
മിനിസ്ക്രീനിൽ തിളങ്ങുന്ന സുഭാഷ് ബാബു തന്റെ വിശേഷങ്ങൾ പറയുന്നു
വെള്ള ഷർട്ടും വെള്ള മുണ്ടും ഉടുത്ത് ഒത്ത പൊക്കത്തിൽ കുളത്തൂപ്പുഴ സച്ചിദാനന്ദൻ മുന്നിൽ വന്നു നിൽക്കുമ്പോൾ മുന്നിൽ നിൽക്കുന്നവന്റെ മുഖത്ത് ഭയം നിഴലിക്കുന്നത് കാണാം. കുളത്തൂപ്പുഴ സച്ചിദാനന്ദനെന്ന രാഷ്ട്രിയക്കാരനായി ഗൃഹസദസുകളിൽ നിറഞ്ഞു നിൽക്കുന്നു സുഭാഷ് ബാബു. വില്ലൻ വേഷങ്ങളിൽ തിളങ്ങുന്ന സുഭാഷ് ജീവിതത്തിൽ അഭിനയ മോഹവും സിനിമ സ്വപ്നമായും കൊണ്ടുനടക്കുന്ന കലാകാരനാണ്. എന്തുകൊണ്ടാണ് സുഭാഷിന്റെ മുഖം മിനി സ്ക്രീനിൽ മാത്രമായി ഒതുങ്ങുന്നുവെന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി.
സിനിമ ഇപ്പോഴും വിദൂരമാണോ ?
ഒന്നര പതിറ്റാണ്ടായി മിനിസ്ക്രീനിൽ സജീവമായി ഞാനുണ്ട്. ഇത്രയും വർഷം ഇവിടെ നിന്നിട്ട് എന്തുകൊണ്ടാണ് സിനിമയിൽ അധികം മുഖം കാണിക്കാത്തതെന്ന ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. ഏതൊരു അഭിനേതാവിന്റെയും ഏറ്റവും വലിയ സ്വപ്നം എന്ന പോലെ എന്റെ സ്വപ്നവും സിനിമതന്നെ. എന്റെ തുടക്കക്കാലത്ത് അവസരങ്ങൾ കുറവായിരുന്നു. സിനിമ എത്തിപ്പിടിക്കാൻ പോലും കഴിയാത്തത്ര ദുരം.
സിനിമയിലേക്കുള്ള വഴിയാകുമെന്നു കരുതിയാണ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. അഭിനയം എന്നതിലപ്പുറം സിനിമ എന്നത് തന്നെയാണ് ആഗ്രഹം.സിനിമകൾ അന്നും എറണാകുളത്താണ് സജീവമായി നിന്നിരുന്നത്. തിരുവനന്തപുരം സീരിയലിന്റെ തട്ടകവും. എന്റെ ബന്ധങ്ങൾ വച്ച് സീരിയൽ വരെ എത്താൻ സാധിച്ചുവെന്നു പറയുന്നതാവും ശരി.അഭിനയത്തിനൊപ്പം സാങ്കേതികപരമായ കുറെ കാര്യങ്ങൾ പഠിക്കണമെന്ന് തോന്നിയത് കൊണ്ടാണ് സീരിയലിൽ തന്നെ പിടിച്ചു നിന്നത്. സീരിയലിൽ പോലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ കിട്ടി തുടങ്ങിയിട്ട് ഒന്ന് രണ്ടു വർഷമാവുന്നേയുള്ളു.
സീരിയൽ യാത്രയുടെ തുടക്കം ?
മണിയൻപിള്ള രാജുവിന്റെ മാർത്താണ്ഡത്ത് സംസാര വിഷയം എന്ന സീരിയലിലാണ് ആദ്യം അഭിനയിച്ചത്. രാജുവിനോട് ചാൻസ് ചോദിച്ചു കിട്ടിയ റോളായിരുന്നു അത്. മല്ലിക സുകുമാരന്റെ മകനായാണ് അഭിനയിച്ചത്. സത്യാ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മുഖ്യപ്രതിനായകവേഷമായിരുന്നു.
ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ?
സ്ത്രീ ഹൃദയം സീരിയലിലെ അനന്തൻ ഹിറ്റ് വേഷമായിരുന്നു. തുടക്കകാലത്ത് ചെയ്ത വേഷമാണെങ്കിലും ഇപ്പോഴും പ്രേക്ഷകർ ഓർക്കുന്ന കഥാപാത്രമാണ്. ഇപ്പോഴുള്ള നന്ദനം സീരിയലിൽ അനൂപ് എന്ന വിക്കുള്ള കഥാപാത്രം ചെയ്യുന്നുണ്ട്. സീരിയലുകളിൽ ഇതുവരെയും മുഴുനീള വിക്കുള്ള കഥാപാത്രം വേറെയാരും ചെയ്തിട്ടില്ല. ചലഞ്ചിംഗായിരുന്നു അനൂപ് എന്ന കഥാപാത്രം. ജീവിത നൗക സീരിയലിലെ പ്രഭാകരൻ പോസിറ്റീവായ കഥാപാത്രമാണ്. പിന്നെ ഇപ്പോൾ ഏറ്റവും റേറ്റിങ്ങുള്ള അമ്മയറിയാതെ എന്ന സീരിയലിൽ കുളത്തൂപ്പുഴ സച്ചിദാനന്ദൻ.

സീരിയൽ സിനിമയിലെത്താൻ തടസ്സമാണോ ?
അങ്ങനെ ചോദിച്ചാൽ അതിനോട് യോജിക്കേണ്ടി വരും. കാരണം ജീവിതത്തിൽ ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്. ആരോടും പരാതിയോ പരിഭവമോ ഇല്ല.ഗോകുൽ സുരേഷ് അഭിനയിച്ച മുദ്ദുഗൗ എന്ന ചിത്രത്തിലാണ് അത്യാവശ്യം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്തത്. മറ്റു ചില സിനിമകളിൽ ശ്രദ്ധിക്കപ്പടാത്ത കഥാപാത്രങ്ങൾ ചെയ്തു. ഞാൻ പലരോടും പറയുന്നത് നിങ്ങളുടെ സിനിമയിൽ എപ്പോഴെങ്കിലും പ്രാധാന്യമുള്ള കഥാപാത്രം തരണമെന്നാണ്. ഒറ്റ സീനാണെങ്കിലും എന്തെങ്കിലും പെർഫോം ചെയ്യാൻ സാധിക്കുന്ന കഥാപാത്രമായിരിക്കണം. വെറുതേ ഒരു കാര്യവുമില്ലാതെ ഒരു സിനിമയിൽ മുഖം കാണിച്ചാൽ ആ നിൽപ്പ് നമ്മൾ ജീവിതകാലം മുഴുവനും നിൽക്കേണ്ടി വരും. അതുകൊണ്ട് ചെറിയ കഥാപാത്രങ്ങൾക്ക് വിളിച്ചാൽ ഞാൻ പോവാറില്ല.
