഗ്, ലിപ്സ്റ്റിക് എല്ലാം വച്ചിട്ടും എനിക്കും ശില്പയ്ക്കും ഇടയിൽ വലിയ അകലം ഉള്ളതുപോലെ തോന്നി. അതിനാൽ നിറയെ ടേക്കുകൾ വേണ്ടിവന്നു. ശില്പയുടെ മാനറിസം എന്നിൽ നിന്ന് ശരിയായി വരാത്തതിനാൽ സംവിധായകൻ ത്യാഗരാജൻ കുമാരരാജം ദേഷ്യപ്പെട്ട് പാക്കപ്പ് പറഞ്ഞു.പിന്നീട് ഷൂട്ടിംഗ് തുടർന്നപ്പോൾ പതുക്കെ ശില്പയെ ഉൾക്കൊള്ളാൻ തുടങ്ങി. ഞാൻ ശില്പയായി മാറി. ശില്പയെ അവതരിപ്പിച്ചത് വ്യത്യസ്ത അനുഭവമായിരുന്നു.അതിനിപ്പോൾ ദേശീയാംഗീകാരം ലഭിച്ചതോടെ ഇരട്ടി ആഹ്ളാദമാണ്.
തമിഴ് സൂപ്പർസ്റ്റാർ രജനിയുടെ കൂടെ പേട്ട തെലുങ്ക് മെഗാസ്റ്റാർ ചിരംഞ്ജീവിയുടെ കൂടെ സായ്ദര നരസിംഹ റെഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അനുഭവം എന്തായിരുന്നു?
ഈ സിനിമകളുടെ ഭാഗമാകാൻ താത്പര്യം കാണിച്ചതിന് കാരണം ആ പ്രതിഭാധനർക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹമാണ് . ഇവർ രണ്ടുപേരും 40 വർഷത്തിലധികം സിനിമയിൽ ഉള്ള പ്രതിഭാശാലികളാണ്. രണ്ടുപേരുടെയും അഭിനയ രീതി കണ്ടുപഠിക്കണമെന്നത് വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു. രജനിസാർ എപ്പോഴും സ്മാർട്ട് ആയാണ് കാണപ്പെടുക. അദ്ദേഹം നാം എന്താണ് ചെയ്യാൻ പോകുന്നത്, അത് സ്ക്രീനിൽ എങ്ങനെ വരും, അതിനെ പ്രേക്ഷകർ എങ്ങനെയാവും സ്വീകരിക്കുക എന്നതെല്ലാം മനസിലാക്കി വച്ചിരിക്കും. രജനിസാറിന് ഒരു മോശമായ കഥാപാത്രത്തെ കൊടുത്താൽ കൂടി അത് മികച്ചതാക്കി മാറ്റി കയ്യടി നേടും. അതുപോലെത്തന്നെയാണ് ചിരംഞ്ജീവി സാറും. അവർ തന്റെകൂടെ അഭിനയിക്കുന്ന നടീനടൻമാർ ആരൊക്കെയാണെന്നും അവരുടെ കഥാപാത്രങ്ങൾ എന്തൊക്കെയാണെന്നും വളരെ കൃത്യമായി മനസിലാക്കിയിട്ടുണ്ടാകും. രണ്ടുപേരുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞത് എന്റെ മഹാഭാഗ്യമായാണ് കരുതുന്നത്.

ദളപതിയായി വിശേഷിപ്പിക്കപ്പെടുന്ന വിജയ് യുടെ വില്ലനായി മാസ്റ്ററിൽ അഭിനയിച്ചപ്പോൾ എങ്ങനെയുണ്ടായിരുന്നു?
തമിഴ് സിനിമയിൽ സാധാരണ കാണുന്ന വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഭവാനിയെ സംവിധായകൻ ലോകേഷ് കനകരാജ് രൂപപ്പെടുത്തിയത്. അത് എനിക്ക് വളരെ ഇഷ്ടമായി. മാത്രമല്ല ,തമിഴ് സിനിമയിലെ മാസ് ഹീറോയായ വിജയ് യുടെ കൂടെ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്താൻ തോന്നിയില്ല. പേട്ട സിനിമയിലെ വില്ലനേക്കാൾ ഭവാനിയെയാണ് പ്രേക്ഷകർ കൂടുതൽ സ്വീകരിച്ചത്. ഇതിനുകാരണം വിജയും ലോകേഷ് കനകരാജും ആ കഥാപാത്രത്തിന്റെ മേലെ വച്ചിരുന്ന വിശ്വാസവും അഭിനയിക്കാൻ എനിക്ക് തന്ന സ്വാതന്ത്ര്യവുമായിരുന്നു. മാസ്റ്ററിൽ വിജയ് സാറും തന്റെ നായക ബിംബത്തെ കുറച്ച് ഒതുക്കിവച്ച് കഥയ്ക്കനുസരിച്ചുള്ള കഥാപാത്രത്തെ താങ്ങിനിറുത്താൻ ശ്രമിച്ചിരുന്നു. വിജയ് യുടെ ഇൗ മാറ്റവും പ്രേക്ഷകർ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. വിജയ് സാറിന്റെ കൂടെ അഭിനയിക്കുമ്പോൾ കംഫർട്ട് ആയിരുന്നെങ്കിലും ഇത്ര വലിയ ഹീറോയുടെ കൂടെയല്ലേ അഭിനയിക്കുന്നത് എന്ന ഭയം എന്റെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നു.

