
സെൻസെക്‌സ് 1,128 പോയിന്റും നിഫ്‌റ്റി 337 പോയിന്റും കുതിച്ചു
കൊച്ചി: പ്രതികൂലവാദികളുടെ (താഴേക്ക് പതിക്കുന്ന കരടികൾ എന്ന് വിശേഷണം) കഴിഞ്ഞയാഴ്‌ചയിലെ അപ്രമാദിത്തത്തിന് തടയിട്ട് ശുഭാപ്‌തിവിശ്വാസികൾ (വിശേഷണം : മുന്നേറുന്ന കാളകൾ) കളംനിറഞ്ഞതോടെ ഇന്നലെ ഓഹരി വിപണി കാഴ്‌ചവച്ചത് വൻ കുതിപ്പ്. സെൻസെക്‌സ് 1,128 പോയിന്റ് മെച്ചപ്പെടുത്തി 50,136ലും നിഫ്‌റ്റി 337 പോയിന്റുയർന്ന് 14,845ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
ആഗോള-ആഭ്യന്തരതലങ്ങളിൽ നിന്ന് വെല്ലുവിളികൾ ഒട്ടേറെ നിറഞ്ഞെങ്കിലും ചില അനുകൂലഘടകങ്ങളിൽ പിടിച്ച് കാളകൾ കുതിക്കുകയായിരുന്നു. പലിശഭാരം താത്കാലം കൂട്ടില്ലെന്ന അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പ്രഖ്യാപനം, ചൈനയിൽ വ്യാവസായിക ഉത്‌പാദനത്തിലുണ്ടായ വളർച്ച, സാമ്പത്തിക വർഷാന്ത്യത്തിൽ സ്വാഭാവികമായുള്ള മ്യൂച്വൽഫണ്ടുകളുടെ ഉയർന്ന വാങ്ങൽ ട്രെൻഡ് എന്നിവയാണ് ഊർജമായത്.
ഡോളറിന്റെ അപ്രമാദിത്തം, വീണ്ടുമുയരുന്ന കൊവിഡ് ഭീതി, ബോണ്ട് യീൽഡുകളുടെ വർദ്ധന എന്നിവ ഓഹരികൾക്ക് കനത്ത ആശങ്കയാണ്. വരുംദിവസങ്ങളിൽ സൂചികകളിൽ ചാഞ്ചാട്ടത്തിന് ഇതുകാരണമായേക്കാം. ഐ.ടി., ലോഹം, ധനകാര്യ ഓഹരികളാണ് ഇന്നലെ നിക്ഷേപകർ വൻതോതിൽ വാങ്ങിക്കൂട്ടിയത്. എച്ച്.സി.എൽ ടെക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടി.സി.എസ്., ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്‌ലെ, എൻ.ടി.പി.സി എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികൾ.
രൂപയ്ക്ക് ക്ഷീണം
ഡോളറിന്റെ മുന്നേറ്റം രൂപയ്ക്ക് ഇന്നലെ ക്ഷീണമായി. 87 പൈസ ഇടിഞ്ഞ് 73.38ലാണ് രൂപയുള്ളത്. വാക്‌സിൻ വിതരണം, അമേരിക്കൻ ഉത്തേജക പാക്കേജ് എന്നിവയാണ് ഡോളറിന്റെ കരുത്ത്.
₹3.50 ലക്ഷം കോടി
സെൻസെക്‌സിലെ നിക്ഷേപകർക്ക് ഇന്നലെയുണ്ടായ നേട്ടം 3.50 ലക്ഷം കോടി രൂപ. 201.27 ലക്ഷം കോടി രൂപയിൽ നിന്ന് 204.77 ലക്ഷം കോടി രൂപയായി നിക്ഷേപകമൂല്യം ഉയർന്നു. കഴിഞ്ഞ രണ്ടു സെഷനുകളിൽ നിന്നുള്ള നേട്ടം 6.02 ലക്ഷം കോടി രൂപയാണ്.