aguero

ലണ്ടൻ: ഒരുപതിറ്റാണ്ടായി ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് മാഞ്ചസ്റ്റർ സിറ്റിയുടെ കുപ്പായമണിയുന്ന അർജന്റീനിയൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ ടീം വിടുന്നു. ജൂലായിൽ സിറ്റിയുമായുള്ള കരാർ അവസാനിക്കുമ്പോൾ അഗ്യൂറോ പുതിയ ക്ലബിലേക്ക് ചേക്കേറും.പരിക്കുകാരണം ഏറെനാളായി താരം സിറ്റിയ്ക്ക് വേണ്ടി കളിക്കുന്നില്ല.

2011-ൽ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് അഗ്യൂറോ സിറ്റിയിലെത്തിയത്. സിറ്റിയ്ക്കായി 384 മത്സരങ്ങളില്‍ നിന്നും 257 ഗോളുകളാണ് നേടിയത്. സിറ്റിയ്ക്കായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന റെക്കാഡ് അഗ്യൂറോയുടെ പേരിലാണ്. 32 കാരനായ അഗ്യൂറോ ഈ സീസണിൽ 14 മത്സരങ്ങളാണ് കളിച്ചത്. മൂന്നു ഗോളുകൾ നേടി.

മേയ് 23 നാണ് ഈ സീസണിലെ സിറ്റിയുടെ അവസാന പ്രീമിയർ ലീഗ് മത്സരം. അത് അഗ്യൂറോയുടെ വിടവാങ്ങൽ മത്സരമായി സിറ്റി നടത്തിയേക്കും.

സിറ്റിയ്ക്ക് വേണ്ടി പത്ത് സീസണുകളിൽ കളിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഈ കാലഘട്ടത്തിൽ ഒരു താരത്തിന് ഒരു ക്ലബ്ബിനുവേണ്ടി ഇത്രയും കാലം കളിക്കാൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ല. സിറ്റിയ്ക്കായി ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെന്നാണ് എന്റെ ആഗ്രഹം.

- സെർജിയോ അഗ്യൂറോ