
ന്യൂഡൽഹി : രേഖകളൊന്നുമില്ലാതെ 120 ചാക്കുകളിലാക്കി കടത്തിയ തലമുടി അസം റൈഫിൾസിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇന്ത്യയിൽ നിന്നും മ്യാൻമറിലേക്കെത്തിച്ച് അവിടെ നിന്നും തായ്‌ലന്റ് വഴി ചൈനയിലേക്ക് കടത്തുവാനുദ്ദേശിച്ച് എത്തിച്ച മുടിയാണ് പിടിച്ചെടുത്തത്. ചാക്കിലുണ്ടായിരുന്ന തലമുടി ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്നുള്ളതാണെന്ന് വാർത്ത ഏജൻസിയോട് സുരക്ഷ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. നിരവധി തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്ന് ഇത്തരത്തിൽ നേർച്ചയായി കിട്ടുന്ന മുടി അനധികൃതമായി കടത്തിക്കൊണ്ടു വരുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മ്യാൻമർ അതിർത്തിക്ക് ഇപ്പുറം ഏഴു കിലോമീറ്ററിനകത്തുള്ള ചെക്‌പോസ്റ്റിലാണ് മുടിക്കടത്ത് കണ്ടെത്തിയത്. രണ്ട് ട്രക്കുകളിൽ കൊണ്ടു വന്ന മുടിക്ക് 1.8 കോടി വില വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും തായ്ലന്റിൽ എത്തിക്കുന്ന മുടി സംസ്‌കരിച്ച ശേഷമാണ് ചൈനയിലേക്ക് എത്തിക്കുന്നത്. വിഗ് നിർമ്മാണത്തിനായിട്ടാണ് ഇവ ഉപയോഗിക്കുന്നത്.
അടുത്തിടെയാണ് ചൈനയിലേക്ക് ഇന്ത്യയിൽ നിന്നും മുടി കടത്തുന്നതായി കസ്റ്റംസ് മനസിലാക്കിയത്. കയറ്റുമതി ചെയ്യുന്ന തലമുടിക്ക് അസാധാരണമായ രീതിയിൽ വില ഇടിയുന്നത് ശ്രദ്ധയിൽ പെട്ട കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. ജിഎസ്ടി, കസ്റ്റംസ്, ഡിആർഐ,എയർപോർട്ട് അധികൃതർക്ക് പശ്ചിമ ബംഗാളിലെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം ഈ കളളക്കടത്തിനെ കുറിച്ച് വിവരം നൽകിയിട്ടുണ്ട്. കയറ്റുമതി ചെയ്യുന്ന മുടിയുടെ ഭാരം കൃത്രിമമായി കുറച്ചുകാണിക്കുകയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മ്യാൻമാർ, ബംഗ്ലാദേശ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് അയച്ചിരുന്ന കണ്ടെയ്നറിനാണ് ഭാരം കുറച്ചിരുന്നത്. കിലോയ്ക്ക് 4500 മുതൽ 6000 വരെ വില വരുന്നതാണ് കയറ്റുമതി ചെയ്യുന്ന മുടി. എന്നാൽ ഇതിന് കിലോയ്ക്ക് 27.87 രൂപ കാണിച്ചാണ് വൻ തോതിൽ മുടി കടത്തുന്നത്. 2800 മുതൽ 5600 രൂപ വരെ വിലയ്ക്ക് വിൽക്കേണ്ട ഇവ ഭാരം കുറച്ചുകാട്ടി വിലകുറച്ചാണ് കടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തി.
ഭാരം കുറച്ചുകാട്ടുന്നതിന് പിന്നിലെ കാരണങ്ങൾ ഇവയാണ്. നികുതി കുറയ്ക്കുന്നതിനാണ് ഈ കളളക്കളി. മ്യാൻമാറിലും ബംഗ്ലാദേശിലുമെത്തിക്കുന്ന തലമുടി അടങ്ങിയ കണ്ടെയ്നറുകൾ ഇവിടെ നിന്നും കരമാർഗം ചൈനയിൽ എത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ തട്ടിപ്പിന് ചൈനയിൽ നിന്ന് നേരിട്ട് ഇന്ത്യാ വിരുദ്ധ ശക്തികളുടെ സഹായം ലഭിക്കുന്നുണ്ടെന്നാണ് കരുതുന്നത്.
തലമുടി കയറ്റുമതി ഇന്ത്യക്ക് വലിയ തോതിൽ വിദേശനാണ്യം നേടിത്തരുന്നതാണ്. 6000 മുതൽ 8000 കോടി വരെയാണ് ഇതിലൂടെ ലഭിക്കുന്നത്. കയറ്റുമതി ചെയ്യാനുളള മുടിയിൽ 5 ശതമാനം ലഭിക്കുന്നത് രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിലെ വഴിപാടായാണ്. ബാക്കി സാധാരണ വെട്ടുന്നവയും മരണ ശേഷം നീക്കം ചെയ്യുന്നതുമാണ്. ഇവ ഉപയോഗിച്ച് വിഗ്ഗുകൾ, കൃത്രിമ കൺപുരികങ്ങൾ എന്നിവയും ആഹാര നിർമ്മാണ സംരംഭങ്ങൾക്ക് പ്രോട്ടീനും നിർമ്മിക്കുന്നു. രാജ്യത്തെ ഗ്രാമങ്ങളിൽ വലിയ വരുമാന മാർഗം തന്നെയാണ് തലമുടി കയറ്റുമതി. ഇതിലെ വരുമാന നഷ്ടം ആറ് മുതൽ എട്ട് ലക്ഷം ഗ്രാമീണരെ ഇന്ത്യയിൽ ബാധിക്കുന്നതായാണ് വിദഗ്ദ്ധരുടെ കണ്ടെത്തൽ.