
മലയാള സിനിമയിൽ  25 വർഷത്തിന്റെ തിളക്കത്തിൽ പ്രവീണ
''വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന ചിത്രത്തിലെ വാസന്തിയെ പോലെ ഒരുപാട് വർഷങ്ങൾക്ക് ശേഷം എനിക്ക് കിട്ടിയ നല്ലൊരു കഥാപാത്രമാണ് സുമേഷ് ആൻഡ് രമേശ് എന്ന ചിത്രത്തിലെ ഉഷ.ഞാൻ ചെയ്തതിൽ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഇപ്പോൾ ഉഷയുമുണ്ട്.""രണ്ടര പതിറ്റാണ്ടോളം സിനിമയോടൊപ്പം യാത്ര ചെയ്യുക എന്നത് നിസാരകാര്യമല്ല. ഇക്കാലയളവിൽ മലയാള സിനിമയുടെ ഓരം ചേർന്നു നടന്ന പ്രിയ നടി പ്രവീണ നായികയായും സഹ നായികയായും ഇപ്പോൾ അമ്മ വേഷങ്ങളിലും തന്റെ ജൈത്ര യാത്ര തുടരുകയാണ്.
എവിടെയാണ് മലയാളത്തിന്റെ പ്രിയങ്കരിയായ പ്രവീണ ഇപ്പോൾ ?
ഞാനിവിടെ ചെന്നൈയിലാണ് ഇപ്പോൾ.രണ്ടു തമിഴ് സിനിമയുടെ വർക്ക് നടക്കുന്നു. അതിന്റെ ആവശ്യമായി വന്നതാണ്. ഒരു വെബ് സീരിസും ചെയ്യുന്നുണ്ട്.ആർക്കാ മീഡിയയുടെ(ബാഹുബലി പ്രൊഡക്ഷൻ കമ്പനി ) പ്രൊഡക്ഷനിൽ വലിയ പ്രോജക്ടാണ് .തെലുങ്ക് വെബ് സീരീസാണ്.ശരത് കുമാർ സാറിന്റെ ജോഡിയായാണ് അഭിനയിക്കുന്നത് . അതുപോലെ ആര്യ അഭിനയിച്ച ടെഡി എന്ന ചിത്രത്തിൽ ആര്യയുടെ അമ്മയായി അഭിനയിച്ചു. ചിത്രത്തിന് നല്ല പ്രതികരണമാണ് കിട്ടുന്നത്. ശ്രീകാന്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ശ്രീകാന്തിന്റെ അമ്മ വേഷം ചെയുന്നുണ്ട്. മുൻപ് പലപ്പോഴും തമിഴിൽ നിന്ന് അവസരം വന്നിട്ടുണ്ടെങ്കിലും തമിഴിൽ അഭിനയിക്കുന്നതും സജീവമാവുന്നതും ഇപ്പോഴാണ്.

അമ്മ വേഷങ്ങളാണല്ലോ ഇപ്പോൾ കൂടുതലും ?
ബാംഗ്ളൂർ ഡേയ്സിൽ നസ്രിയയുടെ അമ്മ വേഷമാണ് ഞാൻ ആദ്യമായി ചെയ്ത അമ്മ വേഷം. തുടർച്ചയായി അമ്മ വേഷങ്ങൾ ക്ലിക്കായാൽ പിന്നെ വരുന്ന മിക്ക വേഷങ്ങളും അമ്മ കഥാപാത്രമായിരിക്കും. അല്ലാതെ അത്തരത്തിലുള്ള കഥാപാത്രങ്ങൾ നോക്കി തിരഞ്ഞെടുക്കുന്നതല്ല.തമിഴിൽ ധീരൻ എന്ന ചിത്രത്തിൽ കാർത്തിയുടെ അമ്മ വേഷം ചെയ്തു അതുപോലെ ജയംരവിയുടെ കൂടെ കോമാളി എന്ന സിനിമയിൽ ജയം രവിയുടെ അമ്മ വേഷം ചെയ്തു. ഇപ്പോഴുള്ള വയസിനേക്കാൾ കൂടുതൽ പ്രായമുള്ള കഥാപാത്രങ്ങളാണ് അധികവും ചെയ്യുന്നത്.പിന്നെ തുള്ളി ചാടി നടന്നിരുന്ന മനോഭാവം മാറി. കുറച്ചുകൂടെ പക്വതയോടെ കാര്യങ്ങൾ കാണാൻ തുടങ്ങി. ഓരോ കഥാപാത്രങ്ങളും നമ്മുടെ ജീവിതത്തിൽ ചെറിയ രീതിയിലാണെങ്കിലും സ്വാധീനം ചെലുത്തുമെന്ന് തോന്നിയിട്ടുണ്ട്.ഇപ്പോൾ തുടർച്ചയായി അമ്മ വേഷങ്ങൾ ചെയ്യുന്നു ഒരു പരിധിവരെ അമ്മയുടെ ഒരു ഫീലിംഗ്സ് നമ്മളിൽ കാണും. ഊർജ്ജസ്വലമായ കഥാപാത്രങ്ങളാണ് നമ്മൾ കൂടുതലും ചെയ്യുന്നതെങ്കിൽ ആ ഒരു എനർജി നമ്മളിൽ കാണും. പെട്ടന്നായിരുന്നു അമ്മ വേഷത്തിൽ എത്തിയത് . പിന്നീട് തുടർച്ചയായ അമ്മ വേഷങ്ങൾ ചെയ്യുകയായിരുന്നു.
സുമേഷ്  ആൻഡ് രമേശിലെ ഉഷയെക്കുറിച്ച് ?
സുമേഷ്  ആൻഡ്  രമേശിലെ  സുമേഷിന്റെയും രമേഷിന്റെ അമ്മ വേഷമായ ഉഷയായാണ് അഭിനയിക്കുന്നത്. ബാലു വർഗീസും ശ്രീനാഥ് ഭാസിയുമാണ് സുമേഷിന്റെയും രമേശിന്റേയും വേഷം ചെയ്യുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന് ശേഷം എനിക്ക് കിട്ടിയ നല്ലൊരു കഥാപാത്രമാണ് ഉഷയെന്ന് പറയാം. ഉഷയുടെ കഥകൂടിയാണ് സുമേഷ് ആന്റ് രമേഷ്. മടിയന്മാരായ രണ്ടു മക്കളും കുഴിമടിയനും സ്വാർത്ഥനുമായ ഭർത്താവും. സലിം ഏട്ടനാണ് ഭർത്താവിന്റെ വേഷം ചെയ്തിരിക്കുന്നത്. ഇവരുടെ ഇടയിൽ ജീവിക്കുന്ന ഒരു സ്ത്രീ. ഇവർക്ക് ഒത്തിരി പ്രശ്നങ്ങൾ ഉണ്ടെങ്കിലും  ഒരിക്കലും കരയുന്നില്ല. ആരോടും പരാതിയോ പരിഭവമോ പറയാതെ ഒരു കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുന്നു. അവർ സ്വയം തൊഴിൽ ചെയ്യുന്നു. സജീവമായ കുടുംബശ്രീ പ്രവർത്തകയുമാണ്. മിടുക്കിയായുള്ള അമ്മയാണ് ഉഷ. സനൂപ് തൈക്കുടമാണ് സംവിധായകൻ. എന്റെ അനിയനെ പോലെയുള്ള വ്യക്തിയാണ് സനൂപ്. കഴിഞ്ഞ വർഷം മാർച്ചിൽ റീലിസാവേണ്ട സിനിമയായിരുന്നു സുമേഷ് ആന്റ് രമേഷ്. ഞാൻ ചെയ്തതിൽ ഏറ്റവും പ്രിയപ്പെട്ട അമ്മ വേഷം ഉഷ തന്നെയാണ്.