മുദ്ദുഗൗവിൽ ബൈജു ചേട്ടന്റെ കൂടെയാണ് അഭിനയിച്ചത്. ബൈജു ചേട്ടൻ അന്നുപറഞ്ഞിരുന്നു നീ ലൈവ് ആർട്ടിസ്റ്റാണ് സിനിമയിലേക്കൊക്കെ ശ്രമിക്കണമെന്ന്. അഭിനയിച്ചു കഴിഞ്ഞതിന് ശേഷം ആ സിനിമയുടെ അസ്സോസിയേറ്റ് സംവിധായകൻ എന്നോട് പറഞ്ഞിരുന്നു അന്ന് ചേട്ടൻ ചാൻസ് ചോദിച്ചു വന്നപ്പോൾ ചേട്ടനെ വേണ്ടായെന്നാണ് ഞങ്ങൾ ആദ്യം തീരുമാനിച്ചത്. അന്ന് അവർ അങ്ങനെ പറഞ്ഞതിനുള്ള കാരണം സീരിയൽ കാരെ സിനിമാകാർക്ക് അത്ര പിടിത്തമില്ല എന്നതു കൊണ്ടായിരുന്നു.പക്ഷേ ചേട്ടൻ നന്നായി അഭിനയിച്ചുവെന്നും അവർ പറഞ്ഞു. അപ്പോൾ എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് സീരിയലിൽ സ്ഥിരമുഖമായാൽ സിനിമയിലേക്കുള്ള വഴിയിൽ തടസമുണ്ടാകുമെന്നാണ്.പക്ഷേ പ്രമുഖ സംവിധായകർക്കിടയിൽ അത്തരത്തിലൊരു അഭിപ്രായമില്ലെന്നാണ് തോന്നിയിട്ടുള്ളത്.സീരിയലിൽ നിന്ന് പോയി സിനിമയിൽ സൂപ്പർതാരങ്ങളായ കുറെപ്പേരുണ്ട്.
പ്രതിസന്ധികൾ ഉണ്ടായിരുന്നോ ?
തീർച്ചയായും ഉണ്ടായിരുന്നു. വേൾപൂളിൽ മാർക്കറ്റിംഗിലായിരുന്നു ജോലിചെയ്തിരുന്നത്. അത്യാവശ്യം നല്ല സാലറിയിൽ ജോലി ചെയ്തിരുന്ന ഒരാൾ ജോലി ഉപേക്ഷിച്ച് അഭിനയ രംഗത്തേക്ക് വന്നു, അവിടെ വലിയ രീതിയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നത് നിരാശയിലാക്കിയിരുന്നു. പിന്നീട് ജോലിയിലേക്ക് തിരിച്ചു ജോയിൻ ചെയ്യേണ്ട അവസ്ഥ ഉണ്ടായി. നല്ലൊരു കഥാപാത്രം വന്നപ്പോൾ വീണ്ടും സിരിയൽ രംഗത്ത് തിരിച്ചു വന്നതായിരുന്നു. എന്തായാലും ഇറങ്ങി പുറപ്പെട്ടു, ഇനി തിരിച്ചുപ്പോകില്ലെന്ന് ഉറപ്പിച്ചാണ് ഇപ്പോഴും ഇവിടെ നിൽക്കുന്നത്.
വില്ലൻ വേഷങ്ങളാണല്ലോ കൂടുതലും ?
സീരിയലുകൾക്ക് കൂടുതലും കുടുംബ പ്രേക്ഷകരാണ് . അതിൽ കൂടുതൽ സ്ത്രീകൾ. പണ്ടൊക്കെ നെഗറ്റീവ് വേഷങ്ങൾ ചെയ്യുമ്പോൾ രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം ശംഖുമുഖത്തു വച്ച് മീൻ വിൽക്കുന്ന അമ്മച്ചി പരസ്യമായി ചീത്ത വിളിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് അതിൽ നിന്ന് വലിയ വ്യത്യസം വന്നിട്ടുണ്ട്. ഇന്ന് നമ്മൾ ചെയ്ത കഥാപാത്രം നെഗറ്റീവ് ആണെങ്കിലും പോസറ്റീവ് ആണെങ്കിലും നല്ലതാണെങ്കിൽ നല്ലതെന്ന് പറയും.
കുടുംബം ?
തിരുവനന്തപുരത്ത് മങ്കാട്ടുകടവാണ് വീട്.ഭാര്യ ലാലി സുഭാഷ്. ഭാര്യയാണ് ഏറ്റവും വലിയ കരുത്ത്. സിനിമ സീരിയൽ രംഗത്തു വന്നപ്പോൾ എനിക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ഒപ്പം നിന്നു ലാലി.സ്വന്തമായി തയ്യൽ പഠിച്ച് ബുട്ടിക് നടത്തുന്നു. മകൻ സൂര്യൻ.