
കെയ്റോ:സൂയസ് കനാലിന് കുറുകെ ദിവസങ്ങളോളം കുടുങ്ങിക്കിടന്ന കപ്പൽ ഭീമൻ എവർഗിവണിലെ ഇന്ത്യക്കാരായ ജീവനക്കാർക്ക് അഭിന്ദന പ്രവാഹം. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഡച്ച് സ്ഥാപനമായ സ്മിത്ത് സാവേജും കപ്പലിന്റെ ഉടമസ്ഥാവകാശമുള്ള കമ്പനിയും ജീവനക്കാരുടെ പ്രവൃത്തിയെ പുകഴ്ത്തിയിട്ടുണ്ട്. ചൈനയിൽ നിന്നു പുറപ്പെട്ട കപ്പലിലെ 25 ക്രൂ അംഗങ്ങളും ഇന്ത്യക്കാരാണ്. ഇവർ രക്ഷാപ്രവർത്തനങ്ങൾക്ക് പരമാവധി സഹകരിച്ചുവെന്നാണ് കപ്പലിന്റെ സാങ്കേതിക മാനേജ്മെന്റ് വിഭാഗത്തിന്റെ ചുമതലയുള്ള ബെർണാഡ് ഷുൾട്ട് ഷിപ്പ് മാനേജ്മെന്റ് (ബി എസ് എം) പറയുന്നത്. ഇന്ത്യക്കാരായ ജീവനക്കാർ ഇപ്പോഴും കപ്പലിൽ തന്നെ തുടരുകയാണെന്നും ബി എസ് എം വ്യക്തമാക്കി. 'ജീവനക്കാർ സുരക്ഷിതരും ആരോഗ്യവാന്മാരുമാണ്. കപ്പൽ നീക്കാനുള്ള ശ്രമങ്ങൾക്ക് അവർ കഴിവിന്റെ പരമാവധി കാര്യങ്ങൾ ചെയ്തു. അവരുടെ അശ്രാന്തമായ കഠിനാദ്ധ്വാനവും പ്രൊഫഷണലിസവും വളരെയധികം വിലമതിക്കപ്പെടുന്നു. ലോകത്തിന് തന്നെ മാതൃകയാണ്'- പ്രസ്താവനയിൽ ബി എസ് എം വ്യക്തമാക്കി.
ഒരു ഭാഗത്ത് അഭിന്ദന പ്രവാഹമാണെങ്കിൽ മറുഭാഗത്ത് ആശങ്കയും നിഴലിക്കുന്നുണ്ട്. കപ്പലിലെ ജീവനക്കാർക്കെതിരെ സൂയസ് കനാൽ അതോറിറ്റി നടപടിയെടുക്കുമോ എന്നതാണ് ആശങ്കയ്ക്ക് കാരണം. ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം അടക്കം ചുമത്താൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കപ്പലിന്റെ ക്യാപ്റ്റനും ചില ജീവനക്കാർക്കും യാത്രാനിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നും സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ജീവനക്കാരെ വീട്ടുതടങ്കലിലാക്കിയേക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കപ്പൽ എങ്ങനെയാണ് കനാലിൽ കുടുങ്ങിയെന്നത് സംബന്ധിച്ച് അന്വേഷണവും ഉടൻ തുടങ്ങും. ഇതിനായി ഡാറ്റാ റെക്കോർഡ്സ് അടക്കം പരിശോധിക്കും.
ലോകവ്യാപകമായി ചരക്കുനീക്കം പ്രതിസന്ധിയിലാക്കി കുറുകെ കുടുങ്ങിക്കിടന്ന എവർ ഗിവണിനെ ആറു ദിവസത്തെ ഭഗീരഥ പ്രയത്നത്തിനൊടുവിലായിരുന്നു ഇന്നലെ ചലിപ്പിച്ചുതുടങ്ങിയത്. മാർച്ച് 23നാണ് കനാലിനു കുറുകേ, കിഴക്കൻ തീരത്തെ മണൽത്തിട്ടയിൽ കപ്പൽ ഇടിച്ചുകയറിയയത്. ഉച്ചയ്ക്ക് മൂന്നോടെയാണ് തടസങ്ങളെല്ലാം നീക്കി കപ്പൽ യാത്ര തുടങ്ങിയത്.കനാലിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിലൊന്നായിരുന്നു ഇത്. പൂർണപരിശോധനയ്ക്ക് ശേഷമായിരിക്കും കപ്പലിന്റെ തുടർയാത്ര എന്നാണ് റിപ്പോർട്ട്.