
മലയാളത്തിൽ തനിക്കിഷ്ടപ്പെട്ട രാഷ്ട്രീയ സിനിമകൾ ഫ്ളാഷ് മൂവീസ് വായനക്കാർക്ക് വേണ്ടി രൺജി പണിക്കർ തിരഞ്ഞെടുക്കുന്നു
കബനീ നദി ചുവന്നപ്പോൾ
രചന, സംവിധാനം: പി.എ. ബക്കർ
ആ കാലത്ത് എന്റെ അന്നത്തെ പ്രായത്തിൽ ഞാൻ കണ്ട് ഹരം കൊണ്ടൊരു സിനിമയായിരുന്നു കബനീ നദി ചുവന്നപ്പോൾ. കേരളത്തിലും ഇന്ത്യയുടെ പലഭാഗങ്ങളിലും നക്സലൈറ്റ് പ്രസ്ഥാനം ഒരു തരംഗമായിരുന്ന കാലം. ആ കാലത്തെ ചെറുപ്പക്കാർക്കൊക്കെ നക്സലിസത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമകളും ഒരാവേശമായിരുന്നു. അന്ന് തോന്നിയ ആവേശം ഇന്ന് ആ സിനിമ കാണുമ്പോൾ തോന്നണമെന്നില്ല. ലക്ഷണ ശാസ്ത്ര പ്രകാരം ആ സിനിമ എന്തായിരുന്നുവെന്നുള്ളതല്ല. ആ കാലം... ആ കാലത്ത് ആ സിനിമ പറഞ്ഞ രാഷ്ട്രീയം. അതിന്റെ ആവിഷ്കാരം... അതെന്നെ സ്വാധീനിച്ചിട്ടുണ്ട്.
ഈ നാട്
സംവിധാനം: ഐ.വി. ശശി രചന: ടി. ദാമോദരൻ
തിയേറ്ററിൽ കണ്ടപ്പോൾ എന്നെ ആവേശം കൊള്ളിച്ച സിനിമയാണ് ഈ നാട്. ആ കാലത്ത് മലയാളത്തിൽ മുൻ മാതൃകകളില്ലാത്ത ഒരു സിനിമയായിരുന്നു ഈ നാട്. ദാമോദരൻ മാഷ് എഴുതിയ സിനിമകൾ പലതും എല്ലാ കാലത്തും എന്നെ ആകർഷിച്ചിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ട തിരക്കഥാകൃത്തായിരുന്നു അദ്ദേഹം.
പഞ്ചവടിപ്പാലം
സംവിധാനം: കെ.ജി. ജോർജ് സംഭാഷണം : യേശുദാസൻ
ധീരമായ ഒരു ശ്രമമായിരുന്നു പഞ്ചവടിപ്പാലം. അതിന്റെ സറ്റയറിക്കൽ സ്വഭാവം മലയാളത്തിൽ മുൻ മാതൃകകളില്ലാത്തതായിരുന്നു. അന്നത്തെ കാലത്ത് അങ്ങനെ ഒരു സിനിമ ചെയ്യാൻ അസാമാന്യമായ ധൈര്യം വേണം. കെ.ജി. ജോർജിന്റെ എല്ലാ സിനിമകളിലും ആ ധൈര്യമുണ്ട്.
ആദാമിന്റെ വാരിയെല്ല്
സംവിധാനം: കെ.ജി. ജോർജ് രചന: കെ.ജി. ജോർജ്
ആദാമിന്റെ വാരിയെല്ല് ഒരു രാഷ്ട്രീയ സിനിമയായിട്ട് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആ കാലഘട്ടത്തിന്റെ രാഷ്ട്രീയം ഏതൊക്കെയോ തരത്തിൽ നല്ലത് പോലെ പ്രതിപാദിക്കപ്പെട്ടിട്ടുള്ള സിനിമ. അതിൽ നിന്ന് വേറിട്ട് നിൽക്കാൻ കഴിയാത്ത വിധത്തിൽ രാഷ്ട്രീയം ഉൾച്ചേർന്ന സിനിമ.
ഇരകൾ
രചന, സംവിധാനം: കെ.ജി. ജോർജ്
ഇരകൾ കെ.ജി. ജോർജിന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായി എനിക്ക് തോന്നിയിട്ടുണ്ട്. പണം, സ്വാധീനം, കുടുംബബന്ധങ്ങൾ എന്നീ ഘടകങ്ങളൊക്കെ നല്ലപോലെ വിലയിരുത്തുകയും നമ്മുടെ സമൂഹത്തിലുണ്ടായ സാംസ്കാരികമായ മാറ്റം അടയാളപ്പെടുത്തുകയും ചെയ്ത സിനിമ. സമൂഹത്തിന്റെ റിയാലിറ്റിയുമായി ചേർന്ന് നിൽക്കുന്ന സിനിമ. വെറും റിയലിസമല്ല അത്. കൃത്യമായ രാഷ്ട്രീയ വ്യക്തിത്വമുള്ള സിനിമയാണ് ഇരകൾ.
എലിപ്പത്തായം
രചന, സംവിധാനം : അടൂർ ഗോപാലകൃഷ്ണൻ
എലിപ്പത്തായത്തെ ഒരു രാഷ്ട്രീയ സിനിമയെന്ന് പറയാമോയെന്ന് എനിക്കറിയില്ല. പക്ഷേ കേരളത്തിന്റെ മാറുന്ന വ്യവസ്ഥിതിയെ അത് സമൂഹത്തിന്റെ ചില തലങ്ങളിലുണ്ടാക്കിയിട്ടുള്ള വലിയ മാറ്റങ്ങളെയൊക്കെ മനോഹരമായി ആവിഷ്കരിച്ച സിനിമയാണ്. ആ സിനിമയുടെയും അടിസ്ഥാനം രാഷ്ട്രീയം തന്നെയാണ്.