
അഹമ്മദാബാദ്:ആരോഗ്യകേന്ദ്രത്തിലെ കൊവിഡ് പരിശോധന കിറ്റുകൾ നഷ്‌ടപ്പെട്ട കേസിൽ മോഷണത്തിന് എംബിബിഎസ് വിദ്യാർത്ഥി പിടിയിലായി. ഗുജറാത്തിലെ അഹമ്മദാബാദിലുളള എൻ.എച്ച്.എൽ മുനിസിപ്പൽ മെഡിക്കൽ കൊളേജിൽ അവസാന സെമസ്‌റ്റർ വിദ്യാർത്ഥിയായ മീത് ജെത്വ (21) ആണ് പൊലീസി പിടിയിലായത്.
മാർച്ച് 24നാണ് 6.27 ലക്ഷം രൂപ വിലവരുന്ന 16 പെട്ടി കൊവിഡ് ആന്റിജൻ ടെസ്‌റ്റ് കിറ്റുകൾ കാണാതായതായി ആരോഗ്യകേന്ദ്രത്തിന്റെ ചുമതലയുളള ഡോ.പവൻ പട്ടേൽ സംഭവത്തിൽ പൊലീസിന് പരാതി നൽകി. ഒരാൾ കാറിലെത്തി കിറ്റുകൾ കയറ്റി കൊണ്ടുപോകുന്നത് ആരോഗ്യകേന്ദ്രത്തിലെ ഒരു ജീവനക്കാരൻ കണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു.
തുടർന്ന് കാറിന്റെ നമ്പർ ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മീതിനെ പിടികൂടുകയായിരുന്നു. മാർക്കറ്റിംഗ് മേഖലയിലെ ഒരാൾക്ക് വിൽക്കാനാണ് താൻ കിറ്റുകൾ മോഷ്‌ടിച്ചതെന്ന് മീത് കുറ്റം സമ്മതിച്ചു. പ്രതിയെ കൊവിഡ് പരിശോധനകൾക്ക് ശേഷം അറസ്‌റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.