wuhan-

ബീജിംഗ് : 2020 ൽ ലോകമെമ്പാടും പടർന്ന കൊവിഡ് ആദ്യം ഉത്ഭവിച്ചത് ചൈനയിലായിരുന്നു എന്നത് തർക്കരഹിതമായ വസ്തുതയായിരുന്നു. എന്നാൽ ഈ രോഗം എങ്ങനെ ഉത്ഭവിച്ചു എന്നതിന് ഇനിയും വ്യക്തമായ ഉത്തരം നൽകാൻ ശാസ്ത്രലോകത്തിനായിട്ടില്ല. വുഹാനിലെ മാംസ വ്യാപാര സ്ഥലത്ത് നിന്നുമാണെന്നും, അതല്ല വുഹാനിലെ ലാബിൽ നിന്നും അബദ്ധത്തിൽ രോഗാണു ചോർന്നതാണെന്നും വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നു. പാശ്ചാത്യ മാദ്ധ്യമങ്ങളടക്കം ചൈനയുടെ ലാബിൽ നിർമ്മിക്കപ്പെട്ടതാണ് ലോകത്തെമ്പാടും വ്യാപിച്ച വൈറസ് എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. ഈ വാദത്തിന് ശക്തി പകർന്നുകൊണ്ട് അമേരിക്കൻ മുൻ പ്രസിഡന്റ് ട്രംമ്പ് കൊവിഡിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

വുഹാനിലെ ലാബ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വിദേശ സംഘത്തെ പരിശോധനയ്ക്ക് അന്താരാഷ്ട്ര സംഘത്തെ അനുവദിക്കണമെന്ന ലോക രാജ്യങ്ങളുടെ ആവശ്യത്തെ നിരന്തരം നിഷേധിച്ച ചൈന ഒടുവിൽ ലോകാരോഗ്യ സംഘടന നിയോഗിച്ച സംഘത്തെ പരിമിതമായ രീതിയിൽ തങ്ങളുടെ രാജ്യത്ത് അന്വേഷണം നടത്താൻ അനുവദിച്ചിരുന്നു. ഈ സംഘം തയ്യാറാക്കിയ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

ലാബിൽ നാല് മണിക്കൂർ മാംസ മാർക്കറ്റിൽ ഒരു മണിക്കൂർ

കൊവിഡ് ലോകത്തിൽ ആദ്യം പടർന്ന ചൈനയിലെ വുഹാനിലെത്തിയ ശാസ്ത്രസംഘം വുഹാനിലെ വിവാദ ലാബിൽ നാലുമണിക്കൂറോളം ചിലവഴിച്ചു, അതേസമയം നഗരത്തിലെ മാംസ വ്യാപാര സ്ഥലത്ത് ഒരു മണിക്കൂറുമാണ് പരിശോധന നടത്തിയത്. ലാബിൽ നടത്തിയ പരിശോധനയിൽ അന്വേഷക സംഘം തൃപ്തി രേഖപ്പെടുത്തി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിനാശകാരികളായ വൈറസുകളെയുൾപ്പടെ പഠനാവശ്യങ്ങൾക്കായി സൂക്ഷിച്ചിട്ടുള്ള ലാബിൽ മികച്ച സുരക്ഷ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതിനാൽ തന്നെ ചുരുങ്ങിയ സമയത്തെ പരിശോധനയിൽ സുരക്ഷാ ലാബിൽ നിന്നാണ് രോഗകാരി ഉത്ഭവിച്ചത് എന്നത് തീർത്തും സാധ്യതയില്ലാത്ത കാര്യമാണെന്ന് സംഘം വിശകലനം ചെയ്യുന്നു.

അതേസമയം വവ്വാലുകളിൽനിന്നും ഒരു ഇടനില മൃഗത്തിലൂടെ മനുഷ്യരിലേക്ക് പകർന്നതാവാം കൊവിഡ് എന്ന നിഗമനത്തിന് വീണ്ടും പ്രസക്തിയേറുകയാണ്. ലോകാരോഗ്യ സംഘടന നിയോഗിച്ച സംഘത്തിന്റെ റിപ്പോർട്ട് ചൈനയ്ക്ക് പുതുജീവൻ നൽകുമെന്ന് ഉറപ്പാണ്. അതേ സമയം അന്വേഷണത്തിനെത്തിയ സംഘത്തിന് ആവശ്യമായ രേഖകൾ നൽകുന്നതിൽ ചൈന മടികാട്ടിയെന്ന വിമർശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്.