
ഷിംല: ഒരു ത്രില്ലര്‍ സിനിമ കാണുന്ന പോലെ ട്രെയിന്‍ യാത്ര സാദ്ധ്യമാണോ? അങ്ങനെയൊരു അനുഭവം വേണമെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും കല്‍ക-ഷിംല പൈതൃക ടോയി ട്രെയിന്‍ യാത്ര നടത്തണം. ചണ്ഡിഗഢിലെ കല്‍കയില്‍ നിന്നും ഷിംലയിലേക്കുള്ള ഈ ട്രെയിന്‍ യാത്ര യുനൈസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിക്കണമെങ്കില്‍ സംഭവം അത്ര നിസാരമല്ലെന്ന് നമുക്ക് മനസിലാക്കാവുന്നതെയുള്ളു.

രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനം. ഹരിയാനയുടെയും പഞ്ചാബിന്റെയും. അതാണ് ചണ്ഡിഗഢിനെ വ്യത്യസ്തമാക്കുന്നത്. അവിടെ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് കല്‍ക റെയില്‍വേ സ്റ്റേഷന്‍. ഇവിടെനിന്നാണ് ഷിംല ടോയി ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്. ടൂറിസ്റ്റുകളെ ലക്ഷ്യമാക്കിയാണ് ഇന്ന് ഷിംല ട്രെയിന്‍ ഓടുന്നത്. അതുകൊണ്ടു തന്നെ കല്‍ക റെയില്‍വേ സ്റ്റേഷനും ടോയി ട്രെയിനുകളും കാഴ്ചയില്‍ തന്നെ സുന്ദരമാണ്. കല്‍ക റെയില്‍വേ സ്റ്റേഷന് മറ്റൊരു പ്രത്യേകതയുണ്ട്. ഇവിടെയാണ് സാധാരണ ട്രെയിനുകള്‍ സഞ്ചരിക്കുന്ന ബോര്‍ഡ് വേ അവസാനിക്കുന്നതും ഷിംലയിലേക്കുള്ള നാരോ വേ ആരംഭിക്കുന്നതും. നാലു ട്രെയിനുകളാണ് കല്‍ക- ഷിംല റൂട്ടില്‍ ഓടുന്നത്.

ബ്രട്ടീഷ് ഭരണകാലത്ത് ഷിംല അവരുടെ വേനല്‍കാല തലസ്ഥാനമായിരുന്നു. ബ്രട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ ആസ്ഥാനവും ഷിംലയിലായിരുന്നു. 1864 ലാണ് ഷിംല ബ്രട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമാകുന്നത്. അന്ന് കൊല്‍ക്കത്തയില്‍ നിന്നും വേനല്‍കാലമാകുമ്പോള്‍ ബ്രട്ടീഷ് സംവിധാനം ഒന്നാകെ ഷിംലയിലെത്തും. കുതിര വണ്ടികളെ ആശ്രയിച്ചുള്ള ഈ മലകയറ്റം അത്ര സുഖകരമായിരുന്നില്ല. അങ്ങനെയാണ് ഷിംല ട്രെയിന്‍ എന്ന ആശയം ബ്രട്ടീഷുകാര്‍ നടപ്പാക്കുന്നത്. അങ്ങനെ 1898 ല്‍ ആരംഭിച്ച ഷിംല ട്രെയിന്‍ നിര്‍മാണം അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി 1903 ട്രെയിന്‍ ഓടി തുടങ്ങി. ഏകദേശം ഇതേ കാലയളവില്‍ തന്നെയാണ് നമ്മുടെ ഊട്ടി ട്രെയിനും യാഥാത്ഥ്യമാകുന്നത്.

കല്‍ക മുതല്‍ ഷിംല വരെ 96 കിലോമീറ്ററാണ് ദൂരം. ഈ ദൂരം ഷിംല ട്രെയിനിന് ഓടിയെത്താന്‍ വേണ്ടത് 5 മണിക്കൂറാണ്. 1970 വരെ ഈ ട്രെയിനില്‍ ആവി എഞ്ചിനുകളാണ് ഉപയോഗിച്ചിരുന്നത്. അതിന്‌ശേഷം ഡീസല്‍ എഞ്ചിനുകള്‍ ഉപയോഗിച്ചു തുടങ്ങി. കല്‍കക്കും ഷിംലക്കും ഇടയില്‍ 18 സ്റ്റേഷനുകളാണുള്ളത്. ഒരോ സ്റ്റേഷനുകള്‍ പിന്നിടുമ്പോഴും കൂടുതല്‍ ഉയരങ്ങളിലേക്ക് ട്രെയിന്‍ എത്തും. അതുകൊണ്ടു തന്നെ കാഴ്ചയുടെ സൗന്ദര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ഉയരും കൂടുംതോറും ചായയുടെ രൂചി കൂടും എന്ന പറഞ്ഞ മോഹൻലാൽ പരസ്യം വാചകം അനുസ്മരിപ്പിച്ച് ഉയരം കൂടുംതോറും കാഴ്ചയുടെ സൗന്ദര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

ഈ ട്രെയിന്‍ യാത്രയില്‍ ചെറിതും വലുതുമായി 102 ടണലുകാളാണ്. ഇതു കൂടാതെ 864 പാലങ്ങളും 919 കിടിലന്‍ വളവുകളും കൂടി ചേരുമ്പോള്‍ നേരത്തെ പറഞ്ഞ ത്രില്ലര്‍ സിനിമയുടെ ഫീല്‍ യാത്രക്കാര്‍ക്ക് ലഭിച്ചിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അഞ്ചു മണിക്കൂറിനിടെ ഒരു നിമിഷം പോലും വെറുതെ പാഴാക്കാന്‍ ആര്‍ക്കും സാധിക്കില്ല. ബാരോഗ് എന്ന സ്റ്റേഷനിന് എത്തുന്നതിന് മുമ്പ് ഒരു ടണലുണ്ട്. ഇതിന്റെ ദൂരം 1148 മീറ്ററാണ്. അതായത് ഒന്നര കിലോമീറ്റര്‍ ദൂരം. ഇതാണ് ഈ പാതയിലെ ഏറ്റവും വലിയ ടണല്‍. കൂടാതെ ബ്രിഡ്ജ് നമ്പര്‍ 226 ആണ് ഷിംലയുടെ ഹൈലൈറ്റ്. ഈ ബ്രിഡ്ജിന്റെ മുകളിലൂടെയുള്ള ഷിംല ട്രെയിനിന്റെ ചിത്രമാണ് സഞ്ചാരികളെ ഏറ്റവും അധികം ആകര്‍ഷിട്ടിട്ടുള്ളത്. ഈ ട്രെയിന്‍ ഷിംലയില്‍ എത്തുമ്പോളുള്ള സൂര്യാസ്തയമാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നതെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ ഒരിക്കലും ആ അനുഭവം മറക്കില്ല. അത്രക്ക് മനോഹരമാണ് ആ കാഴ്ച.