kohli-rohit

വിരാട് കൊഹ്‌ലി- രോഹിത് ശർമ്മ പിണക്കം തീർത്തത് കൊവിഡ് ലോക്ക്‌ഡൗണും രവി ശാസ്ത്രിയും

മുംബയ് : ഇംഗ്ളണ്ടിനെതിരായ പരമ്പരകളിലെ ഇന്ത്യൻ വിജയങ്ങൾക്കുമപ്പുറം ആരാധകരെ സന്തോഷിപ്പിച്ച ഒരു കാര്യമാണ് നായകൻ വിരാട് കൊഹ്‌ലിയും ഉപനായകൻ രോഹിത് ശർമ്മയും തമ്മിലുള്ള സൗഹൃദം വീണ്ടും ശക്തമായിത്തീർന്നത്. കുറച്ചുനാൾ മുമ്പുവരെ ശരീരഭാഷയും സംസാരഭാഷയിലും ഇവർ തമ്മിൽ അത്ര ഇഴയടുപ്പമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഒന്നിച്ച് ഓപ്പണിംഗിന് ഇറങ്ങുന്നതിലേക്കും നിർണായക തീരുമാനങ്ങൾ ഒന്നിച്ചെടുക്കുന്നതിലേക്കും വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു.

ഇന്ത്യൻ ടീമിന്റെ ആണിക്കല്ലുകളെന്ന് വിശേഷിപ്പിക്കാവുന്ന ഈ രണ്ടു താരങ്ങളും സൗഹൃദത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയതിന്റെ കാരണം കൊവിഡ് ലോക്ക്ഡൗണിനെത്തുടർന്നുണ്ടായ ബയോ സെക്യുവർ ബബിൾ സാഹചര്യങ്ങളും പരിശീലകൻ രവി ശാസ്ത്രിയുടെ ബുദ്ധിപരമായ ഇടപെടലുകളുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ബയോ സെക്യുർ ബബിളിലെ ജീവിതം നിമിത്തം പരസ്പരം സംസാരിക്കാനും ഇടപഴകാനും ഇരുവർക്കും ഒട്ടേറെ സമയം ലഭിച്ചുവെന്നതാണ് ഇതിൽ പ്രധാനമായത്.സ്വാഭാവികമായ അഭിപ്രായ ഭിന്നതകൾ പരസ്‌പരം സംസാരിച്ചുതകർക്കാൻ രവി ശാസ്ത്രി ഇടപെടുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി.