
മോഹൻലാൽ സംവിധായകനാകുന്ന ബറോസിന്റെ പൂജാ വിശേഷങ്ങൾ
വിസ്മയം മോഹൻലാലിന് ഏറെ പ്രിയപ്പെട്ട വാക്കുകളിലൊന്ന്. അഭിനയ ജീവിതത്തിൽ നാല് പതിറ്റാണ്ട് പിന്നിട്ട മഹാനടൻ സംവിധായകനാകുന്ന ബറോസ് ഒരുപാട് വിസ്മയങ്ങൾ സൂക്ഷിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കുമെന്ന് ഉറപ്പ്.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാലിനെ വെള്ളിത്തിരയിലവതരിപ്പിച്ച നവോദയയുടെ എറണാകുളം കാക്കനാട്ടുള്ള സ്റ്റുഡിയോയിലായിരുന്നു ബറോസിന്റെ തുടക്കം.
മമ്മൂട്ടിയും ദിലീപും പൃഥ്വിരാജും അടക്കമുള്ള വൻ താരങ്ങളെയും ഫാസിലും പ്രിയദർശനും സിബിമലയിലും സത്യൻ അന്തിക്കാടും സന്തോഷ്ശിവനും അടക്കമുള്ള സംവിധായകരെയും സാക്ഷിനിറുത്തിയാണ് ബറോസിന്റെ പൂജാ ചടങ്ങുകൾ നടന്നത്.
മോഹൻലാൽ ആദ്യമായി അഭിനയിച്ച തിരനോട്ടത്തിന്റെ സംവിധായകൻ അശോക് കുമാർ, ഫസ്റ്റ് ക്ളാപ്പടിച്ച ജി. സുരേഷ് കുമാർ. ടി.കെ. രാജീവ് കുമാർ, മോഹൻലാലിന്റെ സുഹൃത്തും ചാർട്ടേർഡ് അക്കൗണ്ടന്റുമായ സനൽകുമാർ, സത്യൻ അന്തിക്കാട്, ദിലീപ്, സിദ്ദിഖ്, മേജർ രവി തുടങ്ങിയ നിരവധി പ്രമുഖർ പൂജാചടങ്ങിൽ പങ്കെടുത്തു.
"എന്റെയൊപ്പം നാല് പതിറ്റാണ്ടിനപ്പുറം നീണ്ട യാത്രയിൽ ഒപ്പം നടന്നവരിലും ഒട്ടുമിക്കവരും ഇൗ ചടങ്ങിൽ സാക്ഷിയാകാൻ ഒത്തുചേർന്നതിൽ സന്തോഷമുണ്ട്." പ്രൗഡഗംഭീരമായ സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് മോഹൻലാൽ പറഞ്ഞു.
രാജ്യാന്തര ശ്രദ്ധ നേടുന്ന ഒരു സിനിമയായി ബറോസ് മാറട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു.
മോഹൻലാലിന്റെ പത്നി സുചിത്ര, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, ഭാര്യ ശാന്തി ആന്റണി, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയാ മേനോൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
പോർച്ച്ഗീസ് പശ്ചാത്തലത്തിലുള്ള ഒരു പ്രമേയമാണ് ബറോസ് പറയുന്നത്. വാസ്കോഡഗാമയുടെ നിധി സൂക്ഷിക്കുന്ന ഭൂതമാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് നിധിയുടെ യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്.
1984 ൽ റിലീസായ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തന്റെ സംവിധായകനും നവോദയയുടെ സാരഥിയുമായ ജിജോയാണ് ബറോസിന്റെ രചന നിർവഹിക്കുന്നത്.
"മണിരത്നം സാർ ഒരിക്കലെന്നോട് പറഞ്ഞിട്ടുണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകനാണ് ജിജോ സാറെന്ന് . ജിജോ സാറിനെ ഇത്രയും വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ ലാലേട്ടനോട് നന്ദിയുണ്ട്." ബറോസിൽ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്ന പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജിനൊപ്പം ഭാര്യ സുപ്രിയാ മേനോനും ചടങ്ങിൽ പങ്കെടുത്തു.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ബാറോസ് അവതരിപ്പിക്കുന്നത് പ്രമുഖ വ്യവസായി രവിപിള്ളയുടെ റാവിസാണ്.മോഹൻലാൽ ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്ന ബാറോസിൽ വിദേശ താരങ്ങളായ റാഫേൽ അമെർഗോ, പാസ്വേഗ എന്നിവരും വേഷമിടുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം- ലിഡിയൻ നാദസ്വരം.ഏപിൽ 2ന് ഗോവയിൽ ചിത്രീകരണം ആരംഭിക്കുന്ന ബറോസിന്റെ രണ്ടാംഘട്ട ചിത്രീകരണം ഫോർട്ട് കൊച്ചിയിലാണ് പ്ളാൻ ചെയ്തിരിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
മോഹൻലാലിന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിലെ അംഗ്വതത്തിനുള്ള അപേക്ഷാഫാറം പൂജാ ചടങ്ങിൽ വച്ച് ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണൻ നൽകി.