ഭവാനി എന്ന കഥാപാത്രമായി മാറാൻ തയാറെടുപ്പ് നടത്തിയിരുന്നോ?
ഞാൻ ഇതുവരെ ഒരു കഥാപാത്രത്തിനുവേണ്ടിയും തയാറെടുപ്പ് നടത്തിയിട്ടില്ല. എനിക്ക് തരുന്ന ഡയലോഗ് വച്ച് സംവിധായകൻ എന്താണ് മനസിൽ കാണുന്നത് എന്ന് മനസിലാക്കും. സിനിമയിൽ വില്ലനെന്നുപറഞ്ഞാൽ എന്തുകൊണ്ടാണ് സീരിയസ് ആയിമാത്രം കാണിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. എല്ലാവരുടെ ജീവിതത്തിലും ഒരു ഫൺ ഉണ്ടാവും. ഒരുകാഴ്ച്ചപ്പാട് ഉണ്ടാവും. അതേപോലെയാണ് ഭവാനി എന്ന കഥാപാത്രവും ഉണ്ടായിട്ടുള്ളത്. എന്റെ ഇൗ രീതി വിജയ് സാറിനും ലോകേഷ് സാറിനും ഇഷ്ടമായി. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
ഇൗ വില്ലൻ അവതാരം തുടരുമോ?
എന്ത് കഥാപാത്രമായാലും അത് പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടോ എന്നാണ് ഞാൻ നോക്കാറുള്ളത്. അല്ലാതെ അത് നായകനാണോ വില്ലനാണോ എന്നൊന്നും നോക്കാറില്ല. ഏത് കഥാപാത്രം ആണെങ്കിലും ഒരു ലക്ഷ്യം ഉണ്ടെങ്കിൽ അത് ചെയ്യും. എന്നെ ഒരു ഫ്രെയിമിനുള്ളിൽ ഒതുക്കിവയ്ക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല. ഞാൻ അത് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒരു നടൻ എല്ലാതരം കഥാപാത്രങ്ങളും ചെയ്യണം. അങ്ങനെ ചെയ്യുമ്പോഴാണ് അവരുടെ എല്ലാ കഴിവുകളെയും പുറത്തുകൊണ്ടുവരാൻ സാധിക്കുന്നത്.
24 മണിക്കൂർ പോരാത്ത തരത്തിലാണ് താങ്കൾ സിനിമയിൽ പ്രവർത്തിക്കുന്നത്. ഇൗ തൊഴിലിലേക്ക് വരാനും ഉൗണും ഉറക്കവും നഷ്ടപ്പെടുത്തി ജോലി ചെയ്യാനും എന്താണ് കാരണം ?
കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയിൽ നിന്ന് എങ്ങനെയെങ്കിലും കരകയറണമെന്ന ഉദ്ദേശത്തോടെയാണ് സിനിമയിലേക്ക് വന്നത്. സിനിമ എന്നെ ചതിച്ചില്ല. അതുകൊണ്ടു സിനിമയോടുള്ള വിശ്വാസം വർദ്ധിക്കുകയും നേരവും കാലവും നോക്കാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. സിനിമ എന്നെ എപ്പോഴാണ് കൈവിടുന്നത് അപ്പോഴാണ് ഇനി എനിക്ക് വിശ്രമം.
ഇത്രയും വലിയൊരു സ്റ്റാർ ഇമേജ് നേടിയശേഷവും താങ്കൾ ആരാധകരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാനും അവരെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാനും മടി കാണിക്കാറില്ല. ഇക്കാര്യത്തിൽ വിജയ് സേതുപതിയെ മറികടക്കാൻ ആരുമില്ലെന്ന് പറയുന്നുണ്ടല്ലോ?
