pinarayi-vijayan

കാസർകോട്: സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തിൽ ഒരു 'ബോംബ് ' വരുമെന്ന് പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് ദിവസത്തിനുളളിൽ വലിയ ബോംബ് വരുമെന്നാണ് പ്രചാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ നുണ പ്രചരിപ്പിച്ചാൽ മറുപടി പറയാനാകില്ലെന്നാണ് ചിലർ കരുതുന്നത്. ഏത് ബോംബ് വന്നാലും നേരിടാൻ നാട് തയ്യാറാണ്. ഒരുപാട് നുണകളാണ് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് നുണ പ്രചരിപ്പിക്കുക എന്നതിൽ ഗവേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭയങ്കര ബോംബ് വരാൻ പോകുന്നുവെന്നാണ് പറയുന്നത്. നാട് ഏത് ബോംബിനെയും നേരിടാൻ തയ്യാറാണ് അതെല്ലാവർക്കും അറിയാം. ഒരു നുണയും യാഥാർത്ഥ്യത്തിന് മുമ്പിൽ നിൽക്കില്ല. നുണയുടെ ആയുസ് യഥാർത്ഥ വസ്‌തുത വരുന്നത് വരെയാണ്. നമുക്ക് നമ്മുടേതായ രീതിയിൽ മുന്നോട്ട് പോകാം എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.