airport-

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ മാസ്‌കില്ലാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും ഉടന്‍ പിഴ നല്‍കാനാണ് ഡിജിസിഎയുടെ നിര്‍ദ്ദേശം. പിഴക്ക് പുറമേ മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷവരെ ഇത്തരം യാത്രക്കാരെ വിലക്കാനും വിമാനത്താവള അധികൃതര്‍ക്ക് കഴിയും.

നിലവില്‍ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ കര്‍ശന നിരീക്ഷണത്തിലാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്ന സംവിധാനമാണ് നിലവിലുള്ളത്. തുടർനടപടി സ്വീകരിക്കേണ്ടതും പൊലീസാണ്. എന്നാൽ ഇത് ഫലപ്രദമല്ലെന്നാണ് ഡിജിസിഎ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ എയര്‍പോര്‍ട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സി.ഐ.എസ്.എഫ് തീരുമാനം എടുത്തിരുന്നു. ഇതുവരെ രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 15 യാത്രക്കാര്‍ക്ക് മൂന്നുമാസത്തേക്ക് വിമാനകമ്പനികള്‍ വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്.