cpm-manifesto

തിരുവനന്തപുരം: ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാനപ്പെട്ടൊരു വാഗ്ദാനമായിരുന്നു വികസനത്തിന് പതിനായിരം കോടിയുടെ സ്വകാര്യ നിക്ഷേപം കൊണ്ടുവരും എന്നത്. സ്വകാര്യനിക്ഷേപം വരുന്നതിലൂടെയുണ്ടാകുന്ന വിപണിയുടെ അതിവേഗമായ വളർച്ചയെ കുറിച്ചും പ്രകടനപത്രികയിൽ മുന്നണി പറഞ്ഞിരുന്നു.

വരുന്ന അഞ്ച് കൊല്ലംകൊണ്ടാണ് പതിനായിരം കോടി സ്വകാര്യ നിക്ഷേപം എത്തിക്കുക എന്നാണ് പത്രികയിലുള‌ളത്. ഐടി, ബയോ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ്, മരുന്ന് നിർമ്മാണ മേഖലകളിലാണ് ഈ നിക്ഷേപം നടത്തുകയെന്നാണ് പാർട്ടി വ്യക്തമാക്കിയത്. ഇതോടെ ദീർഘകാലമായി ഇടത്പക്ഷം പിൻതിരിഞ്ഞുനിൽക്കുന്ന സ്വകാര്യ മൂലധന നിക്ഷേപം എന്ന വിഷയത്തിലാണ് വലിയ മാ‌റ്റം സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തിന്റെ ബഡ്‌ജ‌റ്റ് വിഹിതത്തിന്റെ 90 ശതമാനവും ചിലവഴിക്കുന്നത് ശമ്പളത്തിനും പെൻഷനും മാത്രമാണ്.

സംസ്ഥാനത്തിന്റെ ബഡ്‌ജറ്റ് വിഹിതമായ 1.44 ലക്ഷം കോടിയിൽ 1.29 ലക്ഷം കോടിയും ശമ്പളം, പെൻഷൻ, കടം തിരിച്ചടവ് എന്നിവയ്‌ക്കാണ് ഉപയോഗിക്കുന്നതെന്നും ഇത് ആകെ ബഡ്‌ജ‌റ്റ് വിഹിതത്തിന്റെ 91 ശതമാനം വരുമെന്നും ഗുലാത്തി ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്ഡസേഷൻ (ഗിഫ്‌റ്റ്) ഡയറക്‌ടർ ഡോ.കെ.ജെ ജോസഫ് അഭിപ്രായപ്പെട്ടു. ബാക്കി വരുന്ന 14,000 കോടിയാണ് സംസ്ഥാനത്തെ വിവിധ പദ്ധതികളിൽ ഉൽപാദന മൂലധന ചിലവ്. കിഫ്‌ബി മുഖാന്തിരമാണ് ഇതിൽ മിക്ക പദ്ധതികളും. ഇതുമൂലം കേന്ദ്ര നിബന്ധനകൾക്ക് വിധേയമായി സ്വകാര്യ നിക്ഷേപം കൊണ്ടുവരിക എന്നത് മാത്രമായി സംസ്ഥാനത്തിന്റെ മുന്നിലുള‌ള മാ‌ർഗം.

പിണറായി വിജയൻ സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്ത് 300 സ്‌റ്റാർട്ടപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള‌ളൂ. എന്നാൽ അഞ്ച് വർഷം തികയ്‌ക്കുമ്പോൾ സ്‌റ്റാർട്ടപ്പുകൾ 3900 ആയി. ഇത് 15,000 എത്തിക്കുമെന്നാണ് പ്രകടനപത്രികയിൽ പറയുന്നത്. നിലവിൽ 1600 രൂപയായി ഉയർത്തിയ സാമൂഹ്യ സുരക്ഷാ പെൻഷൻ അഞ്ച് വർഷംകൊണ്ട് 2500ആക്കുമെന്ന എൽഡിഎഫ് പ്രഖ്യാപനം മ‌റ്റ് മുന്നണികൾ വെല്ലുവിളിയായി എടുത്തു. 3000 രൂപയാക്കുമെന്ന് യുഡിഎഫും 3500ആക്കുമെന്ന് എൻ.ഡി.എയും അവരുടെ പ്രകടന പത്രികയിൽ വാഗ്‌ദാനം നൽകി.

ഇതോടെ സ്വകാര്യ സമ്പത്ത് ഇല്ലാതാക്കും എന്ന കമ്മ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോയിലെ സിദ്ധാന്തത്തെയാണ് ഇടത് പക്ഷം ഉപേക്ഷിക്കുന്നത്.പരിശീലനം പൂർത്തിയാക്കിയവർക്ക് 20 ലക്ഷം ജോലിയും, ടൂറിസം മേഖലയുടെ വികസനവും,​ അഞ്ച് ലക്ഷം വീടുകൾ നിർമ്മിച്ചു നൽകുമെന്നുമെല്ലാമാണ് ഇടത്പക്ഷം നൽകുന്ന വാഗ്‌ദാനം. 45 ലക്ഷം കുടുംബങ്ങൾക്ക് ഒരുലക്ഷം മുതൽ 15 ലക്ഷം വരെ വികസന സഹായ വായ്പ നൽകും,​ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും പാർപ്പിടവും ഉറപ്പുവരുത്തും,​ വിപുലമായ വയോജന സങ്കേതങ്ങൾ,​ വയോജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പ്രത്യേക പരിഗണന എന്നിവ ഉറപ്പാക്കും, ഉന്നത വിദ്യാഭ്യാസരംഗം വിപുലപ്പെടുത്തുകയും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും,​ അടുത്തവർഷം മാത്രം ഒന്നരലക്ഷം വീട് നിർമ്മിക്കും എന്നിവയൊക്കെയാണ് ഇടത് മുന്നണിയുടെ പ്രകടനപത്രികയിലെ മ‌റ്റ് വാഗ്‌ദാനങ്ങൾ.