flight-

അഹമ്മദാബാദ് : പ്രവാസിയായ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതിയുടെ പരാതി. അഹമ്മദാബാദ് നഗരത്തിലെ ഗോട്ട എന്ന സ്ഥലത്തുള്ള യുവതിയാണ് ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതായി കാട്ടി യുവതി പരാതി നൽകിയിരിക്കുന്നത്. അദലാജ് പൊലീസിന് ലഭിച്ച പരാതിയിൽ ഭർത്താവിനെതിരെ ഗുരുതരമായ നിരവധി കുറ്റങ്ങളാണ് യുവതി ആരോപിച്ചിരിക്കുന്നത്.

2016ലാണ് യുവതി പ്രവാസിയായ യുവാവിനെ വിവാഹം കഴിച്ചത്. ദുബായിൽ ജോലി ചെയ്തിരുന്ന യുവാവിനൊപ്പം താമസിക്കുന്നതിനായി 2017 മാർച്ച് മാസത്തോടെ യുവതി ഇന്ത്യ വിട്ടു. എന്നാൽ വിദേശത്ത് വച്ച് ഭർത്താവ് തന്നെ നിരന്തരം മർദ്ദിച്ചിരുന്നതായി യുവതി ആരോപിക്കുന്നു. ഭർത്താവിന്റെ മാതാപിതാക്കളുടെ ഒത്താശയോടെയാണ് തന്നെ മർദ്ദിച്ചതെന്നും യുവതിയുടെ പരാതിയിലുണ്ട്.

വീട്ടിൽ ബിയറുമായെത്തുന്ന ഭർത്താവ് തന്നോട് കുടിക്കാൻ ആവശ്യപ്പെടുമായിരുന്നുവെന്നും, മദ്യപിച്ച ശേഷം മദ്യക്കുപ്പി മകൾക്ക് കളിക്കുവാനായി നൽകുമെന്നും ആരോപിക്കുന്നു. സ്ത്രീധനത്തെ ചൊല്ലി തന്നെ ക്രൂരമായി മർദ്ദിക്കുന്ന ഭർത്താവ് ഒരു വർഷത്തോളമായി തനിക്ക് സെക്സ് നിഷേധിച്ചിരുന്നതായും 34 വയസുള്ള യുവതി പരാതിയിൽ ആരോപിക്കുന്നു. മകൾക്ക് മരുന്ന് വാങ്ങുന്നതിനുൾപ്പടെ ഭർത്താവിനോട് പണം ആവശ്യപ്പെടുമ്പോൾ, തന്റെ മാതാപിതാക്കളോട് ചോദിക്കുവാൻ ഭർത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.

ഈ മാസം ഭർത്താവുമൊത്ത് ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. നാട്ടിലെത്തിയ ഉടനെ തന്നെ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ച് ഭർത്താവ് ദുബായിലേക്ക് തിരികെ പോവുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഗാർഹിക പീഡന വകുപ്പ് പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ് അദലാജ് പൊലീസ്.