
കോഴിക്കോട്: ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ചരിത്രകാരൻ എംജിഎസ് നാരായണന് പോസ്‌റ്റൽ വോട്ട് ചെയ്യാനായില്ല. 80 വയസിന് മുകളിൽ പ്രായമുളള മുതിർന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ വീട്ടിലെത്തുന്ന സൗകര്യം ഇത്തവണ ഏർപ്പെടുത്തിയിരുന്നു. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ വന്ന വാർത്ത അറിഞ്ഞാണ് മരിച്ചതായി റിപ്പോർട്ട് ചെയ്‌തതെന്നും അബദ്ധം പറ്റിയെന്നും ബിഎൽഒ അറിയിച്ചു.
ബിഎൽഒയ്‌ക്ക് പിഴവ് പറ്റിയതാണെന്നും വോട്ടർപട്ടികയിൽ പേരുളളതിനാൽ എംജിഎസ് നാരായണന് ഏപ്രിൽ ആറിന് വോട്ടുചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്‌ടർ എസ്.സാംബശിവറാവു അറിയിച്ചു. എൺപത് വയസ് പൂർത്തിയാക്കിയ എംജിഎസ് നാരായണന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. എൺപത് വയസ് പിന്നിട്ടവർ, ഭിന്നശേഷിക്കാർ, ക്വാറന്റീനിലുളളവർ, കൊവിഡ് ബാധിച്ചവർ എന്നിവർക്കാണ് ഇത്തവണ തപാൽ വോട്ടിന് അർഹതയുളളത്. മുതിർന്ന നേതാക്കളായ കെ.ആർ ഗൗരിയമ്മ, ആർ.ബാലകൃഷ്‌ണപിളള എന്നിവരുൾപ്പടെ നിരവധിപേർ ഇത്തവണ തപാൽ വോട്ട് രേഖപ്പെടുത്തി.