
ദേശീയ ചലച്ചിത്ര അവാർഡുകളിൽ പതിമ്മൂന്നെണ്ണം കരസ്ഥമാക്കി മലയാളി ചലച്ചിത്ര പ്രവർത്തകർ ഇന്ത്യൻ സിനിമയിൽ മലയാളത്തിന്റെ യശ്ശസ് വീണ്ടും ഉയർത്തിയിരിക്കുകയാണ്.മികച്ച ചിത്രമടക്കം മൂന്ന് പുരസ്കാരങ്ങൾ പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം നേടി . സ്പെഷ്യൽഇഫക്ട്സിനുള്ളപുരസ്കാരം ഈ ചിത്രത്തിലൂടെ നേടിയ സിദ്ധാർത്ഥ് പ്രിയദർശന്റെ മകനാണെന്നത് ആഹ്ളാദകരമാണ് .അച്ഛനും മകനും ഒരുമിച്ച് ആദരിക്കപ്പെടുന്നത് അപൂർവ്വ നേട്ടമാണ്.നീണ്ട ഒരു ഇടവേളക്കുശേഷം ഗാനരചനയ്ക്കുള്ള പുരസ്ക്കാരം കോളാമ്പി എന്ന ചിത്രത്തിലൂടെ പ്രഭാവർമ്മ മലയാളത്തിലേക്കു കൊണ്ടു വന്നുവെന്നതും തിളക്കമാർന്ന നേട്ടമാണ്.ചെറുപ്പക്കാരായ ഗിരീഷ് ഗംഗാധരൻ, മാത്തുക്കുട്ടി സേവ്യർ, രാഹുൽ റിജി നായർ, സജിൻബാബു തുടങ്ങിയവരും അവാർഡ് ജേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു. മുഴുവൻ അവാർഡ് ജേതാക്കളെയും ഞങ്ങൾ ഹാർദ്ദമായി അഭിനന്ദിക്കുന്നു. പ്രിയങ്കരനായ നടൻ മോഹൻലാൽ സംവിധായകനാകുന്ന ബറോസിന്റെ പൂജ കഴിഞ്ഞു.ചിത്രീകരണം ആരംഭിക്കുകയാണ്. ചിത്രം വൻവിജയമാകട്ടെ എന്ന് ആശംസിക്കുന്നതിനൊപ്പം ഞങ്ങളുടെ ആത്മമിത്രമായ മോഹൻലാലിന് എല്ലാ ഭാവുകങ്ങളും നേരുന്നു.ഏവർക്കും വിഷു ദിനാശംസകൾ.