lathika

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ പാർട്ടി നേതാക്കളെ തള്ളിപ്പറയുകയും പരസ്യമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്ത മഹിളാ കോൺഗ്രസ് മുൻ അദ്ധ്യക്ഷ ലതികാ സുഭാഷിനെതിരെ നടപടി. ലതികയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തതായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കോൺഗ്രസിൽ നിരവധി പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും പാർട്ടിയെ പിടിച്ചുലച്ചതും ഏറെ ചർച്ചചെയ്യപ്പെട്ടതുമായ പ്രതിഷേധം ലതികയുടേതായിരുന്നു. കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നിൽ മാദ്ധ്യമങ്ങളെയും ജനങ്ങളെയും സാക്ഷിയാക്കിയായിരുന്നു ലതികയുട‌െ തലമുണ്ഡനം ചെയ്യൽ. ഇതിന്റെ പേരിൽ പാർട്ടിയിൽ നിന്നുള്ളവരുടെ അടക്കം അതിരൂക്ഷമായ വിമർശനങ്ങളും കോൺഗ്രസ് നേതൃത്വത്തിന് നേരിടേണ്ടിവന്നിരുന്നു. സ്ഥാനാർത്ഥി നിർണയെത്തുടർന്ന് പ്രതിഷേധമുയർത്തിയ പലരും ഉന്നത നേതാക്കളുടെ ഇടപെടൽ ഉണ്ടായതോടെ പ്രതിഷേധം അവസാനിപ്പിക്കുകയും പാർട്ടിയിലേക്ക് തിരികെപ്പോവുകയും ചെയ്തിരുന്നു. എന്നാൽ നേതാക്കളുടെ അനുനയ നീക്കങ്ങൾ തള്ളിയ ലതികാ സുഭാഷ് ഏറ്റുമാനൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്തുണ്ട്.