
സിനിമയുടെ ഗ്ലാമർ ലോകത്ത് നിന്ന് രാഷ്ട്രീയത്തിന്റെ ചൂടിലേക്ക് കാലെടുത്തുവച്ച് വമ്പൻമാരെ മലർത്തിയടിച്ച് ആധിപത്യം സ്ഥാപിച്ചവരും അതുപോലെ തന്നെ പരാജയത്തിന്റെ കയ്പ്പറിഞ്ഞവരും ഏറെയാണ്. ഇക്കൂട്ടത്തിൽ സിനിമയിൽ സജീവമായിരിക്കെ തന്നെ രാഷ്ട്രീയത്തിൽ പരീക്ഷണം നടത്തിയവരും സിനിമയ്ക്ക് ഫുൾസ്റ്റോപ്പിട്ടിറങ്ങിയവരുമുണ്ട്.അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയ ഏതാനും താരങ്ങളെ നോക്കാം. ഇൗ പട്ടിക അപൂർണമാണ്....
ജയപ്രദ
1994ൽ തെലുങ്ക് ദേശം പാർട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്ട്രീയത്തിലേക്ക് ചുവട്വച്ചത്. പിന്നീട് സമാജ്വാദി പാർട്ടിയിൽ ചേർന്ന ജയപ്രദ 2004ൽ യു.പിയിലെ രാംപൂരിൽ രണ്ട് തവണ എം.പിയായ ബീഗം നൂർ ബാനോയെ പരാജയപ്പെടുത്തി. 2014 വരെ ജയപ്രദ ഇവിടെ എം.പി സ്ഥാനത്ത് തുടർന്നു. പിന്നീട് സമാജ്വാദി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ജയപ്രദ ആർ.എൽ.ഡിയിൽ ചേർന്ന് 2014ൽ ബിജ്നർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019ൽ ബി.ജെ.പിയിൽ ചേർന്ന് ജയപ്രദ രാംപൂരിൽ നിന്ന് മത്സരിച്ചെങ്കിലും എസ്.പിയിലെ അസംഖാനോട് പരാജയപ്പെട്ടു.
മൂൺ മൂൺ സെൻ
ബംഗാളി സിനിമയിലെ അനശ്വര നായിക സുചിത്ര സെന്നിന്റെ മകളായ മൂൺ മൂൺ സെൻ 2014 ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന് അന്ന് നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബാങ്കുര മണ്ഡലത്തിൽ ഒമ്പതു തവണ എം.പി ആയിരുന്ന സി.പി.എമ്മിന്റെ ബസുദേബ് ആചാര്യയെ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച 'ജയന്റ് കില്ലറായി " മാറി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അസൻസോൾ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥി പ്രശസ്ത ഗായകൻ ബബൂൽ സുപ്രിയോയോട് പരാജയപ്പെട്ടു. സുപ്രിയോ കേന്ദ്രമന്ത്രിയാണിപ്പോൾ.
അമിതാഭ് ബച്ചൻ
1984ൽ ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ കോൺഗ്രസ് ടിക്കറ്റിൽ അലഹബാദ് ലോക്സഭ മണ്ഡലത്തിൽ ലോക്ദൾ നേതാവ് എച്ച്.എൻ. ബഹുഗുണയ്ക്കെതിരെ മത്സരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി ബച്ചന്റെ ജയം മാറുകയും ചെയ്തു. ആ സമയം ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തിലെ ഉദിച്ചുയരുന്ന നക്ഷത്രമായിരുന്ന എൻ.ടി. രാമറാവു ബഹുഗുണയെ ദക്ഷിണേന്ത്യയിലെ സുരക്ഷിത മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ക്ഷണിച്ചിരുന്നെങ്കിലും മുൻ തിരഞ്ഞെടുപ്പുകളിൽ തനിക്ക് ലഭിച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ബഹുഗുണ അത് നിരസിക്കുകയായിരുന്നു.
രണ്ടു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ബഹുഗുണ 1971ൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രിയുമായിരുന്നു. വമ്പൻ വിജയം നേടിയെങ്കിലും ബച്ചൻ മൂന്ന് വർഷങ്ങൾക്ക് ശേഷം കോൺഗ്രസുമൊത്തുള്ള രാഷ്ട്രീയം ഉപേക്ഷിച്ചിരുന്നു.
എം.ജി.ആർ
തമിഴ്നാട് രാഷ്ട്രീയം എന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം വരുന്ന പേര് എം.ജി.ആർ ആണ്. അഭിനയത്തിൽ നിന്നും രാഷ്ട്രീയത്തിലെത്തി ഒരു നാടിന്റെ മുഴുവൻ വികാരമായ നടൻ മറ്റൊന്നില്ല. 1977 മുതൽ മരണം വരെ തമിഴ്നാട് മുഖ്യമന്ത്രി പദം അലങ്കരിച്ച എം.ജി.ആർ കോൺഗ്രസിൽ നിന്ന് ഡി.എം.കെയിലേക്കും അവിടെ നിന്ന് എ.ഐ.എ.ഡി.എം.കെയുടെ അമരക്കാരനായും വളർന്ന എം.ജി.ആറിന്റെ സിംഹാസനത്തിന് ഇന്നും അനക്കം വന്നിട്ടില്ല.
സുനിൽ ദത്ത്
1984 -ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ മുബയ് നോർത്ത് വെസ്റ്റിൽ കോൺഗ്രസ് കളത്തിലിറക്കിയത് ബോളിവുഡ് നടൻ സുനിൽ ദത്തിനെയായിരുന്നു. പ്രമുഖ അഭിഭാഷകനും സിറ്റിംഗ് എം.പിയുമായിരുന്ന സ്വതന്ത്ര സ്ഥാനാർത്ഥി റാം ജെത്മലാനിയെ 1,54,640 വോ ട്ടുകൾക്ക് ദത്ത് പരാജയപ്പെടുത്തി. പിന്നീട് ജെത്മലാനി ബി.ജെ.പി ടിക്കറ്റിൽ രാ ജ്യസഭാംഗമാവു കയും വാജ്പേയി മന്ത്രി സഭയിൽ നിയമകാര്യ മന്ത്രിയാകുകയും ചെയ്തു . രാഷ്ട്രീയ ജീവിതം തുടർന്ന സുനിൽ ദത്ത് അഞ്ച് തവണ മുബയ് നോർത്ത് വെസ്റ്റിൽ നിന്ന് പാർലമെ ന്റ് അംഗമായി. 2005ൽ മരണമടയുമ്പോൾ സുനിൽ ദത്ത് മൻമോഹൻ സിംഗ് മന്ത്രിസഭയിൽ യുവജനകാര്യ - കായിക മന്ത്രിയായിരുന്നു.
ഗോവിന്ദ
2004ൽ കോൺഗ്രസിൽ ചേർന്ന ഗോവിന്ദ അന്നേ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മുംബയ് നോർത്ത് മണ്ഡലത്തിൽ നിന്ന് മത്സരിച്ചു. ഇവിടെ അഞ്ച് തവണ തുടർച്ചയായി വിജയിച്ച ബി.ജെ.പിയുടെ റാം നായിക്കിൽ നിന്നും 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുക്കാൻ ഗോവിന്ദയ്ക്ക് കഴിഞ്ഞു. എന്നാൽ പാലർമെന്റ് സമ്മേളനങ്ങളിലും മറ്റും ഗോവിന്ദയുടെ അസാന്നിദ്ധ്യം വിവാദമാവുകയും ഒടുവിൽ രാഷ്ട്രീയം മതിയാക്കി സിനിമയിൽ പൂർണ ശ്രദ്ധ ചെലുത്തുകയും ചെയ്തു.
വൈജയന്തിമാല
1984ലാണ് നടി വൈജയന്തിമാലയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. ആ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാത്ഥിയായിരുന്ന നടി വൈജയന്തിമാല ജനതാ പാർട്ടിയുടെ ഇരസെഴിയനെ മദ്രാസ് സൗത്തിൽ 48,017 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചിരുന്നു. 1989ൽ വീണ്ടും ലോക്സഭാ തിരഞ്ഞെടുപ്പിൽ കളത്തിലിറങ്ങിയ വൈജയന്തിമാല ഡി.എം.കെയുടെ അലാഡി അരുണയെ തോൽപ്പിച്ചു. പിന്നീട് 1999ൽ കോൺഗ്രസ് വിട്ട വൈജയന്തിമാല ബി.ജെ.പിയിൽ ചേർന്നു.
വിനോദ് ഖന്ന
1998ൽ പഞ്ചാബി ലെ ഗുരുദാസ്പൂരിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച നടൻ വിനോദ് ഖന്ന അഞ്ച് തവണ തുടർച്ചയായി വിജയിച്ച കോൺഗ്രസിന്റെ സുഖ്ബൻസ് കൗറിനെ 1,06,833 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. വിജയിച്ച അഞ്ച് തവണയും ലോക്സഭയിലെ ഏക വനിതാ സാന്നിദ്ധ്യമായിരുന്നു കൗർ. 1992 മുതൽ 1996 വരെ കൗർ പഞ്ചാബിലെ ടൂറിസം മന്ത്രിയായിരുന്നു . നാല് തവണ ലോക്സഭ ഇലക്ഷനിൽ മത്സരിച്ച വിനോദ് ഖന്ന പിന്നീട് കേന്ദ്രമന്ത്രിയുമായി. 2017 ഏപ്രിലിൽ മരി ക്കുമ്പോൾ ഗുരുദാസ്പൂരിൽ നി ന്നുള്ള സിറ്റിംഗ് എം.പിയായിരുന്നു ഖന്ന.
