joice-george

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഇടുക്കി മുൻ എം പി ജോയ്സ് ജോർജ് നടത്തിയ വിവാദ പരാമർശങ്ങളെ തള്ളി സി പി എം. ജോയ്സ് ജോർജിന്റെ പരാമർശങ്ങളോട് യോജിക്കുന്നില്ലെന്നും കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും രാഷ്ട്രീയ നിലപാടുകളെയാണ് സി പി എം എതിർക്കുന്നതെന്നും വാർത്താകുറിപ്പിൽ പറയുന്നു.

വാർത്താകുറിപ്പിന്റെ പൂർണരൂപം:

ഇടുക്കി മുൻ‍ എം പി ജോയ്‌സ്‌ ജോർ‍ജ്, രാഹുൽ‍ ഗാന്ധിയ്‌ക്കെതിരെ നടത്തിയ ചില പരാമർ‍ശങ്ങളോട്‌ സിപിഐ (എം) യോജിക്കുന്നില്ല. രാഹുൽ‍ഗാന്ധിയുടേയും കോൺ‍ഗ്രസിന്റേയും രാഷ്ട്രീയ നിലപാടുകളെയാണ്‌ സിപിഐ (എം) എതിർ‍ക്കുന്നത്‌. അത്തരം രാഷ്‌ട്രീയ വിമർശനങ്ങളിൽ‍ നിന്ന്‌ ശ്രദ്ധ തിരിച്ചുവിടാൻ‍ മാത്രമേ വ്യക്തിപരമായ ഇത്തരം പരാമർ‍ശങ്ങൾ‍ സഹായിക്കുകയുള്ളു. ഇത്തരത്തിലുള്ള പരാമർശങ്ങൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ‍ പാടില്ല.

ജോയ്സ് ജോർജിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇതാേടെ എൽ ഡി എഫ് പ്രതിരോധത്തിലായിരുന്നു. നേരത്തേ ജോയ്സ് ജോർജിന്റെ പരാമർശത്തെ മുഖ്യമന്ത്രി പിണറായി വിജയനും തള്ളിക്കളഞ്ഞിരുന്നു. ഇടുക്കി ഇരട്ടയാറിൽ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു ജോയ്‌സ് ജോർജിന്റെ വിവാദ പരാമർശം.രാഹുൽ ഗാന്ധി പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂ.പെൺകുട്ടികളെ വളഞ്ഞും കുനിഞ്ഞും നിൽക്കാൻ രാഹുൽ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണ് ഇങ്ങനെയായിരുന്നു ജോയ്സ് ജോർജ് പറഞ്ഞത്.