'സ്നേഹമാണഖിലസാരമൂഴിയിൽ" എന്നുപറയാറുണ്ടല്ലോ. നമ്മളെ സ്നേഹിക്കുന്നവരെ നമ്മളും സ്നേഹിക്കണം. ആ വഴിയിൽ എന്നെ തേടിവരുന്നവരോട് ഞാനും സ്നേഹം കാണിക്കുകയും അവരുടെ ആഗ്രഹങ്ങൾ കഴിയുന്നവിധത്തിൽ സാധിച്ചുകൊടുക്കാനും ശ്രമിക്കാറുണ്ട്. അപ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം കാണുമ്പോൾ നമ്മളുടെ മനസിനുണ്ടാകുന്ന സംതൃപ്തി ഒന്നു വേറെ തന്നെയാണ്. ഒാരോ സ്ഥലങ്ങളിലേക്ക് ഷൂട്ടിംഗിനുവേണ്ടി പോകുമ്പോഴും അവിടെയെത്തുന്ന ആരാധകർ സ്നേഹംകൊണ്ട് വീർപ്പ് മുട്ടിക്കാറുണ്ട്. ഇത് സിനിമയിൽനിന്നുമാത്രം കിട്ടുന്ന അംഗീകാരമാണ്.

മാർക്കോണി മത്തായി എന്ന ചിത്രത്തിൽ വിജയ് സേതുപതിയായിത്തന്നെ വന്ന താങ്കളുടെ അടുത്ത മലയാള ചിത്രം ഏതാണ്?
19 (1) (A) . ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി വരുന്നു. തമിഴ്നാട്ടിൽ ജനിച്ച് കേരളത്തിൽ ജീവിക്കുന്ന ഒരു എഴുത്തുകാരന്റെ വേഷമാണ്. എന്റെ ജോടിയായി അഭിനയിക്കുന്നത് നിത്യാമേനോനാണ്.മനോഹരമായ കഥ. അനുയോജ്യമായ കഥയും സമയവും ഒത്തുവന്നാൽ മലയാളത്തിൽ തുടർന്ന് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മലയാള സിനിമയിൽ നിന്ന്നിറയെ വിഷയങ്ങൾ പഠിക്കാൻ സാധിക്കും. എനിക്ക് മലയാളം നന്നായി സംസാരിക്കാൻ അറിയില്ലെങ്കിലും പറയുന്നത് മനസിലാക്കാൻ കഴിയും. എന്റെ ഭാര്യ ജെസി മലയാളിയാണ്. അവരുടെ സഹായത്തോടെ മലയാളം പഠിച്ചുവരുന്നു. അടുത്തുതന്നെ ഞാൻ മലയാളത്തിൽ സംസാരിക്കാൻ തുടങ്ങും.
ഏതൊക്കെയാണ് പുതിയ സിനിമകൾ ?
തമിഴിൽ കുട്ടി സ്റ്റോറി എത്തി. നളൻ കുമാരസ്വാമി സംവിധാനം ചെയ്ത ആടൽ പാടൽ എന്ന കഥയിലാണ് അഭിനയിച്ചത്. പ്രതിനായകനായി അഭിനയിച്ച തെലുങ്ക് ചിത്രം ഉപ്പണറിലീസ് ചെയ്തു. തമിഴിൽ തുഗ്ളക് ദർബാർ, ലാഭം, കടൈശി വ്യവസായി, മാമനിതൻ, യാതും ഉൗരേ ധാവരും കേളീർ എന്നീ ചിത്രങ്ങൾ വൈകാതെ റിലീസ് ചെയ്യും. വിഘ്നേഷ് ശിവൻ- നയൻതാര കാത്തുവാക്കിൽ രണ്ട് കാതൽ ഉൾപ്പെടെ ചില ചിത്രങ്ങളിൽ അഭിനയിച്ചു വരുന്നു. കേരളകൗമുദി ഫ്ളാഷ് മൂവീസിന്റെ അടുത്ത അഭിമുഖം മലയാളത്തിലായിരിക്കും താൻ സംസാരിക്കുക എന്ന് പറഞ്ഞു വിജയ് സേതുപതി സംഭാഷണം അവസാനിപ്പിച്ചു.
ഭാര്യ ജെസി കൊല്ലം സ്വദേശിനി
വിജയ് സേതുപതി ദുബായിയിൽ ജോലി ചെയ്യുമ്പോൾ ജെസ്സിയും അവിടെ ഉണ്ടായിയിരുന്നു. ഒരു സുഹൃത്ത് വഴിയാണ് വിജയ് സേതുപതി ജെസിയെ പരിചയപ്പെടുന്നത്. ജെസി കൊല്ലം സ്വദേശിനിയാണ്. ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചു വളർന്നത് ചെന്നൈയിലാണ്. ഓൺലൈൻ ചാറ്റിങ്ങിലൂടെയാണത്രെ വിജയ് സേതുപതിയും, ജെസ്സിയും ആദ്യമായി പരസ്പരം സംസാരിച്ചതും, അടുക്കുന്നതും. വിവാഹനിശ്ചയത്തിന്റെ അന്നാണത്രെ വിജയ്സേതുപതി ജെസിയെ ആദ്യമായി നേരിൽക്കാണുന്നത്.