priyanka-gandhi

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രിയുടെ ശ്രദ്ധ സ്വര്‍ണക്കടത്തിലും കള്ളക്കടത്തിലുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിനെ പോലെയാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. കേരളത്തിലെ ചെറുപ്പക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം കൊന്നൊടുക്കുകയാണെന്നും പ്രിയങ്ക കരുനാഗപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പറഞ്ഞു.

വാളയാര്‍ കേസിലും സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രിയങ്കഗാന്ധി നടത്തിത്. വളയാര്‍ കേസ് അന്വേഷണത്തില്‍ വെള്ളം ചേര്‍ത്ത സര്‍ക്കാര്‍ അതിനെ അട്ടിമറിച്ചതായും അവര്‍ ആരോപിച്ചു. സര്‍ക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയാണ്. കേരളത്തിലെ യഥാര്‍ത്ഥ സ്വര്‍ണം ഇവിടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ജനത്തിന് അറിയാമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ബി.ജെപി വര്‍ഗീയമായി ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത് ഇന്ത്യയുടെ ഭാവിക്ക് വേണ്ടിയുള്ള രാഷ്ട്രീയം. കേരളം സമാധാനം ആഗ്രഹിക്കുന്നവരുടെയും വിദ്യാഭ്യാസമുള്ളവരുടെയും നാടാണ്. കേരളത്തിലെ വിധിയെഴുത്ത് രാജ്യം ഉറ്റുനോക്കുകയാണെന്നും അവര്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് മാസം 6000 രൂപ ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.