ജയലളിത
എം.ജി.ആറിന് ശേഷം തമിഴ്നാട്ടിൽ രാഷ്ട്രീയത്തെ ഇളക്കി മറിച്ച വനിത. എം.ജി.ആറിനെ പോലെ ജയലളിതയും മലയാളികൾക്ക് ഏറെ പരിചിതം. തമിഴകം സ്നേഹത്തോടെയും ബഹുമാനത്തോടെയും അമ്മ എന്ന് വിളിക്കുന്ന ജയയെ പോലൊരു നേതാവ് ഇനി ഉണ്ടാകില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തയായ വനിതാ മുഖ്യമന്ത്രിയായ ജയലളിത എം.ജി.ആറിനെ പോലെ മരണംവരെ തമിഴ്നാടിന്റെ അമരത്ത് തുടർന്നിരുന്നു. എ.ഐ.എ.ഡി.എം.കെയുടെ കാണപ്പെട്ട ദൈവമായ തലൈവി 1991 മുതൽ ആറ് തവണയാണ് തമിഴ്നാടിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചത്.
കമൽ ഹാസൻ
2018ൽ മക്കൾ നീതി മയ്യം പാർട്ടി പ്രഖ്യാപിച്ച കമൽ ഹാസൻ 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ 37 സീറ്റുകളിൽ അംഗങ്ങളെ മത്സരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ശക്തമായ സാന്നിദ്ധ്യമാകാനുള്ള ശ്രമത്തിലാണ് കമൽ ഹാസനും പാർട്ടിയും. എം.ജി.ആർ, ജയലളിത, കരുണാനിധി എന്നിവരുടെ പിൻഗാമിയായി തമിഴ്നാട് മുഖ്യമന്ത്രി കസേരയിലെത്തുകയാണ് കമലിന്റെ ലക്ഷ്യം. ടോർച്ച് ലൈറ്റാണ് മയ്യത്തിന്റെ ചിഹ്നം. നിയമസഭ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്നാണ് കമൽ മത്സരിക്കുന്നത്.
ശത്രുഘ്നൻ സിൻഹ
2003ൽ വാജ്പേയ് സർക്കാരിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായിരുന്ന ശത്രുഘ്നൻ സിൻഹ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് 1992ൽ സുഹൃത്തും നടനുമായ രാജേഷ് ഖന്നയ്ക്കെതിരെ ന്യൂഡൽഹി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചാണ് . 2009ൽ ബീഹാറിലെ പാട്നാ സാഹിബിൽ നടൻ ശേഖർ സുമനെ തോൽപിച്ച് കൊണ്ട് ലോക്സഭയിൽ എത്തിയ സിൻഹ 2014ലും വിജയം ആവർത്തിച്ചു. പിന്നീട് ബി.ജെ.പിയുമായി ഇടഞ്ഞ സിൻഹ കോൺഗ്രസിൽ ചേരുകയും 2019ൽ പാട്ന സാഹിബ് മണ്ഡലത്തിൽ മത്സരിച്ച് ബി.ജെ.പിയുടെ രവിശങ്കർ പ്രസാദിനോട് പരാജയപ്പെടുകയും ചെയ്തു.
സുമലത
2019ൽ കർണാടകയിലെ മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച നടി സുമലത, കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ 125,876 വോട്ടുകൾക്ക് തോൽപ്പിച്ചിരുന്നു. ബി.ജെ.പിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുമലത ഭർത്താവും നടനുമായ അംബരീഷ് വിജയിച്ച അതേ മണ്ഡലത്തിൽ തന്നെയാണ് വിജയക്കൊടി ഉയർത്തിയത്. കന്നഡ സിനിമയിലെ റിബൽ സ്റ്റാറായിരുന്ന അംബരീഷ് മൂന്ന് തവണ മാണ്ഡ്യയിൽ നിന്ന് ലോക്സഭയിലെത്തി. ഇതിൽ ആദ്യം ജനതാദളിനു വേണ്ടിയും രണ്ടെണ്ണം കോൺഗ്രസ് ടിക്കറ്റിലുമായിരുന്നു. മൻമോഹൻ മന്ത്രിസഭയിൽ കേന്ദ്ര സഹമന്ത്രിയായിരുന്ന അംബരീഷ് 2018ലാണ് അന്തരിച്ചത്.
