joice-george

ഇടുക്കി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്. പരാമര്‍ശം തെറ്റായിപ്പോയി എന്ന് അദ്ദേഹം പ്രതികരിച്ചു. തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ജോയ്‌സ് ജോര്‍ജ് പറഞ്ഞു. കുമളി അണക്കരയില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയില്‍ വച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്.

കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഇരട്ടയാറിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽവച്ചാണ് രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച് ജോയ്‌സ് അശ്ലീല പരാമ‍ര്‍ശം നടത്തിയത്. രാഹുലിന് മുന്നിൽ പെൺകുട്ടികൾ കുനിഞ്ഞും വളഞ്ഞും നിൽക്കരുത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു പരാമ‍ർശം. മന്ത്രി എം എം മണിയും വേദിയിലുണ്ടായിരുന്നു.

പരാമ‍ർശം വിവാദമായതോടെ ജോയ്സ്‍ ജോര്‍ജിനെ തിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എൽഡിഎഫ് രീതിയല്ലെന്നും രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും പ്രതികരിച്ചു. പരാമ‍ർശത്തിൽ ജോയ്സിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് വ്യക്തമാക്കിരുന്നു.

പരാമ‍ർശം നിര്‍ഭാഗ്യകരവും വേദനാജനവകവുമാണെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി കേരളത്തില്‍ നിന്നും അത്തരത്തിലൊരു പരാമർശമുണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ജോയ്‌സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. ജോയ്‌സ് ജോര്‍ജ്ജിന്റെ വീട്ടിലേയ്ക്ക് ഇന്ന് ഉച്ചയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്താനിരിക്കെയാണ് മാപ്പ് പറച്ചിൽ. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ജോയ്‌സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സെക്രട്ടിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.