fire-station

തിരുവനന്തപുരം: കൂടുതൽ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വർക്കല ഫയർ സ്റ്റേഷൻ അടച്ചു. വർക്കല ഫയർസ്റ്റേഷനിലെ 41 അഗ്നിശമന സേനാംഗങ്ങളിൽ 35 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് മുൻകരുതലിന്റെ ഭാഗമായി ഫയർ സ്‌റ്റേഷൻ അടച്ചത്. ഇന്നലെ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ സേനാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുകയാണ്. രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പിടിയിലാണെന്നാണ് വിവരം. ദിവസങ്ങൾക്ക് മുമ്പ് വരെ കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാലുശതമാനത്തിൽ താഴെയായിരുന്നു. ഇന്നലെ ഇത് നാലുശതമാനത്തിന് മുകളിലാണ്. 4.14 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

തിരഞ്ഞെടുപ്പ് കാലമായതിനാൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ സംസ്ഥാനത്ത് നടക്കുന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗങ്ങളിലൊന്നും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നില്ല.