രാജ് ബബ്ബർ
1999 ലോക്സഭ തിരഞ്ഞെടുപ്പിൽ ബോളിവുഡ് നടൻ രാജ്ബബ്ബർ ആഗ്രയിൽ സമാജ്വാദി പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കുകയും മൂന്ന് തവണ എം.പിയായിരുന്ന ഭഗ്വാൻ ശങ്കർ റാവത്തിനെ 1,12,982 വോട്ടിന് പരാജയപ്പെടുത്തുകയും ചെയ്തു. 2008ലാണ് ബബ്ബർ കോൺഗ്രസിൽ ചേർന്നത്. നാല് തവണ ലോക്സഭാംഗമായി.
രാജേഷ് ഖന്ന
ബോളിവുഡ് നടൻ രാജേഷ് ഖന്ന 1991 ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ 1,589 വോട്ടിന് ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയോട് പരാജയപ്പെട്ടു. എന്നാൽ ഗാന്ധിനഗറിലും വിജയിച്ച അദ്വാനി ഡൽഹിയിലെ സീറ്റ് ഒഴിഞ്ഞതിനാൽ ഇടക്കാല തിരഞ്ഞെടുപ്പിൽ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ നടൻ ശത്രുഘ്നൻ സിൻഹയെ തോൽപ്പിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയായ രാജേഷ് ഖന്ന വിജയക്കൊടി പാറിച്ചു. 1992 മുതൽ 1996 വരെ ഖന്ന ന്യൂഡൽഹിയിൽ എം.പി സ്ഥാനത്ത് തുടർന്നു.
ഇന്നസെന്റ്
മലയാളികളുടെ പ്രിയപ്പെട്ട ഇന്നസെന്റ് 2014ൽ ഇടതുപക്ഷ പിന്തുണയോടെ ചാലക്കുടി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ലോക്സഭയിലെത്തി. 2019ൽ ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു.
ശാരദ
മലയാള സിനിമയിലെ ' ദുഃഖപുത്രി'. മൂന്ന് തവണ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി വിസ്മയിപ്പിച്ച ശാരദ 1996ൽ ആന്ധ്രാപ്രദേശിൽ തന്റെ ജന്മസ്ഥലമായ തെനാലിയിൽ നിന്ന് തെലുങ്ക് ദേശം പാർട്ടി ടിക്കറ്റിൽ മത്സരിച്ച് ലോക്സഭയിലെത്തിയിരുന്നു.
മുകേഷ്
നാടക നടൻ ഒ. മാധവന്റെ മകനായ മുകേഷ് സിനിമയ്ക്കൊപ്പം തന്നെ രാഷ്ട്രീയത്തിലും തിളങ്ങിയ വ്യക്തിയാണ്. 2016ൽ കൊല്ലം മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച മുകേഷ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലും കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
കെ.ബി. ഗണേഷ് കുമാർ
മുൻ മന്ത്രി ആർ ബാലകൃഷ്ണ പിള്ളയുടെ മകൻ. സിനിമയിൽ തിളങ്ങിയ ഗണേഷ് ഗതാഗതം, വനം മന്ത്രി പദവും അലങ്കരിച്ച് ശ്രദ്ധനേടി. 2001 മുതൽ പത്തനാപുരം നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് കേരള കോൺഗ്രസ് ( ബി ) നേതാവായ ഗണേഷ് കുമാർ.
സുരേഷ്ഗോപി
സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് നടൻ സുരേഷ്ഗോപിയെ ബി.ജെ.പി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. തുടർന്ന് തൃശൂർ ലോക്സസഭാ മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുരേഷ്ഗോപി എൻ.ഡി.എ സ്ഥാർനാർത്ഥിയായി മത്സരിച്ചിരുന്നു. ഇക്കുറി തൃശൂർ നിയമസഭാ മണ്ഡലത്തിലാണ് സുരേഷ്ഗോപി മത്സരിക്കുന്നത്. കേരളത്തിലെ എൻ.ഡി.എയുടെ താരപ്രചാരകരിൽ പ്രമുഖനാണ് സുരേഷ്ഗോപി . സിനിമയിൽ എന്നപോലെ പ്രചാരണത്തിനിടയിൽ സുരേഷ്ഗോപി പറയുന്ന തീപ്പൊരി ഡയലോഗുകൾ മാസ് ഹിറ്റാണ്.