ഇപ്പോഴുള്ള തിരഞ്ഞെടുപ്പുകൾ എങ്ങനെ ?
ഒരുപാട് പുതിയ പ്രോജക്ടുകൾ വരുന്നുണ്ട്. പക്ഷേ ഞാൻ വളരെ സെലക്ടിവായി മാത്രമേ സിനിമകൾ തിരഞ്ഞെടുക്കാറുള്ളു. വെറുതെ ഒരു വേഷം ചെയ്തിട്ട് കാര്യമില്ലാലോ.ചെയ്യുന്ന കഥാപാത്രം ആ സിനിമയിൽ പ്രധാനപ്പെട്ടതായിരിക്കണം. ഒരു സിനിമയിൽ മുഴുവനായി നിറഞ്ഞുനിന്നിട്ടും ആ കഥാപാത്രം പ്രധാനപ്പെട്ടതല്ലെങ്കിൽ കാര്യമില്ല.
ഇതുവരെയുള്ള കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ?
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ വാസന്തി ,അഗ്നിസാക്ഷിയിലെ തങ്കം , സ്വർണത്തിലെ രാധ,അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിലെ പങ്കിയമ്മ പിന്നെ ഇപ്പോൾ ചെയ്ത സുമേഷ് ആൻഡ് രമേശിലെ  ഉഷ. ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും കഥാപാത്രങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടത്.

വിവാഹ ശേഷം എന്തുകൊണ്ടാണ് പല നായികമാരും സിനിമയിൽ നിന്ന് അപ്രത്യക്ഷമാകുന്നത് ?
അതെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണ്. ഒത്തിരിപേർ വിവാഹശേഷം കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളിലേക്ക് കയറുകയാണ്. സിനിമ എന്നത് ഒരു ഓഫിസിൽ പോവുന്നപോലത്തെ ജോലി അല്ല. പല സ്ഥലങ്ങളിലേക്കും യാത്ര ചെയേണ്ടിവരും. ചില ഉത്തരവാദിത്തങ്ങൾ മാറ്റി വെക്കേണ്ടിവരും. അതെല്ലാം സാധിക്കുമെന്ന് ഉറപ്പുണ്ടെങ്കിലെ നമുക്ക് സിനിമയിലേക്ക് തിരിച്ചുവരാൻ കഴിയുകയുള്ളൂ. കുടുംബ ജീവിതം ഒരിക്കലും അഭിനയ ജീവിതത്തിന് തടസമായ കാര്യമല്ല. അതെല്ലാം തികച്ചും വ്യക്തിപരമായ തീരുമാനങ്ങളാണ്.
ആർക്ക് ശബ്ദം നൽകിയതാണ് കൂടുതൽ ഇഷ്ടം ?
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം കിട്ടിയിട്ടുണ്ടെങ്കിലും ഞാൻ ഡബ്ബിംഗിൽ  സജീവമായി നിന്ന ആർട്ടിസ്റ്റാണെന്ന് പറയാൻ പറ്റില്ല. ഇലക്ട്ര എന്ന ചിത്രത്തിൽ മനീഷ കൊയിരാളയ്ക്കും ഇവൻ മേഘാരൂപൻ എന്ന ചിത്രത്തിൽ പത്മപ്രിയയ്ക്കും ശബ്ദം നൽകിയതിനാണ് അവാർഡുകൾ ലഭിച്ചത്. അഞ്ചോ ആറോ സിനിമയ്ക്ക് വേണ്ടി മാത്രമാണ് ഡബ്ബ് ചെയ്തിട്ടുള്ളത്.