
ഐ ലീഗ് ഫുട്ബാൾ കിരീടം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ക്ളബായി ചരിത്രം കുറിച്ചിരിക്കുകയാണ് ഗോകുലം കേരള എഫ്.സി. കൊൽക്കത്തയിൽ ആവേശജനകമായ അവസാന മത്സരത്തിൽ മണിപ്പൂരി ക്ളബ് ട്രാവു എഫ്.സിയെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ചാണ് ഗോകുലം കിരീടം ശിരസിലേറ്റിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഗോകുലം ഗോൾത്തിരമാലകളുയർത്തി വിജയത്തിലേക്ക് തിരിച്ചുവന്നത്.
ഇന്ത്യൻ ഫുട്ബാളിൽ ബംഗാളിന്റെയും ഗോവയുടെയും പെരുമയ്ക്ക് ഒട്ടും പിന്നിലല്ലാതിരുന്ന ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. എന്നാൽ പിന്നീട് നമ്മുടെ ഫുട്ബാൾ പിന്നോട്ടുള്ള യാത്രയിലായിരുന്നു. ഫുട്ബാൾ പ്രൊഫഷണലിസത്തിലേക്ക് മാറിയപ്പോൾ ആ വാതിൽ കടന്നുമുന്നേറാനുള്ള ആർജവം നമുക്കില്ലാതെപോയി. വിവ കേരളയും എഫ്.സി കൊച്ചിനും ഉൾപ്പടെയുള്ള നമ്മുടെ പ്രൊഫഷണൽ ഫുട്ബാൾ സ്വപ്നങ്ങൾ വിടരുംമുമ്പേ കൊഴിഞ്ഞ പൂക്കളായി. ഏറെകൊട്ടിഘോഷിച്ച കേരള ബ്ളാസ്റ്റേഴ്സും എങ്ങുമില്ലാതെ കിതച്ചുനിൽക്കുമ്പോഴാണ് ആദ്യമായി ദേശീയ ലീഗ് കിരീടം കൊണ്ടുവന്ന് ഗോകുലം പ്രത്യാശയുടെ പൊൻകിരണമായി മാറിയിരിക്കുന്നത്.
കേരള പോലീസിന്റെ പ്രതാപകാലത്ത് സന്തോഷ് ട്രോഫിയും ഫെഡറേഷൻ കപ്പുമൊക്കെ നേടിയ ശേഷം കേരളത്തിലേക്ക് കിരീടങ്ങളെത്താൻ ഗോകുലം അവതരിക്കുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. നാലുകൊല്ലം മുമ്പ് രൂപീകൃതമായ ക്ളബ് മൂന്ന് ദേശീയ കിരീടങ്ങളാണ് ഇതിനകം നേടിയത്.2019ൽ ഡുറൻഡ് കപ്പും കഴിഞ്ഞ വർഷം ദേശീയ വനിതാലീഗ് കിരീടവും മലയാളക്കരയുടെ അഭിമാനമായി മാറിയ ഈ ക്ളബിനെത്തേടിയെത്തി.ഗോകുലത്തിന്റേത് ഒരു നിശബ്ദ വിപ്ളവമായിരുന്നുവെന്ന് നിസംശയം പറയാം. കേരള ഫുട്ബാളിന്റെ പ്രൗഢപാരമ്പര്യം. ഉയർത്തിപ്പിടിക്കാൻ മലയാളി ഉടമസ്ഥതയിലുള്ള ഗോകുലം തന്നെയാണ് അനുയോജ്യരെന്ന് കാലം തെളിയിച്ചിരിക്കുന്നു.
കഴിഞ്ഞദിവസങ്ങളിൽ കായികലോകത്ത് ചർച്ചയായ മറ്റൊന്ന് ഇംഗ്ളണ്ടിനെതിരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയമായിരുന്നു. പര്യടനത്തിനെത്തിയ ഇംഗ്ളണ്ട് ടീമിനെ ടെസ്റ്റ്,ട്വന്റി-20,ഏകദിനം എന്നിങ്ങനെ എല്ലാഫോർമാറ്റുകളിലും തോൽപ്പിച്ചുവിടുകയായിരുന്നു ഇന്ത്യ. അവസാന ഏകദിനത്തിൽ പരമ്പര കൈവിട്ടുപോകുമെന്ന സ്ഥിതിയിൽ അവസാന ഓവറിലെ പോരാട്ടത്തിലൂടെയാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്.
ഗോകുലത്തിന്റെയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും കിരീടനേട്ടങ്ങളെ പൊതുവായി ബന്ധിപ്പിക്കുന്ന ഘടകം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ ഇരുടീമുകളും പുറത്തെടുത്ത പോരാട്ടവീര്യമാണ്. പിന്നിൽ നിന്ന ശേഷം തിരിച്ചെത്തി നേടിയവരാണ് ഇരുകൂട്ടരും. ജയിച്ചേ മതിയാകൂ എന്ന നിലയിലിറങ്ങിയ അവസാന മത്സരത്തിന്റെ 69-ാം മിനിട്ടുവരെ ഒരു ഗോളിന് പിന്നിലായിരുന്നു ഗോകുലം. ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 227 റൺസിന് തോറ്റവരായിരുന്നു ഇന്ത്യൻ ടീം. അവിടെ നിന്നാണ് മൂന്ന് കിരീടങ്ങളിലേക്ക് ഉയിർത്തെണീറ്റത്. തൊട്ടുമുമ്പ് ആസ്ട്രേലിയയിൽ ചരിത്രം കുറിച്ച ടെസ്റ്റ് പരമ്പര നേടിയതും ആദ്യ ടെസ്റ്റിൽ ദയനീയ പരാജയമേറ്റുവാങ്ങിയ ശേഷമായിരുന്നു.
തിരിച്ചടികളിൽ തളരുന്നതല്ല, ഉൗർജം വീണ്ടെടുത്ത് പൊരുതി വിജയം നേടുന്നതാണ് യഥാർത്ഥ സ്പോർട്സ്‌മാൻ സ്പിരിറ്റ് എന്ന് ഈ രണ്ട് കിരീടനേട്ടങ്ങളും നമ്മെ പഠിപ്പിക്കുന്നു. മുമ്പ് വിദേശ കളിക്കാരിൽ കണ്ടിരുന്ന ഈ മനക്കരുത്ത് ഇന്ന് നമുക്കും സ്വായത്തമായിരിക്കുന്നു. അത് നമ്മുടെ കളികളുടെ നിലവാരത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു.