
തിരുവനന്തപുരം: നഗരത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ അവയെ നിയന്ത്രിക്കാൻ നഗരസഭ കൂടുതൽ നടപടികളുമായി രംഗത്ത്. തെരുവ് നായ്ക്കളുടെ നിയന്ത്രിക്കുന്നതിന് വേണ്ടി വന്ധ്യംകരണ കേന്ദ്രവും മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും നിർമ്മിക്കാൻ ഒരുങ്ങുന്നു. തിരുവല്ലത്ത് നിർമ്മിക്കുന്ന ഈ ആശുപത്രി ഇത്തരമൊരു ആവശ്യത്തിന് വേണ്ടി മാത്രമായിരിക്കും പ്രവർത്തിക്കുക. കോഴിക്കോട് സമാനമായ ഒരു ആശുപത്രി നിലവിലുണ്ട്. തെരുവുകളിൽ നിന്ന് രക്ഷപ്പെടുത്തുന്ന മൃഗങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും രോഗചികിത്സയ്ക്കും പ്രയോജനപ്പെടുത്താവന്നതാണ്. 2 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പാളിയ വന്ധ്യംകരണം
നഗരത്തിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ വന്ധ്യകരണ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഒന്നും അത്ര ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് കൂടുതൽ ശക്തമായ നടപടികളിലേക്ക് നഗരസഭ കടന്നത്. നിലവിൽ പ്രതിമാസം അനിൽ ബെർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി പ്രകാരം 400 വന്ധ്യംകരണങ്ങളാണ് നടക്കുന്നത്. എന്നാൽ, സൗകര്യങ്ങളുടെ അപര്യാപ്തത കാരണം വന്ധ്യംകരണ ശസ്ത്രക്രിയകളുടെ എണ്ണം കൂട്ടാനാകാത്ത സ്ഥിതിയാണ്. ഇതാകട്ടെ തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മാത്രം ജില്ലയിൽ 17,400 പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്.
പേട്ടയിലെ ആശുപത്രി പോര
പേട്ടയിൽ മൃഗങ്ങൾക്കായി ആശുപത്രി ഉണ്ടെങ്കിലും അത് പ്രവർത്തനരഹിതമായി കിടക്കുകയാണ്. ഇത് നഗരത്തിലെ വന്ധ്യംകരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കോഴിക്കോട് കോർപ്പറേഷനെ അപേക്ഷിച്ച് തിരുവനന്തപുരം നഗരസഭയാണ് വന്ധ്യംകരണത്തിനായി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത്. കോഴിക്കോട് പ്രതിദിനം 20 നായ്ക്കളെ മാത്രമാണ് വന്ധ്യംകരിക്കുന്നത്.
നഗരത്തിൽ എത്ര നായ്ക്കളാണുള്ളതെന്ന് സംബന്ധിച്ച് വിശ്വസനീയമായ കണക്കുകൾ ഒന്നും തന്നെ കോർപ്പറേഷന്റെ കൈയിൽ ഇല്ല. ഇത്തരത്തിൽ നായ്ക്കളുടെ ഒരു സെൻസസ് നടന്നത് 2012ൽ മൃഗസരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ്. അതിനുശേഷം ഒരു ദാശാബ്ദം എത്തുമ്പോൾ നായ്ക്കളുടെ എണ്ണം എത്രയെന്ന് ചോദിച്ചാൽ അധികൃതർ കൈമലർത്തും. ജില്ലാതല സമിതികൾ വേണം നായ്ക്കളുടെ വന്ധ്യംകരണത്തെ കുറിച്ച് വിലയിരുത്തേണ്ടത്. എന്നാൽ, സമിതികൾ യോഗം പോലും പലപ്പോഴും ചേരാറില്ലെന്നാണ് മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയുടെ ഭാരവാഹികൾ പറയുന്നത്. 2014 - 15ൽ നഗരസഭ നഗരത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം സംബന്ധിച്ച് ഒരു സർവേ നടത്തിയിരുന്നു. ചില പ്രദേശങ്ങളിൽ നായ്ക്കളുടെ എണ്ണം വർദ്ധിച്ചതായും കണ്ടെത്തി. എന്നാൽ, ഈ പ്രദേശങ്ങളിൽ നായ്ക്കളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളൊന്നും തന്നെ കോർപ്പറേഷൻ പിന്നീട് കൈക്കൊണ്ടതുമില്ല. നിലവിൽ വന്ധ്യംകരണത്തിനായി നഗരസഭയ്ക്ക് പ്രത്യേക സംഘങ്ങൾ ഒന്നും തന്നെയുമില്ല.
തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്ന നടപടി പൂർണതോതിൽ നടക്കാത്തതാണ് നായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കിയിരിക്കുന്നത്. കോർപ്പറേഷൻ പേരിന് മാത്രമാണ് നായ്ക്കളെ പിടികൂടി വന്ധ്യം കരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടുന്നതിന് കുടുംബശ്രീയെ ആണ് ഏൽപിച്ചിരിക്കുന്നത്. എന്നാൽ, ഇത് ഫലപ്രദായി നടപ്പാക്കുന്നതിന് കുടുംബശ്രീയ്ക്ക് പരിജ്ഞാനം പോരെന്നതാണ് പ്രധാന വിമർശനവമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല, നായ്ക്കളുടെ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ എത്തുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. തെരുവ് നായ്ക്കൾക്ക് വസിക്കാൻ സ്ഥലമില്ലാതെ വരുമ്പോഴാണ് അവ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് വരുന്നതെന്നും ജനങ്ങളെ ആക്രമിക്കുന്നതെന്നുമാണ് കുടുംബശ്രീയിലെ പട്ടി പിടിത്തക്കാർ പറയുന്നത്.
അതേസമയം, നായ്ക്കളുടെ വന്ധ്യംകരണം ശരിയായ രീതിയിൽ നടക്കുന്നുവെന്നാണ് കോർപ്പറേഷന്റെ നിലപാട്. ഓരോ മാസവും നാനൂറോളം വന്ധ്യംകരണങ്ങൾ നടത്തുന്നുണ്ടെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. തിരുവല്ലത്തും പേട്ടയിലുമായാണ് വന്ധ്യംകരണം നടക്കുന്നത്. വന്ധ്യകരണം ദീർഘകാല പദ്ധതിയാണെന്നും നഗരത്തിലെ 60 ശതമാനം നായ്ക്കളെയും വന്ധ്യംകരിച്ചതായും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം വന്ധ്യംകരണങ്ങൾ നഗരത്തിന് സമീപത്തുള്ള പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നടത്തിയാൽ മാത്രമെ പൂർണ ഫലം ലഭിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.